5 കോടി തട്ടിയെന്ന് പരാതി; കോഴിക്കോട് കെഎസ്ആർടിസി നടത്തിപ്പ് അവകാശം ലഭിച്ച അലിഫ് ബിൽഡേഴ്‌സ് എം.ഡിക്കെതിരെ കേസ്
മലപ്പുറം മേലാറ്റൂർ സ്വദേശി യൂനുസിൽനിന്ന് ക്വാറി ബിസിനസിനെന്നു പറഞ്ഞു വാങ്ങിയ തുക ഉപയോഗിച്ചാണ് കെഎസ്ആർടിസി കെട്ടിടം നടത്തിപ്പിന് ആവശ്യമായ തുക അലിഫ് ബിൽഡേഴ്‌സ് നൽകിയതെന്ന ആരോപണം പരാതിയിലുണ്ട്
കോഴിക്കോട് കെഎസ്ആർടിസി കെട്ടിടം നടത്തിപ്പ് അവകാശം ലഭിച്ച അലിഫ് ബിൽഡേഴ്‌സിന്റെ എം.ഡിക്കെതിരെ പൊലീസ് കേസെടുത്തു. മൊയ്തീൻ കോയയ്‌ക്കെതിരെയാണ് പണം തട്ടിപ്പിന് കേസെടുത്തിരിക്കുന്നത്. വിദേശത്ത് ക്വാറി നടത്തിപ്പിനെന്ന പേരില് അഞ്ചുകോടി രൂപ തട്ടിയെന്ന പരാതിയിലാണ് നടപടി.
മലപ്പുറം മേലാറ്റൂർ സ്വദേശി യൂനുസാണ് നടക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അലിഫ് ബിൽഡേഴ്‌സിന്റെ നിലവിലെ എംഡി മൊയ്തീൻ കോയയും സുഹൃത്തും ചേർന്ന് വിദേശത്ത് ക്വാറി ബിസിനസ് നടത്തിപ്പിനെന്നു പറഞ്ഞു യൂനുസിൽനിന്ന് അഞ്ച് കോടി രൂപ വാങ്ങിയിരുന്നു. എന്നാൽ, പണം ബിസിനസിനായി നിക്ഷേപിക്കുകയോ ഇതിന്റെ ലാഭവിഹിതം നൽകുകയോ പണം തിരിച്ചുനൽകുകയോ ചെയ്തില്ലെന്നാണ് പരാതി.
വഞ്ചനാക്കുറ്റം ചുമത്തിയാണ് മൊയ്തീൻ കോയയ്ക്കും മറ്റൊരാൾക്കുമെതിരെ കേസെടുത്തിരിക്കുന്നത്. രണ്ടു വർഷം മുൻപ് നടന്ന ഇടപാടിൽ ഇപ്പോഴും കരാർ അനുസരിച്ച് പണം തിരിച്ചുനൽകുകയോ ലാഭവിഹിതം നൽകുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് യൂനുസ് പൊലീസിനെ സമീപിച്ചത്. ഈ തുക ഉപയോഗിച്ചാണ് കെഎസ്ആർടിസി കെട്ടിടം നടത്തിപ്പിന് ആവശ്യമായ തുക അലിഫ് ബിൽഡേഴ്‌സ് നൽകിയതെന്ന ആരോപണവും പരാതിയിലുണ്ട്. അത്തരം കാര്യങ്ങളിലേക്ക് പൊലീസ് അന്വേഷണം നീണ്ടിട്ടില്ല. എന്നാൽ, സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കെഎസ്ആർടിസി സമുച്ചയത്തിന്റെ നിർമാണത്തിലെ അപാകതയെച്ചൊല്ലി വിവാദങ്ങൾ സജീവമാകുന്നതിനിടെയാണ് കെട്ടിട നടത്തിപ്പ് അവകാശം ലഭിച്ച കമ്പനിയും വിവാദത്തിലാകുന്നത്.