അച്ഛനെയും അമ്മയെയും വെട്ടിക്കൊന്ന അനീഷിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
വീടിന് മുന്‍പില്‍ മാവിന്‍ തൈ നടുന്നതിനെ ചൊല്ലി അമ്മ ചന്ദ്രികയുമായി അനീഷ് തര്‍ക്കത്തിലാവുകയും ചന്ദ്രികയുടെ പക്കലുണ്ടായിരുന്ന മണ്‍ വെട്ടി ഉപയോഗിച്ച് തലയ്ക്കടിക്കുകയുമായിരുന്നു
തൃശ്ശൂര്‍: വെള്ളികുളങ്ങര ഇഞ്ചക്കുണ്ടില്‍ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി രക്ഷപ്പെട്ട അനീഷിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അനീഷിനെയോ ഇയാൾ ഓടിച്ചിരുന്ന വാഹനമോ കണ്ടാൽ പൊലീസിൽ അറിയിക്കണമെന്നാണ് ആവശ്യം. ഞായറാഴ്ച രാവിലെയാണ് വീട്ടിനുപുറത്ത് വെച്ച് അനീഷ് പിതാവ് കുട്ടനെയും മാതാവ് ചന്ദ്രികയെയും കഴുത്തറുത്ത് കൊന്നത്.
കെ.എൽ.എട്ട് - പി -0806 എന്ന നമ്പരിലുള്ള കറുപ്പും നീലയും നിറങ്ങളിലുള്ള ഹീറോ ഹോണ്ട സ്പ്ലെന്‍ഡര്‍ ബൈക്കിലാണ് പ്രതി രക്ഷപ്പെട്ടത്. രക്ഷപ്പെടുമ്പോൾ ഇളം പച്ച നിറത്തിലുള്ള ടീ ഷർട്ടും കരിനീല നിറത്തിലുള്ള ട്രൌസറുമായിരുന്നു വേഷം. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വെള്ളിക്കുളങ്ങര പൊലീസിനെ അറിയിക്കണമെന്ന് ലുക്ക് ഔട്ട് നോട്ടീസിൽ പറയുന്നു.
വീടിന് മുന്‍പില്‍ മാവിന്‍ തൈ നടുന്നതിനെ ചൊല്ലി അമ്മ ചന്ദ്രികയുമായി അനീഷ് തര്‍ക്കത്തിലാവുകയും ചന്ദ്രികയുടെ പക്കലുണ്ടായിരുന്ന മണ്‍ വെട്ടി ഉപയോഗിച്ച് തലയ്ക്കടിക്കുകയുമായിരുന്നു. തടയാന്‍ എത്തിയ അച്ഛനെയും പ്രതി വീടിനകത്തു നിന്നും കത്തിയെടുത്തു കൊണ്ട് വന്ന് വെട്ടുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച അമ്മയേയും വെട്ടി. കഴുത്തിനു വെട്ടേറ്റ കുട്ടനും ചന്ദ്രികയും സംഭവസ്ഥലത്തുതന്നെ മരിച്ചു. പൊലീസ് എത്തും മുന്‍പെ അനീഷ് ബൈക്കിൽ രക്ഷപ്പെട്ടു. അനീഷും മാതാപിതാക്കളും തമ്മിൽ നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കൊലപാതകം നടക്കുമ്പോൾ അനീഷിൻ്റെ സഹോദരി വീടിനുള്ളിൽ ഉണ്ടായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന അനീഷ് 5 വർഷമായി നാട്ടിൽ എത്തിയിട്ട്. വിദേശത്തു നിന്ന് കൊണ്ടുവന്ന മൂർച്ചയുള്ള വെട്ടുകത്തിയാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തൃശൂർ റൂറൽ എസ്.പി ഐശ്വര്യ ഡോങ്ക്രെ ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയിരുന്നു.
A look-out notice has been issued for Aneesh, who hacked his father and mother