ഓളപ്പരപ്പിൽ തുഴയാവേശം; പുന്നമടക്കായലിൽ മാറ്റുരയ്ക്കാൻ 19 ചുണ്ടൻവള്ളങ്ങൾ

നാല് മണിയോടെ ഏവരും കാത്തിരിക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ മത്സരം നടക്കും.

Update: 2024-09-28 12:10 GMT
Advertising

ആലപ്പുഴ: വള്ളംകളി പ്രേമികളെ ആവേശത്തിലാഴ്ത്തി പുന്നമടക്കായലിൽ ജലോത്സവത്തിന് തുടക്കം. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് 70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്തു. പുന്നമട കായലിനെ ഇളക്കിമറിച്ച് ഒന്‍പത് വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് ഇക്കുറി മാറ്റുരയ്ക്കുന്നത്.

കായലോരങ്ങളെ ആവേശത്തിലാഴ്ത്തി ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളാണ് ഇനി ആദ്യം നടക്കുക. 19 ചുണ്ടൻ വള്ളങ്ങളാണ് ഹീറ്റ്‌സ് ഇനത്തിൽ മത്സരിക്കുന്നത്. നാല് മണിയോടെ ഏവരും കാത്തിരിക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ മത്സരം നടക്കും. ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ അടക്കമുള്ളവര്‍ പങ്കെടുത്തു.

ആദ്യ നാല് ഹീറ്റ്‌സുകളില്‍ നാലു വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്‌സില്‍ മൂന്ന് വള്ളങ്ങളുമാണ് ഏറ്റുമുട്ടുന്നത്. ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് ഫൈനല്‍ പോരാട്ടത്തിനിറങ്ങുക. വൈകീട്ട് 5.30ഓടെ പൂര്‍ത്തിയാവുന്ന വിധത്തിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ആയിരക്കണക്കിന് കാണികളാണ് കായലോരങ്ങളിൽ മത്സരം കാണാനായി തടിച്ചുകൂടിയിരിക്കുന്നത്.

വള്ളംകളിയായതിനാല്‍ ഇന്ന് ആലപ്പുഴ ജില്ലയില്‍ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനായിരുന്നു കഴിഞ്ഞ വർഷം ജേതാവായത്. കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനു ആറ് മില്ലി സെക്കൻഡ് വ്യത്യാസത്തിലാണു കപ്പ് കൈവിട്ടുപോയത്.

സാധാരണ ആ​ഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയായിരുന്നു നെഹ്രു ട്രോഫി വള്ളംകളി നടക്കുന്നത്. എന്നാൽ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ നീട്ടിവയ്ക്കുകയായിരുന്നു. 

Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News