കേരളത്തില്‍ 8 പേര്‍ക്കു കൂടി ഒമിക്രോണ്‍; ആദ്യ രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു

സംസ്ഥാനത്ത് ആദ്യമായി ഒമിക്രോണ്‍ പോസിറ്റീവായ എറണാകുളം സ്വദേശിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു

Update: 2021-12-24 16:58 GMT
Advertising

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 1, കൊല്ലം 1, ആലപ്പുഴ 2, എറണാകുളം 2, തൃശൂര്‍ 2 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

റഷ്യയില്‍ നിന്നും ഡിസംബര്‍ 22ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ വിദേശി (48), 16ന് നമീബിയയില്‍ നിന്നും എറണാകുളത്തെത്തിയ കൊല്ലം സ്വദേശി (40), 17ന് ഖത്തറില്‍ നിന്നും എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശിനി (28), 11ന് ഖത്തറില്‍ നിന്നും എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശി (40), യുകെയില്‍ നിന്ന് 18ന് എറണാകുളത്തെത്തിയ പെണ്‍കുട്ടി (3), യുഎഇയില്‍ നിന്നും 18ന് എത്തിയ എറണാകുളം സ്വദേശി (25), കെനിയയില്‍ നിന്നും 13ന് എറണാകുളത്തെത്തിയ തൃശൂര്‍ സ്വദേശി (48), പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള തൃശൂര്‍ സ്വദേശിനി (71) എന്നിവര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 37 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

യു.കെയില്‍ നിന്നും മാതാപിതാക്കളോടൊപ്പം എത്തിയതാണ് മൂന്ന് വയസുകാരി. എയര്‍പോര്‍ട്ടിലെ കോവിഡ് പരിശോധനയില്‍ മാതാപിതാക്കള്‍ നെഗറ്റീവായിരുന്നു. ഹോം ക്വാറന്റൈനിലായിരുന്നു ഇവര്‍. കുട്ടിക്ക് പനിയും മറ്റ് ലക്ഷണങ്ങളും കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ച ഇവരുടെ സാമ്പിളുകളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇവര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരുന്നു.

സംസ്ഥാനത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ പോസിറ്റീവായ യുകെയില്‍ നിന്നും വന്ന എറണാകുളം സ്വദേശിയെ (39) ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ പരിശോധനയില്‍ നെഗറ്റീവായതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News