ഗവർണറുടെ വിമാനയാത്രാ ചെലവിന് 30 ലക്ഷം അധികം അനുവദിച്ച് സർക്കാർ
സാമ്പത്തിക നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്
തിരുവനന്തപുരം: ഗവർണറുടെ വിമാന യാത്രയ്ക്ക് 30 ലക്ഷം രൂപ അധികം അനുവദിച്ച് സർക്കാർ. സാമ്പത്തിക നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. ഈ മാസം ഏഴിന് തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയിരുന്നു.
2022-23ലെ ബജറ്റിൽ ഗവർണറുടെ യാത്രയ്ക്കായി അനുവദിച്ച തുക തീർന്നതോടെയാണ് അധികതുക അനുവദിച്ചത്. 25 ലക്ഷം വരെയുള്ള തുകകൾ ട്രഷറിയിൽ നിന്നും മാറുന്നതിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ധനവകുപ്പിന്റെ പ്രത്യേക അനുമതി ലഭിച്ചാൽ മാത്രമേ ട്രഷറിയിൽ നിന്നും ബില്ല് പാസാവുകയുള്ളു.
ഡിസംബര്‍ 30നാണ് ഗവർണറുടെ വിമാനയാത്രയ്ക്ക് അധികമായി ചിലവായ 30 ലക്ഷം രൂപ ആവശ്യപ്പെട്ട് രാജ്ഭവന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാരിന് കത്ത് നല്‍കിയത്. അന്ന് വൈസ് ചാന്‍സലര്‍ തര്‍ക്കവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ശീതസമരത്തിലായിരുന്നു. ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നില്‍ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടു നില്‍ക്കുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ സര്‍ക്കാര്‍ തീരുമാനം എടുത്തില്ല.
ജനുവരി ഒമ്പതോടെ പൊതുഭരണ പൊളിറ്റിക്കല്‍ വകുപ്പ് ധനവകുപ്പിന് ഫയല്‍ കൈമാറി. അപ്പോഴും തീരുമാനം ഉണ്ടായില്ല. പിന്നീട് ജനുവരി 24 ന് വിമാനയാത്രയ്ക്ക് ചെലവായ തുക അനുവദിക്കാന്‍ അധിക ഫണ്ട് എക്സ്പെന്‍ഡിച്ചര്‍ വിങ് ബജറ്റ് വിങിനോട് ആവശ്യപ്പെട്ടു. ഇതിനിടയില്‍ 26 ന് ഗവര്‍ണറുടെ അറ്റ് ഹോമില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ പങ്കെടുക്കുകയും ചെയ്തു. ഫെബ്രുവരി 3 ന് ബജറ്റ് അവതരിപ്പിച്ചതിന് ശേഷമാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഫയലില്‍ ഒപ്പിട്ടത്. 7ന് ധനവകുപ്പ് സാമ്പത്തിക നിയന്ത്രണത്തില്‍ ഇളവ് വരുത്തി തുക അനുവദിച്ച് ഉത്തരവിറക്കി.