"സി.പി.എം ഭയക്കുന്നുവെന്നത് രമയുടെ തോന്നല്‍"; വടകര എൽ.ഡി.എഫിന്‍റെ ഉറച്ച സീറ്റെന്ന് കോടിയേരി
മണ്ടോടി കണ്ണനെ കൊലപ്പെടുത്തിയ കോൺഗ്രസിന്‍റെ കൊടിയാണ് രമ പിടിക്കുന്നത്.
വടകര എല്‍.ഡി.എഫിന്‍റെ ഉറച്ച സീറ്റാണെന്ന് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. സി.പി.എം ഭയക്കുന്നുവെന്നത് രമയുടെ വെറും തോന്നലാണെന്നും കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ടി.പി വധം എല്ലാ തെരെഞ്ഞെടുപ്പിലും ചർച്ചയായതാണ്. എല്ലാ കൊലപാതകങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ചയാവട്ടെയെന്നും ഏറ്റവും കൂടുതൽ അക്രമത്തിനു വിധേയമായതു സി.പി.എമ്മാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. മണ്ടോടി കണ്ണനെ കൊലപ്പെടുത്തിയ കോൺഗ്രസിന്‍റെ കൊടിയാണ് രമ പിടിക്കുന്നതെന്നും കോടിയേരി വിമര്‍ശിച്ചു.
വടകരയിൽ തന്നെ തോൽപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണെന്നും നേരത്തെ നിശ്ചയിച്ച പരിപാടി കഴിഞ്ഞിട്ടും മുഖ്യമന്ത്രി വടകരയിലെത്തുന്നത് പേടിയുള്ളതിനാലാണെന്നും കെ.കെ രമ മീഡിയവണ്ണിനോട് പറഞ്ഞിരുന്നു. ജനങ്ങളുടെ മനസ് മനസിലാക്കാൻ ഇടത് മുന്നണിക്ക് കഴിഞ്ഞിട്ടില്ല. ചന്ദ്രശേഖരനെ കൊല്ലാനേ കഴിയുവെന്നും ഞങ്ങളെ തോൽപ്പിക്കാനാകില്ലെന്നും രമ തുറന്നടിച്ചിരുന്നു.
വടകരയിൽ തോൽക്കുമെന്ന് മുഖ്യമന്ത്രിക്കും സി.പി.എമ്മിനും അറിയാമെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസ്താവന. വടകരയിൽ രമ വിജയിച്ചു കഴിഞ്ഞുവെന്നും പ്രഖ്യാപനം ഞാൻ നടത്തുകയാണെന്നും മുല്ലപ്പള്ളി മീഡിയവണ്ണിനോട് പറഞ്ഞു. ഇതിനു മറുപടിയുമായാണ് കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയത്.