റോഡ് വീതി കൂട്ടി വന്നപ്പോള്‍ 'ഇലക്ട്രിക് പോസ്റ്റ്' മധ്യത്തില്‍; റിഫ്ലക്ടര്‍ വെച്ച് പരിഹരിക്കാമെന്ന് അധികൃതര്‍

കനറാ ബാങ്ക്-പേഴുംതുരുത്ത് റോഡില്‍ എസ്.വളവിന് 200 മീറ്റര്‍ അടുത്താണ് അപകടം വിളിച്ചുവരുത്തുന്ന റോഡ് നിര്‍മിച്ചത്

Update: 2021-04-11 11:05 GMT
Advertising

കൊല്ലം കുണ്ടറയില്‍ റോഡ് പണി തീര്‍ന്നപ്പോള്‍ ഇലക്ട്രിക് പോസ്റ്റ് റോഡിന് മധ്യത്തില്‍. കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിച്ച റോഡാണ് യാത്രക്കാര്‍ക്ക് വിചിത്ര കാഴ്ച്ച സമ്മാനിക്കുന്നത്. മണ്‍റോ തുരുത്ത് പഞ്ചായത്തിലാണ് ഉദ്യോഗസ്ഥ വകുപ്പ് ഏകോപനവും കെടുകാര്യസ്ഥതയും കാരണം റോഡിന് മധ്യത്തില്‍ പോസ്റ്റ് വന്നത്. കനറാ ബാങ്ക്-പേഴുംതുരുത്ത് റോഡില്‍ എസ്.വളവിന് 200 മീറ്റര്‍ അടുത്താണ് അപകടം വിളിച്ചുവരുത്തുന്ന റോഡ് നിര്‍മിച്ചത്. അതെ സമയം റോഡിലെ ഇലക്ട്രിക് പോസ്റ്റ് വിവാദമായതോടെ പോസ്റ്റിന് മുമ്പില്‍ റിഫ്ലക്ടര്‍ സ്ഥാപിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. വിഷയം ഉടൻ പി.ഡബ്യു.ഡി എഞ്ചിനീയറുടെ ശ്രദ്ധയിൽപെടുത്തുമെന്ന് സ്ഥലം എം.എൽ.എ കോവൂർ കുഞ്ഞുമോൻ മീഡിയ വണിനോട് പറഞ്ഞു.

ആറ് മാസങ്ങള്‍ക്കു മുമ്പേ കരാറുറപ്പിച്ച റോഡിന് വീതി കൂട്ടുമ്പോള്‍ പാതയോരത്തായിരുന്ന പോസ്റ്റ് റോഡിന് മധ്യത്തില്‍ സ്ഥാനം പിടിക്കുകയായിരുന്നു. എന്നാല്‍ റോഡ് പണി ആരംഭിച്ച ഉടനെ തന്നെ വൈദ്യുതി പോസ്റ്റ് മാറ്റിസ്ഥാപിക്കുന്നതിന് വൈദ്യുതി ബോര്‍ഡ് 90000 രൂപയുടെ എസ്റ്റിമേറ്റ് കിഫ്ബിക്ക് കൈമാറിയിരുന്നു. ഇത് അവഗണിച്ചതാണ് ഇപ്പോള്‍ ഇലക്ട്രിക് പോസ്റ്റ് റോഡിന് മധ്യത്തില്‍ സ്ഥാനം പിടിക്കാന്‍ കാരണം.

റോഡ് പോകുന്ന ഭാഗത്ത് സൈഡ് ഭിത്തി കെട്ടിയതിലും അപാകത സംഭവിച്ചിട്ടുണ്ട്. പല ഭാഗത്തും കല്ല് ഇടിഞ്ഞിട്ടുണ്ട്. 23 കോടി നിർമ്മാണ ചിലവിലാണ് പള്ളിമുക്ക് - മൺറോതുരുത്ത് റോഡിന്‍റെ നിർമ്മാണം നടക്കുന്നത്. വിഷയം പി.ഡബ്യു.ഡി എഞ്ചിനിയറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സ്ഥലം എം.എൽ.എ കോവൂർ കുഞ്ഞുമോൻ പറയുന്നുണ്ടെങ്കിലും, പണി തീർന്ന റോഡിൽ നിന്ന് പോസ്റ്റ് മാറ്റി സ്ഥാപിക്കുമ്പോൾ ആ ഭാഗം തകരും അത് ആര് നന്നാക്കുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

Tags:    

Similar News