മലയില്‍ കുടുങ്ങിയിട്ട് 43 മണിക്കൂര്‍; സൈന്യം ബാബുവിന്‍റെ അരികിലെത്തി
മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് രക്ഷാപ്രവർത്തനം നടത്തുന്നത്
പാലക്കാട് മലമ്പുഴ ചെറാട് മലയിടുക്കിൽ കുടുങ്ങികിടക്കുന്ന ബാബുവിനെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമം തുടരുന്നു. സൈന്യം ബാബുവിന്‍റെ അരികിലെത്തി. ബാബുവുമായി സംസാരിച്ചു. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ബാബു മലയിൽ കുടുങ്ങിയിട്ട് 43 മണിക്കൂർ പിന്നിട്ടു.
ബാബുവും മൂന്ന് സുഹൃത്തുക്കളും കൂടിയാണ് മല കയറിയത്. ഇതിനിടെ ബാബു കാൽവഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹൃത്തുക്കൾ ബാബുവിനെ രക്ഷിക്കാനായി വടിയും മറ്റും ഇട്ട് നൽകിയെങ്കിലും രക്ഷിക്കാനായില്ല.പിന്നീട് ബാബുവിന്‍റെ സുഹൃത്തുക്കൾ മലയിറങ്ങിയ ശേഷം പൊലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു.
കൊക്കയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ കോസ്റ്റ്ഗാർഡിന്‍റെ ഹെലികോപ്ടര്‍ എത്തിയിരുന്നു. കോസ്റ്റ് ഗാർഡിന്‍റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കിയെങ്കിലും ബാബുവിനെ രക്ഷിക്കാനായില്ല. ബാബുവിന് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ശ്രമമാണ് രക്ഷാ പ്രവർത്തകർ ആദ്യം നടത്തിയത്. ആ ശ്രമവും വിഫലമായിരിക്കുകയാണ്. ചെങ്കുത്തായ പാറകളാൽ നിബിഡമായ പ്രദേശത്ത് ഹെലികോപ്ടർ ലാന്‍റ് ചെയ്യുകയെന്നത് ഒരിക്കലും സാധ്യമല്ല. ബാബുവിനെ രക്ഷിക്കാനാവാതെ കോസ്റ്റ്ഗാർഡിന്‍റെ ഹെലികോപ്ടർ മടങ്ങി പോയത് രക്ഷാപ്രവർത്തനത്തെ ഏറെ പ്രതിസന്ധിയിലാക്കി.