സിദ്ദീഖ് ഹസന്റെ വേർപാടിൽ അനുശോചിച്ച് പ്രമുഖർ
പ്രൊഫ. കെ.എ സിദ്ദീഖ് ഹസന്റെ മൃതദേഹം കോഴിക്കോട് വെള്ളിമാട്കുന്ന് ജെ.ഡി.ടി ക്യാമ്പസ്സില് പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്
ഇന്ന് രാവിലെ അന്തരിച്ച ജമാഅത്തെ ഇസ്‌ലാമി മുൻ അഖിലേന്ത്യാ ഉപാധ്യക്ഷൻ പ്രൊഫ. കെ.എ സിദ്ദീഖ് ഹസന്റെ വേർപാടിൽ അനുശോചിച്ച് സാമൂഹിക - സാംസ്‌കാരിക - രാഷ്ട്രീയ രംഗത്തെ പ്രമുഖർ.
പ്രൊഫസർ കെ.എ സിദ്ദീഖ് ഹസന്റെ നിര്യാണത്തോടെ വലിയ സാമൂഹ്യ പ്രവർത്തകനെയാണ് നഷ്ടമായതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ കെ ആന്റണി പറഞ്ഞു. മാറാട് സമാധാനം പുനസ്ഥാപിക്കാൻ സിദ്ദീഖ് ഹസൻ വലിയ പങ്കുവഹിച്ചെന്നും ആന്റണി അനുസ്മരിച്ചു.
പ്രൊഫ. കെ.എ സിദ്ദീഖ് ഹസന്റെ വേർപാട് മതനിരപേക്ഷതക്ക് ഉണ്ടായ നഷ്ടമെന്ന് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. പൊതുവിഷയങ്ങളിൽ അദ്ദേഹം സ്വീകരിച്ച നിലപാടുകൾ അത്ഭുതപ്പെടുത്തിയെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. പൊതുസമൂഹത്തിന് നന്മ ലക്ഷ്യമാക്കി പ്രവർത്തിച്ച നേതാവിനെയാണ് നഷ്ടമായതെന്ന് പികെ കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു
സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ പ്രൊഫ.സിദ്ദീഖ് ഹസൻ നടത്തിയത് പക്വതയാർന്ന പ്രതികരണങ്ങളായിരുന്നുവെന്ന് സാഹിത്യകാരൻ കെ.പി രാമനുണ്ണി. ജമാഅത്തെ ഇസ്ലാമിയുമായി അഭിപ്രായവിത്യാസമുള്ളവരുമായി അദ്ദേഹത്തിന്റെ ഇടപെടലുകൾ ആകർഷണീയമായിരുന്നു. ഇസ്ലാമിന്റെ മാനവികമായ മൂല്യങ്ങൾ ഓരോ നിമിഷവും അദ്ദേഹം പിന്തുടർന്നു പോന്നു.
പ്രസ്ഥാനത്തിനപ്പുറത്തും വിവിധ തുറകളിലുള്ള നേതാക്കളുടെയും സാധാരണക്കാരുടെയും ഹൃദയത്തിൽ ഇടം പിടിച്ച നേതാവായിരുന്നു സിദ്ധീഖ് ഹസനെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് പറഞ്ഞു. "ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളുമായുള്ള സജീവ ബന്ധം, മനുഷ്യ സ്നേഹത്തിന്റെ ഉജ്വല മാതൃക, അവിരാമവും വിശ്രമ രഹിതവുമായ കർമോൽസുകത കൊണ്ട് ആരേയും വിസ്മയിപ്പിച്ച പ്രതിഭാശാലി, പ്രതിക്ഷാപൂർവം ഭാവിയിലേക്ക് ഉറ്റുനോക്കിയ നേതാവ് , ധൈര്യവും സ്ഥൈര്യവും ദീർഘ വീക്ഷണവും സാഹസികതയും ഒരുപോലെ സമ്മേളിച്ച വ്യക്തിത്വം. അങ്ങനെ സിദ്ദീഖ് ഹസൻ സാഹിബിനെ വിശേഷിപ്പിക്കാൻ ഒരുപാടുണ്ട്." - അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു
പ്രഫ. കെ എ സിദ്ദീഖ് ഹസന്റെ വേര്‍പാടില്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അനുശോചിച്ചു. എഴുത്തുകാരന്‍, ഇസ്ലാമിക പണ്ഡിതന്‍, വാഗ്മി, സാമൂഹികപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വേര്‍പാട് നികത്താനാവാത്ത ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന കുടുംബാംഗങ്ങള്‍, പ്രസ്ഥാന പ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ എന്നിവരുടെ ദു:ഖത്തില്‍ പങ്കു ചേരുന്നതായും അദ്ദേഹത്തിന്റെ പരലോക മോക്ഷത്തിനായി പ്രാര്‍ത്ഥിക്കുന്നതായും മജീദ് ഫൈസി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അവസാന ശ്വാസം വരെയും മാധ്യമത്തെ നെഞ്ചിനുള്ളിൽ കൊണ്ടുനടന്ന മഹാനായ മനുഷ്യസ്നേഹിയാണ് സിദ്ദീഖ് ഹസനെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറി കെ.പി റെജി. " അവസാന ശ്വാസം വരെയും മാധ്യമത്തെ നെഞ്ചിനുള്ളിൽ കൊണ്ടുനടന്ന മഹാനായ മനുഷ്യസ്നേഹി. തൊഴിലുടമയെന്ന ഭേദമില്ലാതെ ഓരോ തൊഴിലാളിയെയും കൂടെച്ചേർത്തുനിർത്തിയ സമത്വഭാവം. തൊഴിലാളി, തൊഴിലുടമാ ബന്ധം അടിമുടി മാറിയ നവ ഉദാരീകരണ കാലത്തും മാധ്യമത്തിലെ ഓരോ തൊഴിലാളിയും ഇന്നും നെഞ്ചിൽ പേറി നടക്കുന്നത് ആ സ്നേഹരൂപത്തിെൻറ മാഹാത്മ്യം." - അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.
കെ.എ. സിദ്ദീഖ് ഹസൻ ഒരു പൂർണ മനുഷ്യൻ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമായിരുന്നെന്ന് പ്രമുഖ എഴുത്തുകാരൻ പി.കെ.പാറക്കടവ് പറഞ്ഞു. നിസ്വാർഥ സേവകനായിരുന്നു സിദ്ദീഖ് ഹസനെന്ന് ഗൾഫാർ മുഹമ്മദലി അനുശോചിച്ചു. പ്രവർത്തനങ്ങളിൽ ഒരിക്കലും സ്വന്തം താൽപര്യങ്ങൾ കലർന്നിരുന്നില്ല. അദ്ദേഹം പ്രതിനിധാനം ചെയ്ത സംഘടനക്കായി അദ്ദേഹത്തിന്‍റെ ആത്മാർഥ പ്രവർത്തനവും നേതൃത്വവും ഉണ്ടായിരുന്നു. മികച്ച സംഘടാനപാടവുമുള്ള അദ്ദേഹം മറ്റുള്ളവർക്ക് പ്രചോദനമാകുകയും എല്ലാവരെയും കൂടെകൂട്ടുകയും ചെയ്തിരുന്നുവെന്നും
അദ്ദേഹം പറഞ്ഞു. ലളിതമായ ജീവിതത്തിലൂടെയും വിനയത്തിലൂടെയും എല്ലാവരേയും ആകർഷിച്ച വ്യക്തിത്വമാണ് സിദ്ദീഖ് ഹസൻ സാഹിബിന്റേതെന്ന് സാഫി ചെയർമാൻ ഡോ.ആസാദ് മൂപ്പൻ പറഞ്ഞു.
പ്രൊഫ. കെ.എ സിദ്ദീഖ് ഹസന്റെ മൃതദേഹം കോഴിക്കോട് വെള്ളിമാട്കുന്ന് ജെ.ഡി.ടി ക്യാമ്പസ്സില് പൊതുദർശനത്തിന് വെച്ചിരിക്കുകയാണ് . നാളെ രാവിലെ 8.30ന് വെള്ളിപറമ്പ് ജുമാമസ്ജിദിലാണ് ഖബറടക്കം . ഇ ടി മുഹമ്മദ് ബഷീർ എം പി , ജമാഅത്തെ ഇസ് ലാമി ദേശീയ ഉപാധ്യക്ഷന്‍ ടി ആരിഫലി, കേരള അമീർ എം ഐ അബ്ദുല്‍ അസീസ്, എഴുത്തുകാരന്‍ കെ പി രാമനുണ്ണി, മാധ്യമം മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ അബ്ദുറഹ്മാന്‍, ഗള്‍ഫ് മാധ്യമം എഡിറ്റർ വി കെ ഹംസ അബ്ബാസ്, മീഡിയവണ്‍ സി ഇ ഒ റോഷന്‍ കക്കാട്ട് തുടങ്ങിയവർ ആദരാജ്ഞലി അർപ്പിക്കാനെത്തി. രാത്രി 11 മണി വരെ പൊതുദർശനമുണ്ടാകും.