വ്യാജവോട്ടില്‍ നടപടിയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍
മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അടക്കമുള്ളവർ എൽ.ഡി.എഫിന് വേണ്ടി പ്രവർത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി
കേരളത്തിലെ വോട്ടർ പട്ടികയിലെ ക്രമക്കേട് പരിശോധിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ നടപടി. കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അടക്കമുള്ളവർ എൽ.ഡി.എഫിന് വേണ്ടി പ്രവർത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
കേരളത്തിലെ ഇടതുപക്ഷം തെരഞ്ഞെടുപ്പ് സംവിധാനത്തെ തകർക്കുന്നുവെന്ന ആരോപണമാണ് കോൺഗ്രസ് ദേശീയ നേതൃത്വം ഉന്നയിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ അടക്കമുള്ള ഉദ്യോഗസ്ഥർ ഭാഗികമായെങ്കിലും ഇതിന് കൂട്ട് നില്കുന്നു.
ഓരോ മണ്ഡലത്തിലും ജയപരാജയങ്ങൾ ചെറിയ വോട്ടിനായിരിക്കും എന്നതിനാൽ കള്ള വോട്ട് വിഷയം ഗൗരവമായി പരിഗണിക്കണമെന്ന് കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകി. വോട്ടർ പട്ടിക ഒരാഴ്ചക്കുള്ളിൽ ശരിയാക്കണം, ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വ്യാജവോട്ട് പരാതിയിൽ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം തേടി. ഹരജി തിങ്കളാഴ്ച പരിഗണിക്കും.