ഡ്യൂട്ടിക്കെത്താതെ ഒപ്പിട്ട് പോകുന്നവര്‍ക്കെതിരെ പത്രത്തില്‍ ഫുള്‍ പേജ് പരസ്യം നല്‍കും: ബിജു പ്രഭാകര്‍
'അവരുടെ ലക്ഷ്യം പെൻഷൻ മാത്രമാണ്. അത്തരക്കാർ വി.ആർ.എസ് എടുത്തു പോകണം'
തിരുവനന്തപുരം: ഉഴപ്പുന്ന ജീവനക്കാർക്ക് കെ.എസ്.ആർ.സി സി.എം.ഡിയുടെ മുന്നറിയിപ്പ്. 'കെ.എസ്.ആർ.ടി.സി.യിൽ 1243 ജീവനക്കാർ ഡ്യൂട്ടിക്കായി വരുന്നില്ലെന്ന് ബിജു പ്രഭാകർ പറഞ്ഞു. അവർ ഇടയ്ക്കിടയ്ക്ക് വന്നു ഒപ്പിട്ടു പോകും. അവരുടെ ലക്ഷ്യം പെൻഷൻ മാത്രമാണ്. അത്തരക്കാർ വി.ആർ.എസ് എടുത്തു പോകണം. അത്തരക്കാർക്കെതിരെ പിരിച്ചു വിടൽ നടപടിയുണ്ടാകും. നോട്ടീസ് കൈപ്പറ്റാത്തവർ വരെയുണ്ട്. ഇവരെക്കുറിച്ച് പത്രത്തിൽ ഫുൾപേജ് പരസ്യം നൽകും. കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചായിരിക്കും നടപടി. ഉഴപ്പുന്നവരുമായി ഇനിയും സഹിക്കാൻ കഴിയില്ല. അന്നന്നത്തെ ഭക്ഷണത്തിനു വേണ്ടി അധ്വാനിക്കുന്നവരുണ്ട്'. ബിജു പ്രഭാകർ പറഞ്ഞു.
അതേസമയം കെ.എസ്.ആർ.ടി.സി സി.എംഡി സ്ഥാനത്തുനിന്ന് ഒഴിയാനുള്ള ബിജു പ്രഭാകരിന്റെ രാജി ആവശ്യം സർക്കാർ നിരസിച്ചു. ധനവകുപ്പിന്റെ കെടുകാര്യസ്ഥതകൊണ്ടുണ്ടാകുന്ന പ്രശ്‌നത്തിന് സി.എം.ഡി ഒഴിയേണ്ടതില്ലെന്നാണ് ഗതാഗതമന്ത്രി ആൻറണി രാജുവിൻറെ നിലപാട്.
ബിജു പ്രഭാകർ ഉന്നയിച്ച പ്രശ്‌നങ്ങൾ ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചു. ശമ്പളവിതരണം തുടർച്ചയായി തടസപ്പെട്ടതും സി.എം.ഡി നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചതുമാണ് സ്ഥാനം ഒഴിയാമെന്ന നിലപാടിലേക്ക് ബിജു പ്രഭാകരിനെ എത്തിച്ചത്.
ഓണം അടുത്തതോടെ ജീവനക്കാർക്ക് ശമ്പളവും അലവൻസും നൽകാനായില്ലെങ്കിൽ, സിഎംഡി കോടതിയിൽ അതിനും മറുപടി പറയേണ്ടി വരും. അതോടൊപ്പം ഭരണപക്ഷ യൂണിയനായ സിഐടിയു അടക്കം സിഎംഡിയോട് നിസഹകരിക്കുകയാണ്. പ്രതിസന്ധിയിലായ കോർപ്പറേഷനെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും ജീവനക്കാരുടെ ശത്രുവാകാനില്ലെന്ന നിലപാടാണ്ചീഫ് സെക്രട്ടറിയേയും ഗതാഗതവകുപ്പ് മന്ത്രിയേയും ബിജു പ്രഭാകർ അറിയിച്ചത്.