'എനിക്കും ഭാര്യയും മക്കളും കുടുംബവുമുണ്ടെന്ന് ഓര്‍ക്കണം, തവനൂരിലെ ജനം മറുപടി തരും'; ഫിറോസ് കുന്നംപറമ്പില്‍

'ഒരു സ്ഥാനാര്‍ഥിയായി എന്നതിന്‍റെ പേരില്‍ ഇത്രമാത്രം ഒരു മനുഷ്യനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല'

Update: 2021-04-03 12:26 GMT
Advertising

തനിക്കെതിരായ അപവാദ പ്രചരണങ്ങളില്‍ തവനൂരിലെ ജനം മറുപടി നല്‍കുമെന്ന് ഫിറോസ് കുന്നംപറമ്പില്‍. തന്‍റെ പേരിലുള്ള ശബ്ദരേഖ പ്രചരിപ്പിക്കുന്നവര്‍ ചെയ്യുന്നത് വളരെ മോശം പ്രവണതയാണെന്നും തനിക്കും ഭാര്യയും മക്കളും കുടുംബവുമുണ്ടെന്ന് ഓര്‍ക്കണമെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ഫിറോസ് പ്രതികരണം അറിയിച്ചത്.

ഒരു സ്ഥാനാര്‍ഥിയായി എന്നതിന്‍റെ പേരില്‍ ഇത്രമാത്രം ഒരു മനുഷ്യനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും പത്ത് വര്‍ഷം മണ്ഡലം ഭരിച്ചവര്‍ വികസനകാര്യങ്ങള്‍ വേണം പറയാനെന്നും ഫിറോസ് പറഞ്ഞു. ഫിറോസ് കുന്നംപറമ്പില്‍ കള്ളനാണ്, പെണ്ണുപിടിയനാണ് എന്ന രീതിയില്‍ പ്രചരണങ്ങള്‍ നടത്തുമ്പോള്‍ തന്നെ വ്യക്തിപരമായി ഇല്ലാതാക്കാനേ സാധിക്കൂവെന്നും അതിലൂടെ തന്നെയും കുടുംബത്തെയും നശിപ്പിക്കാന്‍ പറ്റും പക്ഷേ ഇതൊക്കെ തവനൂരിലെ ജനങ്ങള്‍ കാണുന്നുണ്ടെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.

തന്‍റെ ഉമ്മയും ഭാര്യയും മക്കളുമൊക്കെ ഫോണിലൂടെ വിളിച്ച് കരയുകയാണെന്നും രാഷ്ട്രീയം പറയണമെന്നും പക്ഷെ വ്യക്തിപരമായി ആക്രമിക്കരുതെന്ന അപേക്ഷയോടെയാണ് ഫിറോസ് വീഡിയോ അവസാനിപ്പിക്കുന്നത്.

അതെ സമയം ഫിറോസ് കുന്നംപറമ്പിലിനെതിരെ പ്രചരിക്കുന്ന ശബ്ദരേഖയില്‍ തവനൂർ മണ്ഡലം യുഡിഎഫ് കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മിഷൻ, വരണാധികാരി കൂടിയായ ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്ക് പരാതി നൽകി. തവനൂർ യുഡിഎഫ് ചെയർമാൻ ഇബ്രാഹിം മൂതൂർ, കൺവീനർ സുരേഷ് പുൽപ്പാക്കര എന്നിവരാണ് അപവാദ പ്രചരണത്തിനെതിരെ പരാതി നൽകിയത്. പരാജയം ഉറപ്പായ ജലീലും കൂട്ടരും ഇനിയും നീചമായ നടപടി അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായി നേരിടുമെന്നും നേതാക്കൾ അറിയിച്ചു.

ഫിറോസ് കുന്നംപറമ്പിലിന്‍റെ വാക്കുകള്‍:

പോളിങ് ബൂത്തിലേക്ക് പോകാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ എനിക്കെതിരെ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും അദ്ദേഹത്തിന്‍റെ സൈബര്‍ വിങും നടത്തുന്ന അപവാദ പ്രചരണങ്ങള്‍, സോഷ്യല്‍ മീഡിയയിലൂടെ ഇല്ലാക്കഥകള്‍ പടച്ചുവിടുക അത് പോലെ പലരീതിയില്‍ വോയിസുകള്‍ എഡിറ്റ് ചെയ്തു വിട്ട് എനിക്കെതിരെ പ്രചരിപ്പിക്കുക എന്നത് വളരെ മോശം പ്രവണതയാണത്. ഒരിക്കലും അത് ചെയ്യാന്‍ പാടില്ല. കാരണം ഞാനൊക്കെ ആറ് വര്‍ഷമായിട്ട് സോഷ്യല്‍ മീഡിയയിലൂടെ ഞാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളൊക്കെ നിങ്ങള്‍ക്ക് അറിയാം. പാവപ്പെട്ട രോഗികളും ആരോരുമില്ലാത്ത ആളുകളെ ചേര്‍ത്തുപിടിച്ച് മുന്നോട്ട് പോകുമ്പോള്‍ എനിക്ക് കിട്ടിയ അവസരമായിട്ടാണ് ഞാനീ സ്ഥാനാര്‍ത്ഥിത്വത്തെ കണ്ടത്. ഇതിലൂടെ കുറേയേറെ ആളുകള്‍ക്ക് കൂടുതല്‍ നന്മ ചെയ്യാന്‍ സാധിക്കുമെന്ന ലക്ഷ്യത്തിലൂടെയാണ് ഞാന്‍ വന്നത്. പക്ഷേ ഒരു സ്ഥാനാര്‍ഥിയായി എന്നതിന്‍റെ പേരില്‍ ഇത്രമാത്രം ഒരു മനുഷ്യനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. കാരണം എനിക്കും ഉമ്മയുണ്ട്, ഭാര്യയുണ്ട്, മക്കളുണ്ട്. നിങ്ങളീ രീതിയിലൊക്കെ പ്രചരിപ്പിക്കുമ്പോള്‍.....നിങ്ങള്‍ പത്ത് വര്‍ഷമായി മണ്ഡലം ഭരിച്ചയാളല്ലേ, സ്വാഭാവികമായിട്ടും നിങ്ങള്‍ക്ക് പറയാന്‍ എന്തെങ്കിലുമൊക്കെ വികസനകാര്യങ്ങള്‍ വേണം പറയാന്‍. എന്തെങ്കിലും ആശയപരമായിട്ട് ഒന്നും പറയാനില്ലെങ്കില്‍ അത് ഒഴിവാക്കണം. അതല്ലാതെ ഫിറോസ് കുന്നംപറമ്പില്‍ കള്ളനാണ്, പെണ്ണുപിടിയനാണ് എന്ന രീതിയില്‍ പ്രചരണങ്ങള്‍ നടത്തുമ്പോള്‍ എന്നെ വ്യക്തിപരമായി ഇല്ലാതാക്കാനേ പറ്റുള്ളൂ. അതിലൂടെ എന്നെയും എന്‍റെ കുടുംബത്തെയും നശിപ്പിക്കാന്‍ പറ്റും. ഇതൊക്കെ തവനൂരിലെ ജനങ്ങള്‍ കാണുന്നുണ്ട്. കാരണം മത്സര രംഗത്തേക്ക് വരാത്ത സമയം വരെ ഫിറോസ് കുന്നംപറമ്പിലിനെതിരെ ആരോപണങ്ങളോ പരാതികളോ ഒന്നുമുണ്ടായിരുന്നില്ല. വളരെ കൃത്യമായിട്ട് കാര്യങ്ങള്‍ ചെയ്തുപോയ ഞാന്‍ ഇന്ന് ജനങ്ങള്‍ക്ക് മുന്നിലൊക്കെ അപമാനപ്പെടുന്നുണ്ടെങ്കില്‍ അതിനുള്ള മറുപടി തവനൂരിലെ ജനങ്ങള്‍ തരും. തീര്‍ച്ചയായിട്ടും തരും. ഒരു കാര്യം മാത്രം ഓര്‍ത്താല്‍ മതി, നിങ്ങള്‍ക്കുമുണ്ട് കുടുംബം, നിങ്ങള്‍ക്കുമുണ്ട് ഭാര്യയും മക്കളുമൊക്കെ. അത് കൊണ്ട് ഇത്തരത്തില്‍ ചെയ്യുന്നത് ശരിയല്ല. വലിയ വിഷമത്തോടുകൂടിയാണ് ഞാനീ പറയുന്നത്. എന്‍റെ ഉമ്മയും ഭാര്യയും മക്കളുമൊക്കെ ഫോണിലൂടെ വിളിച്ച് കരയുകയാണ്. ദയവുചെയ്ത് ഇങ്ങനെ ആക്രമിക്കരുത്. നിങ്ങള്‍ നിങ്ങളുടെ രാഷ്ട്രീയം പറഞ്ഞോ, ഞങ്ങള്‍ ഞങ്ങളുടെ രാഷ്ട്രീയം പറയും. പക്ഷെ വ്യക്തിപരമായി ആക്രമിക്കരുതെന്ന അപേക്ഷയുണ്ട്.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News