ഇതരസംസ്ഥാനത്തുനിന്ന് വരുന്നവര്‍ക്കുള്ള ക്വാറന്‍റൈന്‍ പിന്‍വലിച്ചിട്ടില്ല; പാലിക്കാത്തതിനാല്‍ കര്‍ശനമാക്കിയതാണ്

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ ഒരാഴ്ച ക്വാറന്‍റൈനിൽ കഴിയണം എന്ന വാർത്ത പുതിയ തീരുമാനമല്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്

Update: 2021-04-08 10:09 GMT
Advertising

വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തിൽ നേരത്തെയുള്ള കോവിഡ് പ്രോട്ടോക്കോളിൽ സംസ്ഥാനം മാറ്റം വരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ ഒരാഴ്ച ക്വാറന്‍റൈനിൽ കഴിയണം എന്ന വാർത്ത ചില മാധ്യമങ്ങളിൽ പുതിയ തീരുമാനം എന്ന രീതിയിൽ വ്യാഴാഴ്ച വന്നതിന്‍റെ അടിസ്ഥാനത്തിലാണ് അറിയിപ്പ്.

നേരത്തേയുള്ള ഉത്തരവ് പ്രകാരം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന, ഏഴു ദിവസത്തിനകം കേരളത്തിൽ നിന്ന് മടങ്ങി പോകുന്നവർ, ക്വാറന്‍റൈനിൽ കഴിയേണ്ടതില്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ ഏഴു ദിവസത്തിൽ കൂടുതൽ ഇവിടെ കഴിയുന്നുണ്ടെങ്കിൽ ആദ്യത്തെ ഏഴു ദിവസം ക്വാറന്‍റൈനിൽ കഴിയേണ്ടതുണ്ട്. എട്ടാം ദിവസം ആർ. ടി. പി. സി. ആർ ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഡോ. വി.പി ജോയ് കൂട്ടിച്ചേര്‍ത്തു.

കോവിഡ് മുന്‍കരുതലിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ഇതര സംസ്ഥാനത്ത് നിന്നു വരുന്നവര്‍ക്കുള്ള ക്വാറന്‍റൈന്‍ പിന്‍വലിച്ചിരുന്നില്ല. പക്ഷേ, അത് പാലിക്കപ്പെടുന്നുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പായതിനാല്‍ സ്വയം കരുതല്‍ കൈവിടുന്ന ഒരു സാഹചര്യവുമുണ്ടായിരുന്നു സംസ്ഥാനത്ത്. അതിനാല്‍ ഇതര സംസ്ഥാനത്ത് നിന്നു വരുന്നവര്‍ക്കുള്ള ക്വാറന്‍റൈന്‍ എന്ന നിര്‍ദേശം കര്‍ശനമാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം. അതിനാലാണ് ഇക്കാര്യത്തില്‍ വിശദീകരണവുായി ചീഫ് സെക്രട്ടറിതന്നെ രംഗത്തെത്തിയത്.

Tags:    

Similar News