മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞ സംഭവം; ഫാ. യൂജിൻ പെരേരയ്‌ക്കെതിരെ കേസെടുത്തു
കലാപാഹ്വാനത്തിനുള്ള വകുപ്പ് ചുമത്തിയാണ് അഞ്ചുതെങ്ങ് പൊലീസ് സ്വമേധയാ കേസെടുത്തത്
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞ സംഭവത്തിൽ ഫാ. യൂജിൻ പെരേരയ്‌ക്കെതിരെ കേസെടുത്തു. കലാപാഹ്വാനത്തിനുള്ള വകുപ്പ് ചുമത്തിയാണ് അഞ്ചുതെങ്ങ് പൊലീസ് സ്വമേധയാ കേസെടുത്തത്. മുതലപ്പൊഴിയിൽ ബോട്ടപകടം നടന്ന സ്ഥലം സന്ദർശിക്കാൻ വന്ന മന്ത്രിമാരായ വി ശിവൻകുട്ടി, ജി.ആർ അനിൽ, ആന്റണി രാജു എന്നിവരെ മത്സ്യതൊഴിലാളികൾ തടയുകയാരിരുന്നു.
സ്ഥലം സന്ദർശിച്ച ശേഷം ഫാ. യൂജിൻ പെരേരയ്‌ക്കെതിരെയും ബിഷപ്പ് തോമസ് നെച്ചോയിക്കുമെതിരെയും മന്ത്രി ശിവൻകുട്ടി ഗൗരവകരമായ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് ഫാ. പെരേരക്കെതിരെ കേസെടുത്തത്.
മന്ത്രിമാർക്കെതിരെ അലറിയടുത്ത യൂജിൻ പെരേര മന്ത്രിമാരെയും കളക്ടറെയും തടയാൻ ആഹ്വാനം ചെയ്യുകയായിരുന്നു. മന്ത്രിമാർ, കളക്ടർ, ആർ.ഡി.ഓ തുടങ്ങിയ ഉദ്യോഗസ്ഥർക്കെതിരെ ഫാ. യൂജിൻ പെരേര രൂക്ഷമായി പ്രതികരിച്ചു. ക്രമസമാധാന നില തകരുന്ന തരത്തിലുള്ള സാഹചര്യം സൃഷ്ടിച്ചു. ഇതിന് മുമ്പ് വിഴിഞ്ഞം സമരം കലാപമാക്കി തീർക്കാനുളള ശ്രമം ഫാ. പെരേര നടത്തിയിരുന്നു. അന്ന് സമരം വിജയിക്കാതെ വന്നപ്പോൾ സർക്കാറുമായി ഒത്തിതീർപ്പാക്കുകയായിരുന്നു, അതിന്റെ ദേഷ്യമാണ് ഇപ്പോൾ നടത്തുന്നതെന്നും ശിവൻകുട്ടി ആരോപിച്ചു.
മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ നടപ്പാക്കിയിട്ടില്ലെന്നും അതിൽ നിന്നും രക്ഷപെടാനുള്ള വ്യാജമായ ആരോപണങ്ങളാണ് മന്ത്രിയുടേതെന്നും യൂജിൻ പെരേര ആരോപിച്ചു. മത്സ്യതൊഴിലാളികളുടെ ദുഃഖത്തിൽ പങ്കുചേരുകയാണ് താൻ ചെയ്തത്. മന്ത്രി നില തെറ്റി സംസാരിക്കുകയാണെന്നും യുജിൻ പെരേര കുറ്റപ്പെടുത്തി.