വിമോചന സമരത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാർട്ടികള്‍ക്ക് വോട്ടുകൂടി: എന്‍.എസ്.എസിനെ വിമോചനസമരം ഓർമിപ്പിച്ച് കാനം
എന്‍എസ്എസിന് അവരുടേതായ രാഷ്ട്രീയമുണ്ട്. അതാണ് അവർ പ്രകടിപ്പിക്കുന്നത്.
എന്‍എസ്എസിന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വിമോചന സമരത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 1957 നേക്കാള്‍ വോട്ട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ലഭിച്ചു. അധികാരത്തില്‍ വന്നില്ലെങ്കിലും കൂടുതല്‍ വോട്ട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ലഭിച്ചു. നേതൃപരമായ കഴിവ് എന്ന് പറയുന്നത് താഴെ തട്ടില്‍ നടക്കുന്നത് മനസ്സിലാക്കുക എന്നത് കൂടിയാണ്. എന്‍എസ്എസ് പേരെടുത്ത് വിമർശിച്ചത് തന്നോട് സ്നേഹമുള്ളത് കൊണ്ടാണെന്നു കാനം പറഞ്ഞു.
എന്‍എസ്എസിന് അവരുടേതായ രാഷ്ട്രീയമുണ്ട്. അതാണ് അവർ പ്രകടിപ്പിക്കുന്നത്. ഒരു അഭിപ്രായത്തോടും കമ്മ്യൂണിസ്റ്റുകാര്‍ക്ക് അസഹിഷ്ണുണതയില്ല. ഒരു കോടതി വിധിയോടും സർക്കാർ എതിർപ്പ് കാണിച്ചിട്ടില്ല. ശബരിമല കേസില്‍ പരാജയപ്പെട്ടുവെന്നത് പറഞ്ഞതില്‍ വേദനയുണ്ടാക്കിയെങ്കില്‍ മാറ്റിപ്പറയാം. ആർഎസ്എസിന്‍റെ വനിത അഭിഭാഷകര്‍ നല്‍കിയ കേസ് ജയിച്ചുവെന്ന് പറയാമെന്നും കാനം. എല്ലാ മത വിശ്വാസികള്‍ക്കും ആരാധന നടത്താനുള്ള സൗകര്യം ഉണ്ടാകണം.1991 ല്‍ സ്ത്രീപ്രവേശനം വേണ്ടെന്ന വിധി വന്നപ്പോള്‍ സർക്കാർ അപ്പീല്‍ പോയില്ല. ഒരു കോടതി വിധിയോടും സർക്കാർ എതിർപ്പ് കാണിച്ചിട്ടില്ല. ശബരിമല ഈ തെരഞ്ഞെടുപ്പില്‍ പ്രചരണ വിഷയമല്ലെന്നും കാനം രാജേന്ദ്രന്‍ മീഡിയവണിനോട് പറഞ്ഞു.
600 രൂപ കൃത്യമായി കൊടുക്കാത്തവരാണ് 6000 രൂപ കൊടുക്കുമെന്ന് പറയുന്നത്. ന്യായ് പദ്ധതി നടപ്പാക്കിയാല്‍ സബ്സിഡികള്‍ ഇല്ലാതാകും. സബ്സിഡികള്‍ ഇല്ലാതാക്കി പണം നല്‍കുമെന്നാണ് യുഡിഎഫിന്‍റെ വാഗ്ദാനം. ഏത് പദ്ധതിയാണ് മികച്ചതെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും കാനം പറഞ്ഞു.
കൈപ്പമംഗലത്തെ യുഡിഎഫ് സ്ഥാനാർത്ഥിക്കുള്ള മൂന്ന് വോട്ടുകളെപ്പറ്റി രമേശ് ചെന്നിത്തല അന്വേഷിക്കുമോയെന്നും കാനം രാജേന്ദ്രൻ ചോദിച്ചു. മൂന്ന് വോട്ടും രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകളുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഉള്ളത്. രമേശ് ചെന്നിത്തല ഇത് അന്വേഷിച്ച് ഫോട്ടോ പ്രസിദ്ധീകരിക്കുമോ എന്നും കാനം ചോദിച്ചു. കാനം രാജേന്ദ്രനുമായുള്ള അഭിമുഖത്തിന്‍റെ പൂർണ രൂപം ഇന്ന് രാവിലെ 9.30 ന് കാണാം...