ഖത്തർ ലോകകപ്പ് നേരിട്ട് കാണിക്കും; കൊണ്ടോട്ടി എൽ.ഡി.എഫ് സ്ഥാനാർഥിയുടെ വാഗ്ദാനം
മണ്ഡലത്തിലെ എല്ലാ ക്ലബുകളെയും ഉൾപ്പെടുത്തിയുള്ള എം.എൽ.എ ട്രോഫി എന്ന ഫുട്ബോൾ ടൂർണ്ണമെന്റാണ് പത്രികയിലെ താരം.
കൊണ്ടോട്ടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി കാട്ടുപരുത്തി സുലൈമാൻ ഹാജിയുടെ മണ്ഡല വികസന രേഖ പുറത്തിറക്കി. കൊണ്ടോട്ടിയിൽ നടന്ന ചടങ്ങിൽ മുതിർന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടിയാണ് രേഖ പ്രകാശനം ചെയ്‌തത്. കൊണ്ടോട്ടി മണ്ഡലത്തിന്റെ സമഗ്ര വികസനം മുന്നോട്ട് വയ്ക്കുന്നതാണ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ.
കൊണ്ടോട്ടിയെ ഒരു എയർപോർട് സിറ്റിയാക്കി മാറ്റുന്നതിനുള്ള മാസ്റ്റർ പ്ലാൻ. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി വലിയ തോട് നവീകരണം, ഗതാഗതകുരുക്കിനുള്ള പരിഹാരം ഉൾപ്പെടെ വികസന രേഖ വാഗ്ദാനം ചെയ്യുന്നു. ആരോഗ്യ മേഖലയിലെ കൊണ്ടോട്ടിയുടെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് ഒപ്പം കായിക രംഗത്ത് കൊണ്ടോട്ടിക്ക് മുന്നേറ്റം വെക്കാനുള്ള പദ്ധതികളും വികസന രേഖ മുന്നോട്ട് വെക്കുന്നു.
ഫുട്ബാൾ ഗ്രൗണ്ട് ഉൾപ്പെടുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ സ്പോർട്സ് കോംപ്ലക്സിന് പുറമെ മണ്ഡലത്തിലെ എല്ലാ ക്ലബുകളെയും ഉൾപ്പെടുത്തി എം.എൽ.എ ട്രോഫി എന്ന പേരിലുള്ള ഫുട്ബോൾ ടൂർണ്ണമെന്റാണ് പത്രികയിലെ ശ്രദ്ധേയമായ മറ്റൊരു വാഗ്ദാനം.
2022 ലെ പ്രഥമ എംഎൽഎ ട്രോഫി ടൂർണമെന്റിൽ വിജയിക്കുന്ന ടീമിന് ഖത്തറിൽ നടക്കുന്ന ലോകകപ്പ് അവിടെ പോയി നേരിൽ കാണാൻ അവസരം നൽകുമെന്നും വികസന രേഖ വ്യക്തമാകുന്നു.