തനിച്ചു താമസിക്കുന്ന വയോധികയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നു: രണ്ടു പേര്‍ അറസ്റ്റില്‍
മീന്‍ വില്‍പ്പനയ്ക്കിടെയാണ് മോഷണം ആസൂത്രണം ചെയ്തത്
കൊല്ലം ചടയമംഗലത്ത് വയോധികയെ ആക്രമിച്ച് മൂന്നു പവൻ സ്വർണം കവർന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ. മീൻ വിൽപ്പനയുടെ മറവിലാണ് ഇരുവരും മോഷണം ആസൂത്രണം ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.
ചടയമംഗലം പോരേടം സ്വദേശികളായ ഷാൻ, മുഹമ്മദ് റാസി എന്നിവരാണ് പിടിയിലായത്. പോരേടം ഒല്ലൂർ കോണം സ്വദേശിനിയായ 80 വയസുകാരി അമീറത്തു ബീവിയുടെ മൂന്നു പവൻ മാലയാണ് പ്രതികൾ കവർന്നത്. ഓട്ടോയിൽ മീൻ വിൽപ്പന നടത്തുന്നവരാണ് ഷാനും റാസിയും. അമീറത്തു ബീവി സ്ഥിരം മീൻ വാങ്ങിയിരുന്നത് ഇവരിൽ നിന്നായിരുന്നു. ആ പരിചയത്തിലൂടെ അമീറത്തു ബീവി ഒറ്റയ്ക്കാണ് താമസമെന്ന് ഇരുവരും മനസിലാക്കിയത്. തുടർന്ന് മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ അമീറത്ത് ബീവിയുടെ വീടിന് സമീപത്ത് ബൈക്കിൽ എത്തിയ പ്രതികൾ വീട്ടിലെ ഫ്യൂസ് ഊരി വൈദ്യുതി ബന്ധം തടസപ്പെടുത്തി. ശേഷം വയോധികയെ കഴുത്തിൽ കുത്തിപ്പിടിച്ച് വായും മൂക്കും പൊത്തി തറയിൽ തള്ളിയിട്ട് സ്വർണ മാല പൊട്ടിച്ചെടുത്തു. നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോൾ രണ്ടു പേർ ഓടി രക്ഷപ്പെടുന്നത് കണ്ടു. തുടർന്ന് പൊലീസിൽ പരാതി നൽകി. പൊലീസെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു.