വിയോജിക്കണമെങ്കിൽ ഭൂരിപക്ഷം വേണം; വിചിത്ര തീരുമാനവുമായി കാലിക്കറ്റ് സർവകലാശാല

സിൻഡിക്കേറ്റിൽ സിപിഎം നേതൃത്വത്തിലുള്ള ഇടത് അംഗങ്ങൾക്കാണ് മൃഗീയ ഭൂരിപക്ഷം. മുന്നുപേർ മാത്രമാണ് പ്രതിപക്ഷം. സിൻഡിക്കേറ്റ് അംഗമായ ഡോ. റഷീദ് അഹമ്മദിന്റെ വിയോജനക്കുറിപ്പാണ് പല വിഷയങ്ങളിലും ഏകപക്ഷീയമായ തീരുമാനമെടുക്കുന്നതിൽ സിൻഡിക്കേറ്റിന് തടസ്സമാകുന്നത്.

Update: 2022-07-07 03:21 GMT
Advertising

കോഴിക്കോട്: എതിർ ശബ്ദങ്ങളെ അടിച്ചമർത്താൻ വിചിത്ര തീരുമാനവുമായി കാലിക്കറ്റ് സർവകലാശാലയിലെ ഇടത് സിൻഡിക്കേറ്റ്. ഏതെങ്കിലും തീരുമാനത്തിൽ വിയോജിപ്പ് രേഖപ്പെടുത്തണമെങ്കിൽ ഭൂരിപക്ഷം പേരുടെ പിന്തുണ വേണമെന്നാണ് ജൂൺ ഒമ്പതിന് നടന്ന സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനം.

കഴിഞ്ഞ ദിവസം മിനുട്‌സ് പുറത്തുവന്നപ്പോഴാണ് തീരുമാനം പുറത്തറിഞ്ഞത്. സിൻഡിക്കേറ്റിൽ സിപിഎം നേതൃത്വത്തിലുള്ള ഇടത് അംഗങ്ങൾക്കാണ് മൃഗീയ ഭൂരിപക്ഷം. മുന്നുപേർ മാത്രമാണ് പ്രതിപക്ഷം. സിൻഡിക്കേറ്റ് അംഗമായ ഡോ. റഷീദ് അഹമ്മദിന്റെ വിയോജനക്കുറിപ്പാണ് പല വിഷയങ്ങളിലും ഏകപക്ഷീയമായ തീരുമാനമെടുക്കുന്നതിൽ സിൻഡിക്കേറ്റിന് തടസ്സമാകുന്നത്. ഇതിന് തടയിടാനാണ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടക്കൽ കത്തിവെക്കുന്ന പുതിയ തീരുമാനം.

ലൈഫ് സയൻസ് ഡിപ്പാർട്‌മെന്റിലെ അധ്യാപകൻ ഡോ. രാധാകൃഷ്ണപിള്ളയെ പുറത്താക്കാൻ ഉപസമിതി തയ്യാറാക്കിയ റിപ്പോർട്ടിനെതിരെ ഡോ. റഷീദ് അഹമ്മദ് വിയോജനക്കുറിപ്പ് നൽകിയതാണ് വിവാദമായത്. വിയോജിപ്പ് പിൻവലിക്കാൻ ഭൂരിപക്ഷം സിൻഡിക്കേറ്റ് അംഗങ്ങളും ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല.

അതോടെയാണ് ഭൂരിപക്ഷത്തിന്റെ അനുമതിയില്ലാതെ വിയോജിപ്പ് രേഖപ്പെടുത്താൻ അനുവദിക്കില്ലെന്ന വിചിത്ര തീരുമാനമെടുത്തത്. ഇനിമുതൽ വിയോജനക്കുറിപ്പുകൾ യോഗത്തിൽ വായിച്ച് അംഗീകാരം നേടിയ ശേഷമേ മിനുട്‌സിൽ ഉൾപ്പെടുത്തുകയുള്ളൂവെന്നാണ് തീരുമാനം. ഇതിനെതിരെ റഷീദ് അഹമ്മദ് ചാൻസലർ കൂടിയായ ഗവർണർക്ക് പരാതി നൽകി. തീരുമാനവും തുടർന്നുണ്ടായ ഉത്തരവും റദ്ദാക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News