ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി രാജ്ഭവന് 59 ലക്ഷം കൂടി അനുവദിച്ചു

യാത്രപ്പടിക്ക് 15 ലക്ഷം, ഇന്ധനത്തിന് ആറു ലക്ഷം, മറ്റ് ചെലവുകൾക്ക് 35 ലക്ഷം, ചികിത്സാ ചെലവിനായി മൂന്നു ലക്ഷം എന്നിങ്ങനെയാണ് ധനവകുപ്പ് നൽകിയത്

Update: 2023-11-02 12:08 GMT
Advertising

തിരുവനന്തപുരം: രാജ്ഭവന് 59 ലക്ഷം അനുവദിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. രാജ്ഭവന് പണം നൽകാൻ മുഖ്യമന്ത്രിയുടെ നിർദേശം ലഭിച്ചതിന് പിന്നാലെയാണ് 59 ലക്ഷം അധിക ഫണ്ട് ധനവകുപ്പ് അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്.

ബജറ്റിൽ അനുവദിച്ച തുക തീർന്നതോടെയാണ്  രാജ്ഭവൻ വീണ്ടും പണം ആവശ്യപ്പെട്ടത്. യാത്രപ്പടിക്ക് 15 ലക്ഷം, ഇന്ധനത്തിന് 6 ലക്ഷം, മറ്റ് ചെലവുകൾക്ക് 35 ലക്ഷം, ചികിൽസ ചെലവിനായി 3 ലക്ഷവുമാണ് അനുവദിച്ചത്.

പണം ആവശ്യപ്പെട്ട് ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി ഒക്ടോബർ 4 ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. പണം അനുവദിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം വന്നതിന് പിന്നാലെ ഒക്ടോബർ 28 ന് പണം അനുവദിച്ച് ധനവകുപ്പ് ഉത്തരവും ഇറങ്ങി.

ഇന്ധനത്തിന് 6.85 ലക്ഷവും മറ്റ് ചെലവുകൾക്ക് 70 ലക്ഷവും യാത്ര ബത്തക്ക് 10 ലക്ഷവും ചികിൽസ ചെലവിന് 1.75 ലക്ഷവും ആണ് 2023 - 24 ലെ ബജറ്റിൽ രാജ്ഭവനായി വകയിരുത്തിയിരുന്നത്. 12.52 കോടി രൂപയാണ് ഗവർണർക്കും പരിവാരങ്ങൾക്കും ആയി ഈ സാമ്പത്തിക വർഷം ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.ബജറ്റ് ശീർഷകങ്ങളിലെ തുക തീരുന്ന മുറക്ക് പണം ആവശ്യപ്പെടുന്നതാണ് രാജ്ഭവൻ്റെ നടപടി ക്രമം.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News