'19കാരിയായ പാക് ഭാര്യയുടെ വിവരങ്ങൾ മറച്ചുവച്ചു'; കെടി സുലൈമാൻ ഹാജിക്കെതിരെ മന്ത്രി വി മുരളീധരൻ
"ലിബറലായ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം അത്ഭുതപ്പെടുത്തുന്നതാണ്"
കൊണ്ടോട്ടിയിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി കെടി സുലൈമാൻ ഹാജിക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ. പാക് സ്വദേശിനിയായ രണ്ടാം ഭാര്യയുടെ വിവരങ്ങൾ മറച്ചു വച്ച സ്ഥാനാർത്ഥിയുടെ നടപടിയിൽ വിശദീകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലാണ് മുരളീധരന്റെ പ്രതികരണം.
'നാമനിർദേശ പത്രികയിൽ രണ്ടാം ഭാര്യയായ പത്തൊമ്പതുകാരി പാക് സ്വദേശിനിയുടെ വിവരങ്ങൾ കെടി സുലൈമാൻ ഹാജി എന്ന കൊണ്ടോട്ടിയിലെ സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥി മറച്ചുവച്ചു. ഇക്കാര്യത്തിൽ ലിബറലായ മുഖ്യമന്ത്രി പിണറായി വിജയിന്റെ മൗനം അത്ഭുതപ്പെടുത്തുന്നതാണ്. എന്നാൽ വിഷയത്തിൽ കേരളജനതയ്ക്ക് വിശദീകരണം ആവശ്യമുണ്ട്. ഒരു വിദേശപൗരയുടെ ഐഡന്റിറ്റി മറച്ചുവച്ച സാഹചര്യത്തിൽ വിശേഷിച്ചും' - എന്നാണ് മുരളീധരന്റെ ട്വീറ്റ്.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, പാർലമെന്ററികാര്യ മന്ത്രി പ്രൽഹാദ് ജോഷി, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവരെ മുരളീധരൻ ടാഗ് ചെയ്തിട്ടുണ്ട്.
നേരത്തെ, ഇതേകാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് പരാതി നൽകിയിരുന്നു. എന്നാൽ പരാതി വിലയിരുത്തിയ ശേഷം വരണാധികാരി സുലൈമാൻ ഹാജിയുടെ പത്രിക സ്വീകരിക്കുകയായിരുന്നു. സ്ഥാനാർത്ഥിക്ക് എതിരായ ആരോപണങ്ങൾ തെറ്റാണെന്നും വരണാധികാരി വ്യക്തമാക്കി.