കിറ്റ്, വോട്ട് ലക്ഷ്യം വെച്ചെന്ന് യുഡിഎഫ്; പ്രതിപക്ഷം അന്നം മുടക്കുന്നുവെന്ന് എൽഡിഎഫ്
വിഷു കിറ്റ് വിതരണം അടുത്ത മാസത്തേക്ക് നീട്ടി
കിറ്റ് വിതരണവുമായി ബന്ധപ്പെട്ട വിഷയം സജീവ തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കി എല്‍ഡിഎഫും യുഡിഎഫും. സാധാരണക്കാരുടെ അന്നം മുടക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന പ്രചരണം ശക്തമാക്കാനാണ് എല്‍ഡിഎഫ് തീരുമാനം. വോട്ട് ലക്ഷ്യം വച്ച് നേരത്തെ നല്‍കേണ്ട ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ തടഞ്ഞ് വച്ചുവെന്നാണ് പ്രതിപക്ഷത്തിന്‍റെ മറുപടി.
ലിംഗസമത്വമെന്ന നിലപാടില്‍ നിന്ന് മാറ്റമില്ലെന്ന സിപിഐ നേതാവ് ആനിരാജയുടെ പ്രസ്താവനയോടെ ശബരിമല വിഷയം വീണ്ടും പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്.
കിറ്റ് വിതരണവും, സ്കൂളുകളുടെ അരി വിതരണവും, ക്ഷേമ പെന്‍ഷന്‍ നല്‍കലും നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത് പ്രധാനപ്പെട്ട പ്രചരണ വിഷയമാക്കി എടുക്കാനാണ് ഇടത് മുന്നണിയുടെ തീരുമാനം. പ്രതിപക്ഷം സാധാരണക്കാരുടെ അന്നം മുടക്കുന്നുവെന്ന പ്രചരണം തെരഞ്ഞെടുപ്പ് രംഗത്ത് ഉയര്‍ത്തി യുഡിഎഫിനെ പ്രതിരോധത്തിലാക്കാനാണ് എല്‍ഡിഎഫ് തീരുമാനം. സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള വീടുകള്‍ കയറിയുള്ള പ്രചരണത്തില്‍ ഇത് പ്രധാന ആയുധമാക്കും. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന പ്രചരണതന്ത്രം തെരഞ്ഞെടുപ്പ് സമയത്ത് ഗുണം ചെയ്യുമെന്നാണ് മുന്നണിയുടെ കണക്ക് കൂട്ടല്‍.
എന്നാല്‍ ജനങ്ങള്‍ക്ക്, നേരത്തെ നല്‍കേണ്ട ആനുകൂല്യങ്ങള്‍ തടഞ്ഞ് വെച്ച ശേഷം തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് ലക്ഷ്യം വച്ച് സര്‍ക്കാര്‍ അത് നല്‍കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ കുറ്റപ്പെടുത്തല്‍. ജനങ്ങള്‍ക്ക് ആനൂകൂല്യം നല്‍കുന്നതിനെയല്ല എതിര്‍ക്കുന്നതെന്നും എന്നാല്‍ വോട്ട് ലക്ഷ്യം വെച്ചുള്ള സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തെ തുറന്ന് കാണിക്കുകയാണ് ചെയ്യുന്നതെന്നുമാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്.
അതിനിടെയാണ് ശബരിമലയിലെ ലിംഗ സമത്വ നിലപാടില്‍ മാറ്റമില്ലെന്ന പ്രസ്താവനയുമായി സിപിഐ നേതാവ് ആനി രാജ രംഗത്ത് വന്നത്. ആനി രാജയുടെ നിലപാട് സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ടേയെന്ന ചോദ്യമുന്നയിച്ചാണ് പ്രതിപക്ഷം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ശ്രമിക്കുന്നത്.