പോരാട്ടം ഇഞ്ചോടിഞ്ച്; ഫോട്ടോഫിനിഷിൽ കേരളം എൽഡിഎഫിനൊപ്പമെന്ന് രണ്ടാം സർവേ
പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരണമെന്നാണ് 40 ശതമാനം പേരും അഭിപ്രായപ്പെട്ടത്.
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ എൽ.ഡി.എഫ് സർക്കാർ കേരളത്തിൽ അധികാരം നിലനിർത്തുമെന്ന് മീഡിയവൺ - പൊളിറ്റിഖ് മാർക്ക് സർവേ. 140 മണ്ഡലങ്ങളിലും സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയ ശേഷം നടന്ന സർവേയിൽ നാൽപ്പത് ശതമാനം പേരാണ് എൽ.ഡി.എഫിന് ജയം പ്രവചിച്ചത്. യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് പ്രവചിച്ചത് 35 ശതമാനം പേരാണ്. സർവേയിൽ പങ്കെടുത്ത 11 ശതമാനം ആളുകൾ ബി.ജെ.പിക്ക് സാധ്യത കൽപ്പിച്ചു.
എൽ.ഡി.എഫിന് 73 മുതൽ 78 വരെ സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. യു.ഡി.എഫിന് 60 - 65 സീറ്റ് ലഭിക്കും. ബി.ജെ.പി 0 - 2 സീറ്റു നേടും. മറ്റുള്ളവർ ഒന്ന്. 42 - 44 ശതമാനമാണ് എൽ.ഡി.എഫിന്റെ വോട്ട് ഓഹരി. 39 - 41 ശതമാനം വോട്ട് യു.ഡി.എഫിന് ലഭിക്കുമെന്നും സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. 15-17 ശതമാനമാണ് ബി.ജെ.പിയുടെ വോട്ട് ഓഹരി.
50 ശതമാനം പേർ കേരളത്തിൽ ഭരണമാറ്റം ആവശ്യമില്ലെന്ന് പ്രതികരിച്ചു. 47 ശതമാനം പേർ ഭരണമാറ്റം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ മൂന്നു ശതമാനം പേർ പ്രതികരിച്ചില്ല. ഭരണമാറ്റം വേണമെന്ന് കൂടുതലും ആവശ്യപ്പെട്ടത് മുസ്ലിംകളാണ്, 62 ശതമാനം പേർ. 36 ശതമാനം പേർ ആവശ്യമില്ലെന്ന് അഭിപ്രായപ്പെട്ടു. രണ്ടു ശതമാനം പേർ പ്രതികരിച്ചില്ല.
ക്രിസ്ത്യൻ മതവിഭാഗത്തിൽ 51 ശതമാനം പേരാണ് സർക്കാർ മാറണെന്ന അഭിപ്രായം പങ്കുവച്ചത്. 45 ശതമാനം പേർ ആവശ്യമില്ലെന്ന് പ്രതികരിച്ചപ്പോൾ നാലു ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല. 56 ശതമാനം ഹിന്ദുക്കൾ ഭരണമാറ്റം വേണ്ടെന്ന് അഭിപ്രായപ്പെട്ടു. 43 ശതമാനം പേർ ഭരണമാറ്റത്തിനു വേണ്ടി സംസാരിച്ചപ്പോൾ ഒരു ശതമാനം പേർ പ്രതികരിച്ചില്ല.
മുഖ്യമന്ത്രിയായി പിണറായി
പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരണമെന്നാണ് 40 ശതമാനം പേരും അഭിപ്രായപ്പെട്ടത്. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് രണ്ടാം സ്ഥാനത്ത്; 25 ശതമാനം പേരുടെ പിന്തുണ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവണമെന്ന് 10 ശതമാനം പേർ അഭിപ്രായം പ്രകടിപ്പിച്ചു. ബി.ജെ.പിയിൽ ചേർന്ന ഇ ശ്രീധരൻ മുഖ്യമന്ത്രിയാകണമെന്ന് അഞ്ച് ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന് ഒരു ശതമാനമാളുകളുടെ പിന്തുണ ലഭിച്ചു. 19 ശതമാനം പേർ മറ്റുള്ളവരെയാണ് പിന്തുണച്ചത്.
ഹിന്ദു മതവിഭാഗങ്ങൾക്കിടയിലാണ് പിണറായിക്ക് ജനപ്രീതി കൂടുതൽ. ഹിന്ദുക്കളിൽ 46 ശതമാനം പേർ പിണറായിയാകണം അടുത്ത മുഖ്യമന്ത്രി എന്ന് അഭിപ്രായം രേഖപ്പെടുത്തി. 15 ശതമാനം പേർ ഉമ്മൻചാണ്ടിയെയും പത്തു ശതമാനം പേർ രമേശ് ചെന്നിത്തലയെയും പിന്തുണച്ചു. ഏഴു ശതമാനം പേർ ഇ ശ്രീധരനെയും രണ്ടു ശതമാനം പേർ കെ സുരേന്ദ്രനെയും അനുകൂലിച്ചു.
മുസ്ലിം - ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കിടയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ പേരും പിന്തുണച്ചത് ഉമ്മൻചാണ്ടിയെയാണ്. 36 ശതമാനം മുസ്ലിംകളും 34 ശതമാനം ക്രിസ്ത്യാനികളും ഉമ്മൻചാണ്ടി അടുത്ത മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു. പിണറായിക്ക് 32 ശമതാനം വീതം പിന്തുണയാണ് ഇരുസമുദായങ്ങളിൽ നിന്നും ലഭിച്ചത്.
മുസ്ലിംകളിൽ പതിനൊന്ന് ശതമാനം പേർ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചു. കെ സുരേന്ദ്രന് ഒരു ശതമാനം പിന്തുണ പോലും ലഭിച്ചില്ല. ഇ ശ്രീധരൻ മുഖ്യമന്ത്രിയാകണം എന്ന് ഒരു ശതമാനം പേർ അഭിപ്രായപ്പെട്ടു.
ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കിടയിൽ പതിനൊന്ന് ശതമാനം പേരാണ് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചത്. ഇ ശ്രീധരന് നാലു ശതമാനം പേരുടെയും സുരേന്ദ്രന് ഒരു ശതമാനം പേരുടെയും പിന്തുണ കിട്ടി.
സ്ഥാർത്ഥി പട്ടിക മികച്ചത് എൽ.ഡി.എഫിന്റേത്
എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി പട്ടിക മികച്ചതാണെന്ന് 63 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. മുപ്പത് ശതമാനം പേർ മോശമാണെന്ന അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ ഏഴു ശതമാനം പേർ പ്രതികരിച്ചില്ല.
യു.ഡി.എഫിന്റെ സ്ഥാനാർത്ഥി പട്ടിക മികച്ചതാണ് എന്ന് 46 ശതമാനം പേർ അഭിപ്രായപ്പെട്ടു. അത്രയും ശതമാനം പേർ പട്ടിക മോശമാണ് എന്ന അഭിപ്രായവും രേഖപ്പെടുത്തി. എട്ടു ശതമാനം പേർ പ്രതികരിച്ചില്ല.
ഉത്തര, മധ്യ, ദക്ഷിണ കേരളത്തിൽ അറുപത് ശതമാനത്തിലേറെ പേരും (യഥാക്രമം 60, 66, 62 ശതമാനം) എൽ.ഡി.എഫ് പട്ടിക മികച്ചതാണ് എന്ന അഭിപ്രായമാണ് പങ്കുവച്ചത്. യു.ഡി.എഫിന് ഇത് യഥാക്രമം 43, 46, 46 ശതമാനമാണ്.
യു.ഡി.എഫിനുള്ളിലെ ആഭ്യന്തര തർക്കങ്ങൾ ആ മുന്നണിക്ക് വിനയാകുമെന്ന് 52 ശതമാനം പേർ അഭിപ്രായപ്പെട്ടു. തർക്കങ്ങൾ പ്രശ്നങ്ങളുണ്ടാക്കില്ല എന്നാണ് 38 ശതമാനം പേരുടെ പ്രതികരണം. പത്തു ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.
എൽ.ഡി.എഫിലെ ആഭ്യന്തര തർക്കങ്ങൾ പ്രതികൂലമായി ബാധിക്കുമെന്ന് അഭിപ്രായപ്പെട്ടത് 35 ശതമാനം പേരാണ്. അമ്പത്തിയഞ്ച് ശതമാനം പേർ തർക്കങ്ങൾ ബാധിക്കില്ലെന്ന് പ്രതികരിച്ചു. പത്തു ശതമാനം പേർ.
ജോസിന്റെ വരവ് ഗുണം ചെയ്യും
ജോസ് കെ മാണിയുടെ വരവ് എൽ.ഡി.എഫിന് ഗുണം ചെയ്യുമെന്നാണ് 56 ശതമാനം പേരും അഭിപ്രായപ്പെട്ടത്. 37 ശതമാനം പേർ ഗുണം ചെയ്യില്ല എന്ന് പ്രതികരിച്ചപ്പോൾ ഏഴു ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.
തുറുപ്പു ചീട്ടാകുമോ മുരളി
ബി.ജെ.പിയുടെ സിറ്റിങ് മണ്ഡലമായ നേമത്ത് കെ മുരളീരന്റെ സ്ഥാനാർത്ഥിത്വം യു.ഡി.എഫിന് ഗുണകരമാകുമോ എന്ന ചോദ്യത്തിന്, ഇല്ല എന്ന് അഭിപ്രായം രേഖപ്പെടുത്തിയത് 28 ശതമാനം പേരാണ്. 27 ശതമാനം പേർ അതേ എന്ന് പ്രതികരിച്ചപ്പോൾ 26 ശതമാനം പേർ ഉണ്ടാകാം എന്ന അഭിപ്രായം രേഖപ്പെടുത്തി. 19 ശതമാനം പേർ പ്രതികരിച്ചില്ല.
ബിജെപിയെ നേരിടാൻ എൽഡിഎഫ് തന്നെ
ബി.ജെ.പിയെ നേരിടാൻ ഏറ്റവും മികച്ച മുന്നണി എൽ.ഡി.എഫാണ് എന്നാണ് സർവേയിൽ പങ്കെടുത്ത 59 ശതമാനം പേരും പ്രതികരിച്ചത്. 35 ശതമാനം പിന്തുണ മാത്രമാണ് യു.ഡി.എഫിന് കിട്ടിയത്. അഞ്ചു ശതമാനം പേർ പ്രതികരിച്ചില്ല. ബി.ജെ.പിയെ നേരിടാനുള്ള ശേഷി എൽ.ഡി.എഫിനാണെന്ന് ഹിന്ദുക്കളിലെ 66 ശതമാനം പേരും അഭിപ്രായപ്പെട്ടു.
എന്നാൽ യു.ഡി.എഫാണ് ഇക്കാര്യത്തിൽ മികച്ചത് എന്നാണ് 49 ശതമാനം മുസ്ലിംകൾ അഭിപ്രായപ്പെട്ടത്. 47 ശമതാനം മുസ്ലിംകൾ എൽ.ഡി.എഫിനെ പിന്തുണച്ചു. ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കിടയിൽ 56 ശമതാനം പേർ എൽ.ഡി.എഫിനെ പിന്തുണച്ചു. 39 ശതമാനം പേർ മാത്രമാണ് യു.ഡി.എഫിനൊപ്പം നിന്നത്.
ബിജെപിയും ഇടതുമുന്നണിയും തെരഞ്ഞെടുപ്പിൽ ധാരണയുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് അഭിപ്രായപ്പെട്ടത് 52 ശതമാനം പേരാണ്. ഉണ്ടെന്ന് 21 ശതമാനം പേർ അഭിപ്രായപ്പെട്ടു. 27 ശതമാനം പേർ പ്രതികരിച്ചില്ല.
പരിഗണനാ വിഷയങ്ങൾ എന്തെല്ലാം?
അടുത്ത തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുമ്പോൾ പരിഗണിക്കുന്ന പ്രധാന വിഷയങ്ങളിൽ മുന്നിൽ നിന്നത് എൽ.ഡി.എഫ് സർക്കാറിന്റെ ജനക്ഷേമ പരിപാടികളാണ്. 33 ശതമാനം പേരുടെ പിന്തുണയാണ് ഇതിന് ലഭിച്ചത്. അഴിമതിയും സ്വജനപക്ഷപാതവും വിഷയമാണെന്ന് 24 ശതമാനം പേർ അഭിപ്രായപ്പെട്ടു. സ്വർണക്കടത്ത് പോലുള്ള വിഷയങ്ങൾ പരിഗണനാ വിഷയങ്ങൾ ആകുമെന്ന് അഭിപ്രായപ്പെട്ടത് 11 ശതമാനം പേരാണ്.
മറ്റു പ്രശ്നങ്ങൾ ഇങ്ങനെ; തൊഴിലില്ലായ്മ- അഞ്ചു ശതമാനം. മുഖ്യമന്ത്രി പിണറായി വിജയന് ബദലില്ലാത്തത് - ആറു ശതമാനം. നരേന്ദ്രമോദിയുടെ സ്വാധീനം - രണ്ടു ശമതാനം. മറ്റുള്ളവ- രണ്ടു ശതമാനം. അഞ്ചു വർഷത്തിന് ശേഷം ഭരണമാറ്റം- 17 ശതമാനം.
നാളെ വോട്ടെടുപ്പ് നടന്നാൽ
നാളെ വോട്ടെടുപ്പ് നടന്നാൽ എൽഡിഎഫിന് വോട്ടു ചെയ്യുമെന്ന് സർവേയിൽ പങ്കെടുത്ത 40 ശതമാനം പേരും അഭിപ്രായപ്പെട്ടു. 35 ശതമാനം പേർ പിന്തുണച്ചത് യുഡിഎഫിനെയാണ്. 11 ശതമാനം പിന്തുണയാണ് ബിജെപിക്കു കിട്ടിയത്. 14 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.
ഹിന്ദുക്കളിൽ 45 ശതമാനം പേരും അനുകൂലിച്ചത് എൽഡിഎഫിനെയാണ്. 26 ശതമാനം പേരുടെ പിന്തുണ മാത്രമാണ് യുഡിഎഫിന് കിട്ടിയത്. 18 ശതമാനം പേർ ബിജെപിക്ക് അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തി. 11 ശതമാനം പേർ പ്രതികരിച്ചില്ല.
അതേസമയം, 52 ശതമാനം മുസ്ലിംകളും സർവേയിൽ യുഡിഎഫിനൊപ്പം നിന്നു. മുസ്ലിംകളിൽ 31 ശതമാനം പേരുടെ പിന്തുണ മാത്രമാണ് എൽഡിഎഫിന് കിട്ടിയത്. 0.5 ശതമാനം ആളുകൾ മാത്രമാണ് ബിജെപിയെ പിന്തുണച്ചത്. 16 ശമതാനം പേർ പ്രതികരിച്ചില്ല.
ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കിടയിൽ 42 ശതമാനം വീതം ആളുകൾ എൽഡിഎഫിനെയും യുഡിഎഫിനെയും പിന്തുണച്ചു. ബിജെപിക്ക് കിട്ടിയത് 0.5 ശതമാനം പേരുടെ പിന്തുണ. 15 ശതമാനം ആളുകൾ പ്രതികരിച്ചില്ല.