ചർച്ചയ്ക്കായി കുഞ്ഞാലിക്കുട്ടിയും മാണിയും നേരിട്ടെത്തി; കോലീബി സഖ്യത്തിൽ വെളിപ്പെടുത്തലുമായി സി.കെ പത്മനാഭൻ
"ന്യൂനപക്ഷ വോട്ടുകൾക്കായി ബിജെപിയെ തള്ളിപ്പറയുന്ന രീതിയാണ് കോൺഗ്രസിന്റേത്"
കണ്ണൂർ: കോലീബി സഖ്യത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി ബിജെപി നേതാവ് സി.കെ പത്മനാഭൻ. 1991ന് പുറമേ, 2001ലും കോൺഗ്രസ് വോട്ടുധാരണയ്ക്കായി ബന്ധപ്പെട്ടിരുന്നതായി പത്മനാഭൻ വെളിപ്പെടുത്തി. കാസർക്കോട് നടന്ന ചർച്ചയിൽ പികെ കുഞ്ഞാലിക്കുട്ടിയും അന്തരിച്ച കെഎം മാണിയുമാണ് പങ്കെടുത്തതെന്ന് അദ്ദേഹം ആരോപിച്ചു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കോൺഗ്രസുകാർ ബി.ജെ.പി വോട്ടുകൾക്കായി ശ്രമം നടത്താറുണ്ട്. 1991 ൽ താൻ കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്നു. മാരാർജി മഞ്ചേശ്വരത്ത് നിയമസഭ സീറ്റിൽ സ്ഥാനാർഥിയിയാരുന്നു. അന്ന് കോൺഗ്രസും ലീഗുമായി ധാരണ ഉണ്ടായിരുന്നതായി ഞങ്ങൾക്ക് വിവരം കിട്ടി. അപ്പോൾ മാരാർജി ജയിക്കും. ഞങ്ങൾക്ക് വളരെ സന്തോഷമായി. പക്ഷെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ സാഹചര്യങ്ങൾ എല്ലാം മാറി. കോൺഗ്രസുകാർ ഞങ്ങളെ പറ്റിക്കുകയായിരുന്നു. 2001 ലെ തിരഞ്ഞെടുപ്പിൽ ഞാൻ മഞ്ചേശ്വരത്ത് സ്ഥാനാർഥിയാണ്. അന്ന് കോൺഗ്രസും ലീഗും വീണ്ടും സഖ്യത്തിനായി വന്നു. മാണി സാർ, കുഞ്ഞാലിക്കുട്ടി, പി.പി മുകുന്ദൻ, ബി.ജെ.പിയുടെ കേരള ചുമതലയുണ്ടായിരുന്ന വേദപ്രകാശ് ഗോയൽ എന്നിവർ യോഗം ചേർന്നു. സി.പി.എം വിരുദ്ധ വോട്ടുകളിലായിരുന്നു അവരുടെ ലക്ഷ്യം' - സികെ പത്മനാഭൻ പറഞ്ഞു.
ന്യൂനപക്ഷ വോട്ടുകൾക്കായി ബിജെപിയെ തള്ളിപ്പറയുന്ന രീതിയാണ് കോൺഗ്രസിന്റേത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസിനും ലീഗിനും തങ്ങളുടെ വോട്ടു വേണമായിരുന്നു. എന്നാൽ 1991 ആവർത്തിക്കാനാണ് ലക്ഷ്യമെങ്കിൽ ഒരു സഖ്യത്തിനുമില്ലെന്ന് താൻ നിലപാടെടുത്തു- അദ്ദേഹം വ്യക്തമാക്കി.