'സ്വാമിയേ ശരണമയ്യപ്പാ...' കോന്നിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശരണംവിളിയുമായി പ്രധാനമന്ത്രി

'സ്വാമിയേ ശരണമയ്യപ്പാ..' തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശരണംവിളിയുമായി നരേന്ദ്രമോദി

Update: 2021-04-02 09:25 GMT
Advertising

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പത്തനംതിട്ടയിലെത്തിയ പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത് ശരണം വിളിയോടെ. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടാണ് നരേന്ദ്രമോദി പത്തനംതിട്ടയിലെ കോന്നിയിലെത്തിയത്. ശബരിമല സ്ഥിതി ചെയ്യുന്ന ജില്ലയെന്ന പ്രത്യേകത കൂടിയുള്ള പത്തനംതിട്ടയില്‍ ശരണംവിളിയോടെ പ്രസംഗം ആരംഭിച്ച മോദി ബി.ജെ.പിയുടെ നിലപാട് കൂടിയാണ് വ്യക്തമാക്കിയത്. ഈ തെരഞ്ഞെടുപ്പില്‍ ശബരിമല പ്രധാന വിഷയമാക്കുമെന്ന് ബിജെപി നേരത്തെ തന്നെ അറിയിച്ചിരുന്നു.

2019ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ശബരിമലയുടെ പേരില്‍ വോട്ടു പിടിക്കരുതെന്നും, ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കുന്നത് ചട്ടലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശമുണ്ടായിരുന്നു. ശബരിമലയിലെ യുവതീപ്രവേശനം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും അതിനെതിരെ നടക്കുന്ന പ്രചാരണം ഫലത്തില്‍ സുപ്രീംകോടതി വിധിക്കെതിരെയുള്ളതാവും എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

കേരളത്തിലെ രാഷ്ട്രീയ ഗതി മാറിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ മോദി ഡൽഹിയിലിരുന്ന് രാഷ്ട്രീയ വിശകലനം നടത്തുന്നവർക്ക് കേരളത്തിലെ മാറ്റം മനസിലാകില്ലെന്നും വിമര്‍ശിച്ചു. യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും ജനങ്ങൾ വെറുത്തു കഴിഞ്ഞുവെന്നും ബി.ജെ.പിയുടെ വികസന പദ്ധതികളിലാണ് ജനങ്ങൾക്ക് വിശ്വാസമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അടിയന്തരാവസ്ഥയുടെ കാലഘട്ടം ഓര്‍മിപ്പിച്ച പ്രധാനമന്ത്രി, അതിന് ശേഷം ഭരണഘടനയുടെ സംരക്ഷണത്തിനായി ജനങ്ങൾ ഒന്നിച്ചതിന് സമാനമായ സാഹചര്യമാണ് ഇപ്പോൾ കേരളത്തിലെന്നും പറഞ്ഞു. ദുഖ വെള്ളി ദിനമായ ഇന്ന് ക്രിസ്തു ദേവന്‍റെ ത്യാഗങ്ങളെ അനുസ്മരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News