ഒമാൻ സ്വദേശിയുടെ ശ്വാസനാളത്തിൽ നാല് വർഷമായി കുടുങ്ങിയിരുന്ന എല്ലിന്‍ കഷണം പുറത്തെടുത്തു

ശ്വാസകോശ അണുബാധയ്ക്കുളള മരുന്ന് കഴിച്ച് താത്കാലിക ആശ്വാസം നേടിയിരുന്ന സലീം മെയ് 4നാണ് രാജഗിരി ആശുപത്രിയിൽ എത്തുന്നത്

Update: 2023-05-12 11:26 GMT
Editor : Jaisy Thomas | By : Web Desk

 ബ്രോങ്കോസ്കോപ്പിക്ക് ശേഷം  ഒമാൻ സ്വദേശി സലീം ഡോക്ടർമാർക്ക് നന്ദി പറയുന്നു

Advertising

കൊച്ചി: ഒമാനിലെ മുസാന സ്വദേശിയായ സലീം നാസറിനെ കഴിഞ്ഞ നാല് വർഷമായി വിട്ടുമാറാത്ത ചുമയും ശ്വാസകോശ പ്രശ്നങ്ങളും അലട്ടിയിരുന്നു. കഴുത്ത് അനക്കുമ്പോൾ വേദനയും ശ്വാസമെടുക്കുമ്പോഴുളള ബുദ്ധിമുട്ടും മൂലം ഒമാനിലും പുറത്തുമായി വിവിധ ആശുപത്രികളിൽ 71കാരനായ സലീം പരിശോധന നടത്തിയെങ്കിലും കാര്യമായ കുറവുണ്ടായില്ല. ശ്വാസകോശ അണുബാധയ്ക്കുളള മരുന്ന് കഴിച്ച് താത്കാലിക ആശ്വാസം നേടിയിരുന്ന സലീം മെയ് 4നാണ് രാജഗിരി ആശുപത്രിയിൽ എത്തുന്നത്.

രാജഗിരിയിൽ എത്തുമ്പോൾ ബന്ധുക്കൾക്കും റഫർ ചെയ്ത ഡോക്ടർമാർക്കും രോഗാവസ്ഥയെ കുറിച്ച് ആശങ്കയും അവ്യക്തതയും ആയിരുന്നു. ശ്വാസകോശ രോഗവിഭാഗത്തിലെ ഡോ.മെൽസി ക്ലീറ്റസിൻ്റെ നിർദ്ദേശത്തെ തുടർന്ന് നടത്തിയ എക്സ്റേ , സിടി സ്കാൻ പരിശോധനയുടെ ഫലങ്ങളാണ് വഴിത്തിരിവായത്. വലത് ശ്വാസകോശത്തിലെ പ്രധാന ശ്വാസനാളികളിലൊന്നിൽ എല്ലിന് സമാനമായ വസ്തു തടഞ്ഞിരിക്കുന്നതായി സിടി സ്കാനിൽ വ്യക്തമായി. അബദ്ധത്തിൽ പല്ല് വിഴുങ്ങി പോയതാകാം എന്ന നിഗമനത്തിലായിരുന്നു ആദ്യം ഡോക്ടർമാർ.

ശ്വാസകോശ വിഭാഗം മേധാവി ഡോ. രാജേഷിൻ്റെ നേതൃത്വത്തിൽ നടത്തിയ ബ്രോങ്കോ സ്കോപ്പിയിലൂടെ എല്ലിൻ്റെ കഷണങ്ങൾ നീക്കം ചെയ്യുകയും ശ്വസന പ്രക്രിയ പുനഃസ്ഥാപിക്കുകയും ചെയ്തു. രോഗിയുടെ പ്രായം കണക്കിലെടുത്ത് ലോക്കൽ അനസ്തേഷ്യ നൽകി അതീവ സൂക്ഷ്മതയോടെയായിരുന്നു ഡോക്ടർമാർ ബ്രോങ്കോ സ്കോപ്പി പൂർത്തിയാക്കിയത്. ശ്വാസകോശ വിഭാഗം ഡോക്ടമാരായ ഡോ. ദിവ്യ ആർ, ഡോ.ജ്യോത്സന അഗസ്റ്റിൻ എന്നിവരും ചികിത്സയിൽ പങ്കാളികളായി.

രോഗിയുടെ അറിവില്ലാതെ ഭക്ഷണ പദാർത്ഥങ്ങൾ ശ്വാസനാളത്തിലെത്തി തടസമുണ്ടാക്കുന്ന അവസ്ഥ കുട്ടികളിൽ പതിവാണെങ്കിലും മുതിർന്നവരിൽ അസാധാരണമാണെന്ന് ഡോ.രാജേഷ് വി പറഞ്ഞു. കേരളത്തിലെ ആരോഗ്യ രംഗം മികച്ചതാണെന്നും നാല് വർഷമായുളള ദുരിതത്തിൽ നിന്നും പിതാവിന് മോചനം നൽകിയ ഡോക്ർമാർക്ക് നന്ദിയെന്നും സലീമിൻ്റെ മകൻ പറഞ്ഞു. ശ്വാസകോശ വിഭാഗത്തിലെ മുഴുവൻ ജീവനക്കാർക്കും മധുരം വിതരണം ചെയ്താണ് സലീമും കുടുംബവും നാട്ടിലേക്ക് മടങ്ങിയത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News