വയനാട്ടിൽ കോവിഡ് ടെസ്റ്റിന് പോയ യുവതിയെയും മകനെയും പൊലീസ് തടഞ്ഞുവെച്ച് മർദിച്ചെന്ന് പരാതി
മുഖ്യമന്ത്രി, വനിതാ കമ്മീഷൻ, ഡി ജി.പി തുടങ്ങിയവർക്ക് ഇതു സംബന്ധിച്ച് കുടുംബം പരാതി നൽകി
വയനാട് മീനങ്ങാടിയിൽ കോവിഡ് ടെസ്റ്റിന് പോയ യുവതിയെയും മകനെയും പൊലീസ് തടഞ്ഞുവെച്ച് മർദിച്ചെന്ന് പരാതി. മുൻ എസ്.ഐ സുന്ദരൻ്റെ ഭാര്യയും മകനുമാണ് മീനങ്ങാടി എസ് ഐ ക്കെതിരെ പരാതിയുമായെത്തിയത്. പൊലീസ് തടഞ്ഞുവെക്കുകയും ശ്രീകലയുടെ ദേഹത്തു സ്പർശിക്കുകയും ചെയ്തുവെന്നാണ് കുടുംബത്തിൻ്റെ ആരോപണം. മുഖ്യമന്ത്രി, വനിതാ കമ്മീഷൻ, ഡി ജി.പി തുടങ്ങിയവർക്ക് ഇതു സംബന്ധിച്ച് കുടുംബം പരാതി നൽകി.
എന്നാൽ കുടുംബത്തിൻ്റെ ആരോപണം ശക്തമായി നിഷേധിച്ച പൊലീസ്, യുവതി തുടക്കം മുതൽ പൊലീസുകാരോട് അപമര്യാദയായി പെരുമാറുകയും അനാവശ്യമായി ബഹളം വെക്കുകയും ചെയ്യുകയായിരുന്നുവെന്നറിയിച്ചു. സംഭവത്തിന് ദൃക്സാക്ഷികളായിരുന്ന ചിലരും ഈ വാദങ്ങൾ ശരിവെച്ചു. ഞായറാഴ്ച ഈ സംഭവത്തിന് മുമ്പോ ശേഷമോ ആർക്കും വാഹന പരിശോധനക്കിടെ പൊലീസിൽ നിന്ന് പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും പൊലീസ് വിശദീകരിക്കുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് കോളേരി സ്വദേശികളായ ശ്രീകല, മകൻ അർജുൻ എന്നിവരെ മീനങ്ങാടി പൊലീസ് തടഞ്ഞത്. ഛർദിയും പനിയുമുണ്ടായിരുന്ന ശ്രീകലയെ ആർ.ടി.പി.ആർ പരിശോധനക്ക് കൊണ്ട് പോകവെ, പൊലീസ് തടഞ്ഞുവെക്കുകയും ശ്രീകലയുടെ ദേഹത്തു സ്പർശിക്കുകയും ചെയ്തുവെന്നാണ് കുടുംബത്തിൻ്റെ ആരോപണം.