ഒരു വർഷത്തെ റോഡ് സുരക്ഷാ കലണ്ടർ പുറത്തിറക്കി
അപകടം മുൻ വർഷത്തെക്കാൾ 25 ശതമാനം കുറയ്ക്കുക ലക്ഷ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങൾ കുറച്ച് പുതിയൊരു ഗതാഗത സംസ്‌കാരം വാർത്തെടുക്കാൻ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുമായി റോഡ് സുരക്ഷാ അതോറിറ്റി. ഇതിനായി റോഡ് സുരക്ഷാ കലണ്ടർ പുറുത്തിറക്കി. റോഡ് സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ ഏജൻസികളെയും ഒരു കുടക്കീഴിൽ അണിനിരത്തിയുള്ള പദ്ധതികളാണ് അവിഷ്‌ക്കരിച്ചിട്ടുള്ളത്. അപകടം മുൻ വർഷത്തെക്കാൾ 25 ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യം.
നവംബർ ഒന്നുമുതൽ അടുത്ത വർഷം ഒക്ടോബർ 31 വരെയാണ് റോഡ് സുരക്ഷാ വാരാചരണം. എംവിഡി, പൊലീസ്, വിദ്യാഭ്യാസം, ആരോഗ്യം, പിഡബ്ലുഡി, തദ്ദേശസ്വയംഭരണ വകുപ്പുകൾ, നാറ്റ്പാക് എന്നിവ ഓരോ ആഴ്ചയും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിക്കും.
റോഡ് സുരക്ഷാ കമ്മീഷണർ എസ്. ശ്രീജിത്തിനാണ് മേൽനോട്ട ചുമതല. ഓരോ ആഴ്ചയും സ്‌പെഷ്യൽ ഡ്രൈവുകൾ, ബോധവത്കരണ പരിപാടികൾ തുടങ്ങി ബൃഹത്തായ പ്രോജക്ടാണ് നടത്തുക. എല്ലാ മാസവും പുരോഗതി വിലയിരുത്താൻ അവലോകന യോഗങ്ങളും ചേരും. വിദ്യാർത്ഥികളെ വോളണ്ടിയർമാരാക്കിയുള്ള സേഫ് ക്യാമ്പസ് പദ്ധതിയും കലണ്ടറിലുണ്ട്.