നിഖിൽ തോമസിന് സർട്ടിഫിക്കറ്റ് നിർമിച്ച ഏജൻസി ഉടമക്കായി തെരച്ചിൽ ഊര്‍ജിതം
കായംകുളം സിഐ മുഹമ്മദ് ഷാഫിക്കാണ് അന്വേഷണ ചുമതല
ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ മുൻ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിന് സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയ എറണാകുളത്തെ ഏജൻസി ഉടമക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. കായംകുളം സിഐ മുഹമ്മദ് ഷാഫിക്കാണ് അന്വേഷണ ചുമതല. ഒളിവിൽ കഴിയുന്ന തിരുവനന്തപുരം സ്വദേശി സജു എസ് ശശിധരനെ കണ്ടെത്താനായാൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണക്ക് കൂട്ടൽ.
മാൾട്ടയിൽ ജോലിക്കായി വിസ വാഗ്ദാനം ചെയ്തു പലരിൽ നിന്നായി പണം തട്ടിയെടുത്ത കേസിൽ കഴിഞ്ഞ സെപ്തംബറിലാണ് ഇയാൾ പൊലീസിന്‍റെ പിടിയിലായത്. പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയായിരുന്നു. അതേസമയം കേസിലെ രണ്ടാംപ്രതി അബിൻ സി. രാജിന് വേണ്ടിയുള്ള കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. കസ്റ്റഡിയിലുള്ള ഒന്നാം പ്രതി നിഖിൽ തോമസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് വിവരം. നിഖിലിന്‍റെ ഫോൺ കൂടാതെ അബിൻ സി രാജിന്‍റെ ഫോണും പൊലീസിന് പരിശോധിക്കാൻ സാധിച്ചിട്ടില്ല. നിഖിൽ ഫോൺ ഉപേക്ഷിച്ചെന്നും അബിൻ്റെ പഴയ ഫോൺ നശിച്ചുപോയെന്നുമാണ് ഇരുവരും അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്.