തണ്ടൻകല്ല് ഉരുൾപൊട്ടലിന് ആറു വയസ്; 31 ആദിവാസി കുടുംബങ്ങളെ ഇനിയും പുനരധിവസിപ്പിച്ചില്ല
മുണ്ടേരി ഫാമിലെ ചോർന്നൊലിക്കുന്ന ക്വാര്‍ട്ടേഴ്സുകളിലാണ് 2018 മുതല്‍ 31 കുടുംബങ്ങൾ താമസിക്കുന്നത്
മലപ്പുറം: 2018ലുണ്ടായ ഉരുൾപൊട്ടലിൽ എല്ലാം തകർന്ന പോത്തുകല്ല് തണ്ടൻകല്ല് ആദിവാസി ഊരിലുള്ളവരെ ഇനിയും പുനരധിവസിപ്പിച്ചില്ല. മുണ്ടേരി ഫാമിലെ ചോർന്നൊലിക്കുന്ന ക്വാര്‍ട്ടേഴ്സുകളിലാണ് ആറു വർഷമായി 31 കുടുംബങ്ങൾ താമസിക്കുന്നത്.
മുണ്ടേരിയിലെ കാർഷിക വകുപ്പിൻ്റെ ഫാമിന് മുകളിലുള്ള തണ്ടൻകല്ലിലാണ് ഇവർ താമസിച്ചിരുന്നത്. 2018ൽ ഉരുൾപൊട്ടലിനു മുന്‍പുതന്നെ തണ്ടൻകല്ലിൽ ഉണ്ടായിരുന്നവരെ മാറ്റിയതിനാൽ ആർക്കും ജീവൻ നഷ്ടപ്പെട്ടില്ല. സുരക്ഷിതമായ സ്ഥലത്തേക്ക് മാറുന്നതുവരെ മുണ്ടേരി കാർഷിക ഫാമിൻ്റെ പഴയ ക്വാര്‍ട്ടേഴ്സിൽ തൽക്കാലം താമസിപ്പിച്ചു. ഒരാഴ്ചയ്ക്കുള്ള താമസം നീണ്ടുപോയി ഇപ്പോള്‍ ആറു വർഷം പിന്നിട്ടിരിക്കുകയാണ്.
ആദിവാസികളെ താമസിപ്പിച്ച ക്വാര്‍ട്ടേഴ്സിൽ വൈദ്യുതി പോലും നൽകിയിട്ടില്ല. ചോർന്നൊലിക്കുന്നതിനാൽ വീടുകൾക്ക് മുകളിലൂടെ പ്ലാസ്റ്റിക് ഷീറ്റുകൾ വിരിച്ചിരിക്കുകയാണ്. കോൺക്രീറ്റ് സീലിങ് അടർന്നുവീണുകൊണ്ടിരിക്കുകയാണ്.
ഉരുൾപൊട്ടലുണ്ടായ തണ്ടൻകല്ലിൽ താമസിക്കുന്നത് നിലവില്‍ സുരക്ഷിതമല്ല. ഭൂമിയും വീടും നൽകി ആദിവാസികളെ പുനരധിവസിപ്പിക്കുകയാണു വേണ്ടത്. ഉരുൾപൊട്ടലിൽ ഭൂരഹിതരും ഭവനരഹിതരുമായ തങ്ങളെ ഉടൻ പുനരധിവസിപ്പിക്കുമെന്നാണ് തണ്ടൻകല്ല് നിവാസികൾക്ക് പറയാനുള്ളത്.
Summary: 31 tribal families from Malappuram's Thandankallu, Pothukallu, are yet to be rehabilitated after the 2018 landslide