മെയ് രണ്ടിനകം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തണം: ഹൈക്കോടതി

എസ്. ശർമ്മയും, നിയമസഭാ സെക്രട്ടറിയും നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടപെടൽ.

Update: 2021-04-12 08:46 GMT
Advertising

കേരളത്തിൽ ഒഴിവു വരുന്ന മൂന്ന് രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി. ഇതോടെ നിലവിലുള്ള നിയമസഭാ അംഗങ്ങൾക്ക് വോട്ടവകാശം ലഭിക്കും. രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ നിയമസഭാ സെക്രട്ടറിയും എസ്. ശർമ എം.എൽ.എയും നൽകിയ ഹരജികളിലാണ് കോടതി ഉത്തരവ്.

ഏപ്രിൽ 21 നാണ് കേരളത്തിൽ നിന്നുള്ള എം.പിമാരായ വയലാർ രവി, കെ. കെ രാഗേഷ്, പി. വി അബ്ദുൽ വഹാബ് എന്നിവരുടെ കാലാവധി തീരുന്നത്. നിലവിലെ നിയമസഭാംഗങ്ങൾ വിരമിക്കും മുമ്പ് തെരഞ്ഞെടുപ്പ് നടപടി വേണമെന്നും അംഗങ്ങള്‍ വോട്ട് ചെയ്യാനുള്ള അവകാശം ഉറപ്പാക്കണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം.

നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാല് കമ്മീഷന്‍ നിലപാട് മാറ്റുകയും ഏപ്രില് 21 ന് മുമ്പ് വിജ്ഞാപനം പുറപ്പെടുവിക്കാമെന്ന് അറിയിക്കുകയും ചെയ്തു. ഏപ്രിൽ 12ന് തെരഞ്ഞെടുപ്പു നടത്താമെന്ന് വ്യക്തമാക്കി മാർച്ച് 17ന് വാർത്താക്കുറിപ്പാണ് ഇറക്കിയതെന്നും വിജ്ഞാപനമല്ലെന്നും കമീഷൻ വ്യക്തമാക്കിയിരുന്നു.

കോടതി നിര്‍ദേശ പ്രകാരം കമ്മീഷന്‍ നല്കിയ വിശദീകരണത്തില്‍ കേന്ദ്ര നിയമകാര്യ മന്ത്രാലയം തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതില്‍ ഇടപെട്ടെന്ന് വ്യക്തമാക്കിയിരുന്നു. സമയ ബന്ധിതമായി തെരഞ്ഞെടുപ്പ് നടത്തുകയെന്നത് ബാധ്യതയാണെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു. വേഗത്തിൽ തെരഞ്ഞെടുപ്പ് നടത്തുകയെന്ന് ഉത്തരവാദിത്വമാണെന്ന് കമ്മീഷൻ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശം നല്കി. തുടര്‍ന്നാണ് മെയ് രണ്ടിനകം തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിട്ടത്.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News