'എല്ലാവർക്കും നേത്രാരോഗ്യം': നേർക്കാഴ്ച പദ്ധതിക്ക് 50 കോടി
ദാരിദ്ര്യം തുടച്ചുനീക്കാന്‍ 50 കോടി രൂപ വകയിരുത്തി
തിരുവനന്തപുരം: എല്ലാവര്‍ക്കും നേത്രാരോഗ്യം ഉറപ്പാക്കാന്‍ നേര്‍ക്കാഴ്ച പദ്ധതിക്ക് 50 കോടി രൂപ വകയിരുത്തി. കാഴ്ചാ വൈകല്യമുള്ളവര്‍ക്ക് സൗജന്യ കണ്ണട നല്‍കും. ബജറ്റ് അവതരണ വേളയിലാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്‍റെ പ്രഖ്യാപനം.
ദാരിദ്ര്യം തുടച്ചുനീക്കാന്‍ 50 കോടി രൂപ വകയിരുത്തി. 64,066 ദരിദ്ര കുടുംബങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കും. ഇതിനായാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് 50 കോടി രൂപ നല്‍കുന്നത്.
വർക്ക് നിയർ ഹോം പദ്ധതിക്ക് പ്രാദേശിക തലത്തിൽ രൂപരേഖയുണ്ടാക്കി. ഇതിന് 1,000 കോടി ചെലവ് പ്രതീക്ഷിക്കുന്നു. ഐടി മേഖലയിൽ വർക്ക് നിയർ ഹോം സൗകര്യം ഒരുക്കാൻ ഈ വർഷം 50 കോടി വകയിരുത്തി. ഐടി മേഖലയില്‍ കോമണ്‍ ഫെസിലിറ്റി സെന്‍ററുകള്‍ തുടങ്ങും.
വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടാന്‍ 2000 കോടി മാറ്റിവെച്ചിട്ടുണ്ട്. മെയ്ക്ക് ഇന്‍ കേരള പദ്ധതി വ്യാപകമാക്കും. ഇതിനായി 1000 കോടി രൂപ വകയിരുത്തി. ഈ വർഷത്തേക്ക് 100 കോടിയാണ് അനുവദിച്ചത്. കെ.എന്‍ ബാലഗോപാലിന്‍റെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റവതരണമാണ് സഭയില്‍ പുരോഗമിക്കുന്നത്.
അതിജീവനത്തിന്‍റെയും വീണ്ടെടുപ്പിന്‍റെയും പ്രതീക്ഷകൾ യാഥാർഥ്യമായ വർഷമാണിതെന്ന് ധനമന്ത്രി പറഞ്ഞു. നോട്ട് നിരോധനം അടക്കമുള്ള വെല്ലുവിളികളെ അതിജീവിക്കാൻ കഴിഞ്ഞു. കാർഷിക വ്യവസായ മേഖലയിലെ വളർച്ച സമീപ കാലത്ത് ഇതാദ്യമാണ്. കാര്‍ഷിക മേഖലയില്‍ 6.7 ശതമാനം വളര്‍ച്ചയുണ്ടായി. ഇത്തരത്തിൽ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിച്ച് ഉത്പാദനവും അതുവഴി വരുമാനവും വർധിപ്പിക്കുക എന്നതാണ് ഇടത് സർക്കാരിന്‍റെ നയം. തനത് വരുമാനവും കൂടി. വ്യവസായ മേഖലയിൽ ഉൽപന്ന നിർമാണ മേഖലയിൽ വളർച്ച ഉണ്ടായി. തനത് വരുമാനം 68,803.5 കോടിയായെന്നും ധനമന്ത്രി പറഞ്ഞു.