ആരിഫ് അപമാനിച്ചത് തൊഴിലാളികളെ, പരാമര്‍ശം വേദനിപ്പിച്ചു: അരിത ബാബു
'എന്നെ മാത്രം പറഞ്ഞതായിരുന്നെങ്കില്‍ സങ്കടമില്ലായിരുന്നു. അധ്വാനിക്കുന്ന മുഴുവന്‍ തൊഴിലാളി വര്‍ഗത്തെ കൂടിയാണ് അദ്ദേഹം അവഹേളിച്ചത്'
Update: 2021-04-05 10:22 GMT
എ എം ആരിഫ് എംപിയുടെ പരിഹാസം വിഷമമുണ്ടാക്കിയെന്ന് കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബു. തൊഴിലാളി വർഗത്തെയാണ് ആരിഫ് അപമാനിച്ചത്. ആരിഫിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അരിത ബാബു പറഞ്ഞു.
പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല നടക്കുന്നത്. കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ്. പ്രാരാബ്ധമാണ് മാനദണ്ഡമെങ്കില്‍ പറയണമെന്നും ആരിഫ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന എൽഡിഎഫ് വനിതാ സംഗമത്തിലായിരുന്നു പരിഹാസം. അരിതയുടെ പ്രതികരണം ഇങ്ങനെ..
ഒരു ജനപ്രതിനിധിയായ അദ്ദേഹത്തിന്‍റെ നാവില്‍ നിന്ന് ഇങ്ങനെയുള്ള വാക്കുകള്‍ കേള്‍ക്കേണ്ടിവന്നത് സങ്കടമുണ്ടാക്കി. എന്നെ മാത്രം പറഞ്ഞതായിരുന്നെങ്കില്‍ സങ്കടമില്ലായിരുന്നു. അധ്വാനിക്കുന്ന മുഴുവന്‍ തൊഴിലാളി വര്‍ഗത്തെ കൂടിയാണ് അദ്ദേഹം അവഹേളിച്ചത്. രാഷ്ട്രീയം ഒരു സേവനമായി കരുതി എന്‍റെ അധ്വാനത്തിലൂടെയാണ് ഞാന്‍ ജീവിക്കുന്നത്. അതില്‍ എനിക്ക് അഭിമാനമുണ്ട്. ഓരോ വീട്ടിലെ സാഹചര്യം കൊണ്ടാണ് ഓരോ തൊഴില്‍ ചെയ്യുന്നത്. കഷ്ടപ്പെട്ട് ജീവിക്കുന്നവര്‍ക്കേ പ്രയാസം അറിയൂ.