പെരിയ കേസില്‍ 88 ലക്ഷം, ഷുഐബ് കേസില്‍ 86 ലക്ഷം: അഭിഭാഷകർക്കായി സർക്കാരിന്‍റെ ധൂർത്ത്
നിയമമന്ത്രി നിയമസഭയെ അറിയിച്ച കണക്കും വിവരാവകാശ രേഖയും തമ്മിൽ വൈരുധ്യം ഏറെ
സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള അഭിഭാഷകർക്ക് കോടികള്‍ ചെലവഴിച്ചെന്ന് വിവരാവകാശ റിപ്പോര്‍ട്ട്. 2016 മുതൽ 2021 മെയ് 31 വരെയുള്ള കാലയളവിലാണ് ഫീസിനത്തിൽ 5.03 കോടിയിലധികം (5,03,40,000) രൂപ ചെലവഴിച്ചത്. സർക്കാരിനുവേണ്ടി കഴിഞ്ഞ അഞ്ച് വർഷക്കാലം വിവിധ കേസുകള്‍ വാദിക്കുന്നതിനായി സുപ്രീംകോടതി അഭിഭാഷകരുള്‍പ്പെടെ പതിനെട്ട് പേരാണ് എത്തിയത്. ഇവരുടെ യാത്രാ ചെലവ് ഉള്‍പ്പടെയാണ് ഇത്രയും വലിയ തുക ചെലവഴിച്ചത്. ഇവരുടെ വിമാന യാത്രയ്ക്ക് 25 ലക്ഷത്തിലധികം രൂപയും, താമസ-ഭക്ഷണ ചെലവിനായി എട്ടര ലക്ഷവും ചെലവാക്കി
പെരിയ കേസിൽ ഫീസിനത്തിൽ 88 ലക്ഷവും, ഷുഐബ് കേസിൽ 86 ലക്ഷവും അഭിഭാഷക ഫീസിനത്തിലായി നൽകി. അഭിഭാഷകരായ രഞ്ജിത് കുമാര്‍, മനീന്ദര്‍ സിംഗ്, പ്രഭാസ് ബജാജ് എന്നിവരാണ് പെരിയ കേസ് കോടതിയില്‍ വാദിക്കാനായി പുറത്തുനിന്നെത്തിയത്. ഷുഐബ് കേസിൽ വിജയ് ഹന്‍സാരിയ, അമരേന്ദ്ര ശരണ്‍ എന്നിവരും സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായി. അമരേന്ദ്രശരണിന് നല്‍കേണ്ട 22 ലക്ഷം രൂപ കൈമാറിയിട്ടില്ലെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയില്‍ പുറത്തു നിന്നും വിവിധ കേസുകളിലായി സർക്കാരിന് വേണ്ടി 18 അഭിഭാഷകരാണ് ഹാജരായത്. 34 തവണയാണ് അഭിഭാഷകർ എത്തിയത്. ഇവരുടെ വിമാന യാത്രാ ചിലവ്, ഫീസിന് പുറമേ താമസം അടക്കം ചിലവായ കണക്കുകളും വിവരാവകാശ രേഖയില്‍ കൃത്യമായി പറയുന്നുണ്ട്. 2913 ഫയലുകൾ നിയമവകുപ്പിൽ കെട്ടിക്കിടക്കുന്നതായും വിവരാവകാശ രേഖയില്‍ പറയുന്നു.
അതെ സമയം നിയമമന്ത്രി നിയമസഭയെ അറിയിച്ച കണക്കും വിവരാവകാശ രേഖയും തമ്മിൽ വൈരുധ്യം ഏറെയാണ്. ജൂലൈ 22ന് കെ.കെ രമ എം.എല്‍.എയുടെ ചോദ്യത്തിന് നിയമമന്ത്രി പി രാജീവ് 19 കോടിയോളം രൂപ പുറത്തുനിന്നുള്ള അഭിഭാഷകൾക്കായി ചെലവാക്കിയെന്നാണ് സഭയെ അറിയിച്ചിരുന്നത്. സര്‍ക്കാര്‍ അഭിഭാഷകരുണ്ടായിട്ടും സര്‍ക്കാര്‍ കേസുകള്‍ വാദിക്കുന്നതിനായി ഇത്തരത്തില്‍ പുറമേ നിന്നും അഭിഭാഷകനെ നിയോഗിക്കേണ്ടി വരുന്നതിന്‍റെ കാരണമെന്തെന്ന ചോദ്യത്തിന് പ്രത്യേക നിയമ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യവഹാരങ്ങളില്‍ ആ വിഷയങ്ങളില്‍ അവഗാഹവും പ്രത്യേക പ്രവര്‍ത്തന പരിചയമുള്ള അഭിഭാഷകരുടെ സേവനം ഉപയോഗിക്കേണ്ടി വരുമെന്നാണ് നിയമമന്ത്രി അറിയിച്ചത്.