പന്തീരങ്കാവ് യു.എ.പി.എ കേസ്; അലന് ജാമ്യം അനുവദിച്ചത് ആരോഗ്യ കാരണങ്ങള്‍ മൂലം, റദ്ദാക്കാൻ നടപടിയുണ്ടാകുമെന്ന് എന്‍.ഐ.എ
കേസിൽ ജാമ്യം നിഷേധിച്ചത് ചൂണ്ടിക്കാട്ടി മറ്റൊരു പ്രതിയായ ത്വാഹ ഫസൽ നൽകിയ ഹരജിയിലാണ് എൻ.ഐ.എ നിലപാടറിയിച്ചത്
പന്തീരങ്കാവ് യു.എ.പി.എ കേസിൽ അലൻ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കാൻ നടപടിയുണ്ടാകുമെന്ന് എന്‍.ഐ.എ സുപ്രീം കോടതിയെ അറിയിച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് അലന് ജാമ്യം അനുവദിച്ചത്. കേസിൽ ജാമ്യം നിഷേധിച്ചത് ചൂണ്ടിക്കാട്ടി മറ്റൊരു പ്രതിയായ ത്വാഹ ഫസൽ നൽകിയ ഹരജിയിലാണ് എൻ.ഐ.എ നിലപാടറിയിച്ചത്. അലന്‍റെ ജാമ്യം നിലനിർത്തിയ ഉത്തരവ് തെറ്റെന്നും എൻ.ഐ.എ കോടതിയിൽ ചൂണ്ടിക്കാട്ടി. ഉത്തരവ് ചോദ്യം ചെയ്ത് ഹരജി നൽകാൻ എൻ.ഐ.എയോട് നിർദേശിച്ചിട്ടുണ്ടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
2019 നവംബർ ഒന്നിനാണ് അലൻ ഷുഹൈബിനെയും ത്വാഹ ഫസലിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. സെപ്റ്റംബറിലാണ് അലനും ത്വാഹക്കും എൻ.ഐ.എ കോടതി ജാമ്യം നൽകിയത്. പിന്നീട് ത്വാഹ ഫസലിന്റെ ജാമ്യം റദ്ദാക്കിയ ഹൈകോടതി, അലൻ ഷുഹൈബിന് ജാമ്യം തുടരാൻ അനുമതി നൽകുകയും ചെയ്തു. താഹ ഫസലിന് വേണ്ടി സീനിയർ അഭിഭാഷകൻ വി ഗിരി, അഭിഭാഷകൻ ജൂഡി ജയിംസ് എന്നിവരാണ് ഹാജരായത്.