ഒരാള്‍ ഒന്നിലധികം വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം; ഇരട്ട വോട്ടില്‍ ഇടക്കാല ഉത്തരവ്
ഇതിനാവശ്യമായ നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു
ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇതിനാവശ്യമായ നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു. ഇരട്ട വോട്ട് വിഷയത്തിൽ രമേശ് ചെന്നിത്തല നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
പൗരന്മാരുടെ അവകാശം സംബന്ധിച്ച ഗൗരവമുള്ള ഒരു വിഷയമാണിത് എന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് നാളെ വീണ്ടും പരിഗണിക്കും.
വോട്ടർ പട്ടികയിൽ വ്യാജമായി ചേർത്ത പേരുകൾ നീക്കണമെന്നും ഇതിനുത്തരവാദികളായവരെ ശിക്ഷിക്കണമെന്നുമാവശ്യപ്പെട്ടാണ് ചെന്നിത്തല ഹരജി നല്‍കിയത്. 131 മണ്ഡലങ്ങളിലായി 4.34 ലക്ഷത്തിലധികം പേരെ വ്യാജമായി പട്ടികയിൽ ചേർത്തിട്ടുണ്ട്.ഇക്കാര്യം വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർക്കും ചീഫ് ഇലക്ടറൽ ഓഫീസർക്കും കത്തുകൾ നൽകിയെങ്കിലും മറുപടിയുണ്ടായില്ലെന്നും ഹരജിയിൽ പറയുന്നു.
വോട്ടർപട്ടികയിൽ വ്യാജമായി പേര് ചേർത്തിട്ടുണ്ടെന്ന ആരോപണം ശരിയാണെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സമ്മതിച്ചിട്ടുണ്ട്. വ്യാജമായി ചേർത്ത പേരുകൾ പട്ടികയിൽ നിന്ന് നീക്കുകയോ മരവിപ്പിക്കുകയോ വേണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി വേണമെന്നുമാണ് പ്രതിപക്ഷ നേതാവിന്‍റെ ആവശ്യം.