മലപ്പുറം ജില്ലയില്‍ കുഞ്ഞാലിക്കുട്ടി മത്സരിച്ച വേങ്ങരയിൽ പോളിങ് കുറവ്
മത്സരിക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തിൽ ലീഗ് അണികൾക്കിടയിൽ നേരത്തെ അസംതൃപ്തിയുണ്ടായിരുന്നു
മലപ്പുറം ജില്ലയിൽ മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മത്സരിച്ച വേങ്ങരയിൽ താരതമ്യേന കുറഞ്ഞ പോളിങ്. ഏഴു മണി വരെയുള്ള കണക്കുകൾ പ്രകാരം മണ്ഡലത്തിൽ 69.51 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ 71.99 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിരുന്നത്.
എംപി സ്ഥാനം രാജിവച്ചാണ് വേങ്ങരയിൽ കുഞ്ഞാലിക്കുട്ടി അങ്കത്തിനിറങ്ങിയിരുന്നത്. കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തിൽ നേരത്തെ ലീഗ് അണികൾക്കിടയിൽ അസംതൃപ്തിയുണ്ടായിരുന്നു. ഇതാണ് വോട്ടെടുപ്പിൽ പ്രതിഫലിച്ചത് എന്ന് കരുതപ്പെടുന്നു.
സ്ഥാനാർത്ഥിത്വത്തെ ചൊല്ലി സിപിഎമ്മിനുള്ളിൽ ആഭ്യന്തര പ്രശ്‌നങ്ങൾ ഉടലെടുത്ത പൊന്നാനിയിലാണ് ജില്ലയിൽ ഏറ്റവും കുറവ് പോളിങ്. 69.34 ശതമാനം വോട്ടാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. മണ്ഡലത്തിൽ പി നന്ദകുമാറാണ് എൽഡിഎഫ് സ്ഥാനാർത്ഥി. ഇവിടെ ഏരിയ സെക്രട്ടറി ടിഎം സിദ്ദീഖിന് വേണ്ടി നൂറു കണക്കിന് പ്രവർത്തകർ തെരുവിലിറങ്ങിയിരുന്നു. എന്നാൽ പ്രതിഷേധങ്ങൾക്ക് ചെവി കൊടുക്കാതെ പാർട്ടി നേതൃത്വം നന്ദകുമാറിന്റെ സ്ഥാനാർത്ഥിത്വത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു.
മറ്റു മണ്ഡലങ്ങളിലെല്ലാം പോളിങ് എഴുപത് ശതമാനം കടന്നു. ഏറനാട് 77.53, നിലമ്പൂർ 75.25, വണ്ടൂർ 73.62, മഞ്ചേരി 74.01, പെരിന്തൽമണ്ണ 74.26, മങ്കട 74.99, മലപ്പുറം 74.48, വള്ളിക്കുന്ന് 74.14, തിരൂരങ്ങാടി 73.84, താനൂർ 76.42, തിരൂർ 73.05, കോട്ടക്കൽ 72.12, തവനൂർ 74.20 (എല്ലാം ശതമാനത്തിൽ) എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ പോളിങ്.