500 കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവം; പ്രതികളെ ഹോട്ടൽ ജീവനക്കാർ തിരിച്ചറിഞ്ഞു
ഇറച്ചി വിതരണം നടത്തിയിരുന്ന കൊച്ചിയിലെ മൂന്ന് ഹോട്ടലുകളിൽ എത്തിച്ചായിരുന്നു ഇന്ന് തെളിവെടുപ്പ്
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ 500 കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ പ്രതികളെ ഹോട്ടലുകളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇറച്ചി വിതരണം നടത്തിയിരുന്ന കൊച്ചിയിലെ മൂന്ന് ഹോട്ടലുകളിൽ എത്തിച്ചായിരുന്നു ഇന്ന് തെളിവെടുപ്പ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കളമശ്ശേരി കൈപ്പടമുകളിൽ ഇറച്ചി സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലായിരുന്നു മുഖ്യപ്രതി ജുനൈസിനെയും സഹായി നിസാബിനെയും ആദ്യം എത്തിച്ചത്. 10 മണിയോടെ രണ്ട് പ്രതികളെയും കെട്ടിടത്തിൽ എത്തിച്ച് തെളിവെടുത്തു. ഇരുവരും ഇറച്ചി വിതരണം നടത്തിയിരുന്നു കൊച്ചി നഗരത്തിലെ ഹോട്ടലുകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.ഹോട്ടലുകളിലെ ജീവനക്കാർ പ്രതികളെ തിരിച്ചറിഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലും പ്രതികളെ ഹോട്ടലുകളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിരുന്നു. കേരളത്തിലേക്ക് എത്തുന്ന സുനാമി ഇറച്ചിയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണമാണ് ഇപ്പോൾ പൊലീസ് നടത്തുന്നത്.