ലാവ്‍ലിന്‍ കേസ്; പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി സുപ്രീംകോടതി നാളെ പരിഗണിക്കും

സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിനായി പൊതുജനം പോളിങ് ബൂത്തിലെത്തുമ്പോഴാണ് ഹരജി കോടതിയുടെ പരിഗണനക്ക് എത്തുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം

Update: 2021-04-05 01:32 GMT
Advertising

ലാവ്ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി സുപ്രീംകോടതി നാളെ പരിഗണിക്കും. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കവെയാണ് ലാവലിൻ കേസ് സുപ്രീംകോടതി പരിഗണനക്കെടുക്കുന്നത്. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഇരുപത്തിയാറ് തവണയാണ് കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചത്.

27ആമത് തവണയാണ് ലാവലിൻ കേസ് സുപ്രീംകോടതിയുടെ പരിഗണനക്ക് വരുന്നത്. നാലാമത്തെ കേസായി ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് ഹരജി നാളെ പരിഗണിക്കും. രേഖകൾ സമ൪പ്പിക്കാനുള്ളതിനാൽ ഹരജി പരിഗണിക്കുന്നത് നീട്ടിവെക്കണമെന്നായിരുന്നു ഇത്രയും കാലം സിബിഐ കോടതിയിൽ ആവിശ്യപ്പെട്ടിരുന്നത്. ഇതനുസരിച്ചാണ് ഹരജി പരിഗണിക്കുന്നത് ഇരുപത്തിയാറ് തവണ മാറ്റിവെച്ചത്.

തങ്ങളുടെ പക്കലുണ്ടെന്ന് പറയുന്ന തെളിവുകളും രേഖകളും സമർപ്പിച്ച് വാദം അവതരിപ്പിക്കാൻ സിബിഐ തയ്യാറാകുമോ എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. വിശദമായ കുറിപ്പ് നേരത്തെ സി.ബി.ഐ സമർപ്പിച്ചിരുന്നെങ്കിലും ഇതിന്റെ പകർപ്പ് ഇതുവരെ കക്ഷികൾക്ക് കൈമാറിയിട്ടില്ല. ഈ സാഹചര്യത്തിൽ വാദം പറയാൻ സിബിഐ തയാറായാലും കക്ഷികൾ സമയം ചോദിക്കാനാണ് സാധ്യത. രണ്ട് കോടതികൾ കുറ്റവിമുക്തരാക്കിയ കേസിൽ സുപ്രീംകോടതി ഇടപെടണമെങ്കിൽ ശക്തമായ കാരണങ്ങൾ വേണമെന്ന് ജസ്റ്റിസ് യു.യു. ലളിത് നേരത്തെ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജസെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്‌തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള സി.ബി.ഐ അപ്പീലാണ് കോടതി പരിഗണിക്കുന്നത്. കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്‌ഥരായ ആർ.ശിവദാസ്, കസ്തൂരിരംഗഅയ്യർ, കെ.ജി. രാജശേഖരൻ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിനായി പൊതുജനം പോളിങ് ബൂത്തിലെത്തുമ്പോഴാണ് ഹരജി കോടതിയുടെ പരിഗണനക്ക് എത്തുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News