ദിവേഷ് ലാലിന് ഇനി വീടണയാം; മോചനത്തിനായി മുനവ്വറലി തങ്ങളുടെ നേതൃത്വത്തിൽ മൂന്നു ദിവസം കൊണ്ട് സമാഹരിച്ചത് 46 ലക്ഷം രൂപ
നിർത്തിയിട്ട വാഹനം അബദ്ധത്തിൽ പിറകോട്ട് നീങ്ങി ഈജിപ്ത് സ്വദേശി മരിച്ചതിനെ തുടർന്ന് അങ്ങാടിപ്പുറം കളപ്പാറ സ്വദേശി ദിവേഷ് ലാൽ ഖത്തർ ജയിലിലാണ്.
മലപ്പുറം: വാഹനാപകടത്തിൽ ഈജിപ്ത് സ്വദേശി മരിച്ചതിനെ തുടർന്ന് ഖത്തറിൽ ജയിലിൽ കഴിയുന്ന മലപ്പുറം അങ്ങാടിപ്പുറം സ്വദേശി ദിവേഷ് ലാലിന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു. നിർത്തിയിട്ട വാഹനം അബദ്ധത്തിൽ പിറകോട്ട് നീങ്ങിയാണ് ഈജിപ്ത് സ്വദേശി മരണപ്പെട്ടത്. ബ്ലഡ് മണിയായി 46 ലക്ഷം രൂപ അടച്ചാൽ മാത്രമേ ദിവേഷിന് നാട്ടിലേക്ക് മടങ്ങാൻ കഴിയുകയൂള്ളൂ.
കഴിഞ്ഞ ശനിയാഴ്ചയാണ് ദിവേഷ് ലാലിന്റെ കുടുംബം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെ കണ്ട് സഹായമഭ്യർഥിച്ചത്. പ്രാദേശികമായി രൂപീകരിച്ച കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നു ലക്ഷം രൂപ സമാഹരിച്ചിരുന്നു. ബാക്കി 43 ലക്ഷം രൂപ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർഥിച്ചാണ് അവർ പാണക്കാട്ടെത്തിയത്. ദിവേഷിന്റെ മോചനത്തിന് സുമനസ്സുകളുടെ സഹായം തേടി മുനവ്വറലി തങ്ങൾ അന്ന് തന്നെ ഫേസ്ബുക്ക് പോസ്റ്റിട്ടു. ഇന്ന് വൈകുന്നേരത്തോടെ പണം പൂർണമായും സമാഹരിക്കാനായെന്ന് തങ്ങൾ വ്യക്തമാക്കി.