2020 ല്‍ കേരളത്തില്‍ നടന്നത് 506 മതംമാറ്റം; 47 ശതമാനം പേരും മാറിയത് ഹിന്ദുമതത്തിലേക്ക്
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നടന്ന മതം മാറ്റങ്ങളില്‍ കൂടുതലും ഹിന്ദുമതത്തിലേക്കായിരുന്നുവെന്നാണ് ഔദ്യോഗിക രേഖകള്‍ പറയുന്നത്.
കേരളത്തിൽ ലൗ ജിഹാദ് സംഭവങ്ങൾ അധികരിച്ചുവെന്നും ലവ് ജിഹാദിനെതിരെ നിയമ നിർമാണം നടത്താനോ നടപടി എടുക്കാനോ കേരള സര്‍ക്കാര്‍ തയ്യാറാകുന്നുമില്ലെന്നായിരുന്നു കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രധാന ആരോപണം. യു.പിയില്‍ ലവ് ജിഹാദിനെതിരെ ബിജെപി നിയമനിര്‍മാണം നടത്തിയിട്ടും കേരളത്തില്‍ അത്തരത്തില്‍ ഒന്നിന് സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. മതപരിവര്‍ത്തനത്തിനെതിരെ യുപി മോഡല്‍ നിയമനിര്‍മ്മാണം കൊണ്ടുവരുമെന്നായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. എന്നാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മതംമാറ്റം നടക്കുന്നത് ഹിന്ദുമതത്തിലേക്കാണെന്ന് ഔദ്യോഗിക കണക്കുകള്‍ ചൂണ്ടിക്കാട്ടി ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗസറ്റ് രേഖകള്‍ മുന്‍നിര്‍ത്തിയാണ് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഔദ്യോഗികമായി മതം മാറിയവര്‍, പ്രായപൂര്‍ത്തിയായവരായാലും അല്ലെങ്കിലും ഗസറ്റില്‍ പരസ്യം ചെയ്യണമെന്നാണ് നിയമം. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നടന്ന മതംമാറ്റങ്ങളില്‍ കൂടുതലും ഹിന്ദുമതത്തിലേക്കായിരുന്നുവെന്നാണ് ഔദ്യോഗിക രേഖകള്‍ പറയുന്നത്. 2020 ല്‍ സംസ്ഥാനത്ത് നടന്ന മതംമാറ്റങ്ങളില്‍ 47 ശതമാനവും ഹിന്ദുമതത്തിലേക്കായിരുന്നുവെന്നും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. 2020ല്‍ ആകെ 506 പേരാണ് മതംമാറ്റത്തിനായി സംസ്ഥാന ഗസറ്റില്‍ പരസ്യം ചെയ്തിട്ടുള്ളത്. ഇതില്‍ 241 പേര്‍ ക്രിസ്ത്യന്‍, ഇസ്‍ലാം മതങ്ങളില്‍നിന്ന് ഹിന്ദുമതത്തിലേക്കു മാറിയവരാണ്. 144 പേര്‍ ഇസ്‍ലാം സ്വീകരിച്ചപ്പോള്‍ ക്രിസ്തുമതത്തിലേക്ക് മാറിയിട്ടുള്ളത് 119 പേരാണ്.
ഇസ്‍ലാം വിട്ട് ഹിന്ദുമതം സ്വീകരിച്ചവര്‍ 32 പേര്‍
2020 ല്‍ ഹിന്ദുമതത്തിലേക്കു മാറിയവരില്‍ 72 ശതമാനവും ദലിത് ക്രിസ്ത്യാനികള്‍ ആണ്. സംവരണ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടത് കാരണമാകണം അവര്‍ തിരിച്ചു ഹിന്ദുമതം സ്വീകരിച്ചതെന്നാണ് നിഗമനം. ഈ കാലയളവില്‍ 32 മുസ്‍ലിംകളും ഹിന്ദുമതം സ്വീകരിച്ചു. ക്രിസ്തുമതം ഉപേക്ഷിച്ച് മറ്റു രണ്ട് മതങ്ങളിലേക്ക് മാറിയിരിക്കുന്നത് 242 പേരാണ്. മറ്റ് മതത്തില്‍ നിന്ന് ക്രിസ്തുമതം സ്വീകരിച്ചിരിക്കുന്നത് 119 പേരും. ഇസ്‍ലാമിലേക്ക് പുതിയതായി 144 പേര്‍ എത്തിയപ്പോള്‍ മതം മാറി പോയത് 40 പേരാണ്. രണ്ടു പേര്‍ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചു.
ഇസ്‍ലാം സ്വീകരിച്ചവരില്‍ 77 ശതമാനവും ഹിന്ദുമതത്തില്‍ നിന്നുള്ളവരാണ്. അതില്‍ 63 ശതമാനവും സ്ത്രീകളാണ്. ഈഴവ, തിയ്യ, നായര്‍ സമുദായങ്ങളില്‍ നിന്നാണ് ഇവരില്‍ ഭൂരിഭാഗവും. 25 ഈഴവര്‍, ഇതില്‍ 13 പേര്‍ സ്ത്രീകളാണ്- ഈ കാലയളവില്‍ ഇസ്‌ലാം സ്വീകരിച്ചു. 11 സ്ത്രീകള്‍ ഉള്‍പ്പെടെ 17 തിയ്യരും, 12 സ്ത്രീകള്‍ ഉള്‍പ്പെടെ 17 പേര്‍ നായര്‍ സമുദായത്തില്‍നിന്നും ഇസ്‍ലാം സ്വീകരിച്ചതായി കണക്കുകള്‍ പറയുന്നു. ക്രിസ്തുമതം ഉപേക്ഷിച്ച് ഇസ്‍ലാമിലേക്ക് എത്തിയ 33 പേരില്‍ ഒന്‍പതു പേര്‍ സിറിയന്‍ കത്തോലിക്കരാണ്. ഇതില്‍ രണ്ടു പേര്‍ വനിതകളാണ്.