സംസ്ഥാനത്ത് കോവിഡ് വൈറസിന് ജനിതകമാറ്റം? സാമ്പിളുകൾ പരിശോധനക്ക് അയച്ചു
സാമ്പിളുകൾ പരിശോധനക്കായി ഡൽഹിയിലേക്കയച്ചു
കോവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ സംസ്ഥാനത്ത് കോവിഡ് വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു. ജില്ലകളിൽ നിന്നുള്ള സാമ്പിളുകൾ പരിശോധനക്ക് അയച്ചു. രണ്ടാം തരംഗം രൂക്ഷമായതിനാൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്ന കാര്യത്തിലും അവ്യക്തത ഉണ്ട്. 45 വയസിന് മുകളിലുള്ളവർക്കായി മെഗാ വാക്സിനേഷൻ ക്യാമ്പ് പലയിടത്തും സജ്ജമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 10 ശതമാനത്തിലേക്കെത്തി. ഈ സാഹചര്യത്തിലാണ് വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. ജില്ലകളിൽ നിന്നുള്ള സാമ്പിളുകൾ പരിശോധനക്കായി ഡൽഹിയിലേക്കയച്ചു. ഫലം വന്നതിന് ശേഷം തുടർനടപടി സ്വീകരിക്കും. കേസുകൾ കൂടുന്നതിനാൽ കൂടുതൽ പേരെ വാക്സിനേഷന് വിധേയമാക്കാനുള്ള ശ്രമങ്ങളും ഊർജിതമാണ്. ക്രഷ് ദ കർവ് പദ്ധതിയുടെ ഭാഗമായി പലയിടത്തും മെഗാ വാക്സിനേഷൻ ക്യാംപുകൾ സംഘടിപ്പിക്കുന്നുണ്ട്.
രോഗ വ്യാപനം രൂക്ഷമായതിനാൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിലും അവ്യക്തത നിലനിൽക്കുകയാണ്. ജൂണിൽ സ്‌കൂളുകൾ തുറക്കാൻ സാധ്യതയില്ല. പുതിയ അധ്യയന വർഷത്തിലും ഓണ്‍ലൈൻ ക്ലാസുകൾ തുടരും. ഇക്കാര്യത്തിൽ പുതിയ സർക്കാർ വന്നതിന് ശേഷം അന്തിമ നിലപാടെടുക്കട്ടേയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിനായി പൊലീസ് പരിശോധനയും ഊർജിതമാക്കിയിട്ടുണ്ട്.