'കേരളത്തിൽ സിപിഎം പൂതലിച്ച അവസ്ഥയിൽ'- വിമർശിച്ച് എ വിജയരാഘവൻ
സർക്കാറിനെതിരെയുള്ള ജനവികാരം തോൽവിക്ക് കാരണമായെന്ന് പി.ബി അംഗം പ്രകാശ് കാരാട്ടും പറഞ്ഞു
കൊച്ചി: കേരളത്തിൽ സിപിഎം പൂതലിച്ച അവസ്ഥയിലാണെന്ന് പി ബി അംഗം എ. വിജയരാഘവൻ. ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനം ചെയ്തുള്ള മധ്യമേഖല റിപ്പോർട്ടിങ്ങിലാണ് വിമർശനം. സർക്കാരിനെതിരെയുള്ള ജനവികാരം തോൽവിക്ക് കാരണമായെന്ന് പി.ബി അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ജനങ്ങളെ മനസിലാക്കാൻ പാർട്ടിക്കു കഴിയുന്നില്ലെന്നും പ്രകാശ് കാരാട്ട്.. അടിത്തറ വോട്ടുകൾ ബിജെപിയിലേക്ക് പോയത് പരിശോധിക്കണമെന്ന് തോമസ് ഐസക്ക് ഫേസ്ബുക്കിൽ ഐസക് കുറിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎമ്മിന്റെ വടക്കൻ മേഖലാ റിപ്പോർട്ടിങ്ങിൽ സർക്കാരിനെതിരെയും പാർട്ടി നേതൃത്വത്തിനെതിരെയും രൂക്ഷവിമർശനമാണ് ഉയർന്നിരുന്നത്. ഇതിന് പിന്നാലെയാണ് എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലെ ലോക്കൽ കമ്മറ്റി സെക്രട്ടറിമാർ മുതൽ ജില്ലാ കമ്മിറ്റി അംഗങ്ങൾക്കിടയിൽ വരെ നടത്തിയ റിപ്പോർട്ടിങ്ങിൽ വിമർശനം ഉയർന്നിരിക്കുന്നത്.
തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിച്ചത് പിബി അംഗം എ വിജയരാഘവനാണ്. ഇതിനിടെയാണ് കേരളത്തിൽ സിപിഎം പൂതലിച്ച അവസ്ഥയിലാണെന്ന പരാമർശം അദ്ദേഹം നടത്തിയത്. പാർട്ടിക്ക് ജനങ്ങളുമായുള്ള ജൈവബന്ധം നഷ്ടമായി. അടിസ്ഥാന വോട്ടുകളിലെ ചോർച്ച ഗൗരവമായി കാണണമെന്നും റിപ്പോർട്ടിങ്ങിൽ നിര്ദേശമുയർന്നു.