പാലാ നഗരസഭയിൽ കേരള കോൺഗ്രസ് (എം) - സിപിഎം തമ്മിൽത്തല്ല്
സ്റ്റാൻഡിങ് കമ്മിറ്റി കൂടുന്നതിലെ തർക്കമാണ് കൈയ്യാങ്കളിയിൽ കലാശിച്ചത്
പാലാ നഗരസഭയിൽ ഭരണപക്ഷ കൗൺസിലർമാർ തമ്മിൽത്തല്ല്. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം ചേർന്നതു സംബന്ധിച്ച തർക്കമാണ് തല്ലിൽ കലാശിച്ചത്. കേരള കോണ്‍ഗ്രസ്-എമ്മിലെ ബൈജു കൈല്ലംപറമ്പിലും സിപിഎമ്മിലെ ബിനു പിളിക്കക്കണ്ടവും തമ്മിലായിരുന്നു വാക്കേറ്റവും കൈയാങ്കളിയും. മറ്റ് കൗണ്‍സിലർമാർ ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. തർക്കത്തെ തുടർന്ന് കൗണ്‍സിൽ യോഗം മുടങ്ങി.
നഗരസഭാ കൗണ്‍സിൽ യോഗത്തിനിടെ ഭരണകക്ഷി അംഗങ്ങൾ തമ്മിലടിച്ച സംഭവത്തിന് പിന്നാലെ വൈകിട്ട് സി.പി.എം-കേരള കോണ്‍ഗ്രസ്-എം പ്രതിനിധികൾ സംയുക്തയോഗം വിളിച്ചു. സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലാണ് യോഗം ചേരുന്നത്. യോഗത്തിന് ശേഷം നേതാക്കൾ സംയുക്തമായി മാധ്യമപ്രവർത്തകരെയും കാണും. ഭരണകക്ഷിയിലെ കൗണ്‍സിലർമാരും പ്രാദേശിക നേതാക്കളും ചർച്ചയിൽ പങ്കെടുക്കും. കൗണ്‍സിൽ യോഗത്തിലെ തർക്കം നിയമസഭാ തെരഞ്ഞെടുപ്പി ബാധിക്കാതിരിക്കാനാണ് അടിയന്തര യോഗം പാർട്ടികൾ സംയുക്തമായി വിളിച്ചുചേർക്കുന്നത്.