കെ. സുരേന്ദ്രന്‍റെ പ്രചാരണത്തിനായി പ്രധാനമന്ത്രി ഇന്ന് കോന്നിയില്‍

രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്ന കെ. സുരേന്ദ്രന് കോന്നിയില്‍ മുഴുവന്‍ സമയവും ചെലവഴിക്കാനാവാത്തതിന്‍റെ കുറവ് പ്രധാനമന്ത്രിയുടെ വരവോടെ പരിഹരിക്കാമെന്ന് നേതാക്കള്‍

Update: 2021-04-02 01:10 GMT
Advertising

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കോന്നിയിലെത്തും. ഒരു മണിക്ക് പത്തനംതിട്ട മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വിമാനമിറങ്ങുന്ന മോദിയെ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിക്കും. തിരുവനന്തപുരത്ത് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ സ്റ്റേഡിയത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ടാമത്തെ പരിപാടി. താരപ്രചാരകനായി പ്രധാനമന്ത്രി എത്തുമ്പോൾ കോന്നിയിലടക്കം ജയം ഉറപ്പാക്കാനാകുമെന്ന വിലയിരുത്തലിലാണ് എൻഡിഎ നേതൃത്വം.

തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം മുന്നിലുള്ളപ്പോള്‍ പ്രധാനമന്ത്രിയെയും താരപ്രചാരകരെയും കളത്തിലിറക്കി നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ദേശീയ ജനാധിപത്യ സഖ്യം. നേമത്തിന് പിന്നാലെ അട്ടിമറി സ്വപ്നം കാണുന്ന കോന്നിയിലും നരേന്ദ്രമോദി എത്തുന്നതോടെ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മേല്‍കൈ നേടാമെന്നും ബിജെപി നേതാക്കള്‍ കണക്ക് കൂട്ടുന്നു. രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്ന കെ. സുരേന്ദ്രന് കോന്നിയില്‍ മുഴുവന്‍ സമയവും ചെലവഴിക്കാനാവാത്തതിന്റെ കുറവ് പ്രധാനമന്ത്രിയുടെ വരവോടെ പരിഹരിക്കാമെന്നും നേതാക്കള്‍ വ്യക്തമാക്കി.

ഉച്ചക്ക് ഒരു മണിക്ക് പത്തനംതിട്ടയില്‍ വിമാനമിറങ്ങുന്ന മോദി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. കേന്ദ്രമന്ത്രി വി. മുരളീധരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിവരും വിവിധ സ്ഥാനാര്‍ഥികളും യോഗത്തില്‍ സംസാരിക്കും. ഒരു മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന യോഗത്തിന് ശേഷം 2.10ന് പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് തിരിക്കും.

പത്തനംതിട്ടയില്‍ ആദ്യ സന്ദര്‍ശനത്തിനെത്തുന്ന നരേന്ദ്രമോദിക്കായി കര്‍ശന സുരക്ഷയാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്. അതേസമയം ദുഃഖവെള്ളി ദിവസം ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് അടക്കമുള്ളവര്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News