അദാനിയുമായി കെഎസ്ഇബി ഒരു കരാറും ഉണ്ടാക്കിയിട്ടില്ല: പ്രതിപക്ഷ നേതാവ് പറയുന്നത് പച്ചനുണയെന്ന് മുഖ്യമന്ത്രി
സോളാർ എനർജി കോർപ്പേറഷനുമായാണ് കെഎസ്ഇബി കരാർ ഒപ്പുവെച്ചത്. ഇത് കേന്ദ്രം അംഗീകരിച്ച സ്ഥാപനമാണ്.
കെഎസ്ഇബി -അദാനിയുമായി കരാറുണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം പച്ചനുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈദ്യുതി വാങ്ങിയത് പൊതുമേഖലയില്‍ നിന്നാണ്. സോളാർ എനർജി കോർപ്പേറഷനുമായാണ് കെഎസ്ഇബി കരാർ ഒപ്പുവെച്ചത്. ഇത് കേന്ദ്രം അംഗീകരിച്ച സ്ഥാപനമാണ്. സോളാർ എനർജി കോർപ്പറേഷന്‍ പലരില്‍ നിന്നും വൈദ്യുതി വാങ്ങുന്നുണ്ടാകും. അദാനിയുമായി കെഎസ്ഇബി ഒരു കരാറും ഉണ്ടാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു.
പ്രതിപക്ഷ നേതാവിന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്. എന്തും പറയാം എന്ന അവസ്ഥ എത്തിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി മേഖലയെ സ്വകാര്യവൽക്കരിച്ചത് കോൺഗ്രസാണ്. കെഎസ്ഇബി, അദാനിയുമായി കരാറുണ്ടാക്കിയതുമായി ബന്ധപ്പെട്ട് എന്തെങ്കിലും രേഖകൾ ഉണ്ടെങ്കിൽ, ഉണ്ട് ഉണ്ട് എന്ന് പറയാതെ പ്രതിപക്ഷ നേതാവ് പുറത്ത് വിടട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അദാനിയുമായി വൈദ്യുതി വാങ്ങാൻ കരാറുണ്ടാക്കിയത് മുഖ്യമന്ത്രി നേരിട്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. കരാറിലൂടെ അദാനിക്ക് ആയിരം കോടി കമ്മീഷൻ കിട്ടിയപ്പോൾ മുഖ്യമന്ത്രിക്ക് എത്ര രൂപ കമ്മീഷൻ കിട്ടിയെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞിരുന്നു. കരാറിലൂടെ രാഷ്ട്രീയവും സാമ്പത്തികവുമായ ആനുകൂല്യം സർക്കാരിന് ലഭിച്ചിട്ടുണ്ട്. മോദിക്കും പിണറായിക്കും ഇടയിലെ പാലമാണ് അദാനിയെന്നും അധിക വൈദ്യുതി ഉണ്ടായിട്ടും പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതെന്തിനാണെന്നും ചെന്നിത്തല ചോദിച്ചിരുന്നു. കരാറുണ്ടാക്കാൻ കെഎസ്ഇബി ഡയറക്ടർ ബോർഡ് യോഗത്തിൽ തീരുമാനം എടുത്തിട്ടുണ്ടെന്നും വിശദ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
ये à¤à¥€ पà¥�ें- കെഎസ്ഇബി-അദാനി കരാർ മുഖ്യമന്ത്രി അറിഞ്ഞു തന്നെ: എത്ര കമ്മീഷൻ കിട്ടിയെന്ന് മുഖ്യമന്ത്രി പറയണമെന്ന് ചെന്നിത്തല