'ഇനിയും ചർച്ച വലിച്ചുനീട്ടുന്നത് സദുദ്ദേശ്യപരമല്ല'; തട്ടം വിവാദത്തിൽ എ.എ റഹീം
തട്ടം വിഷയത്തിൽ അഭിപ്രായം പറഞ്ഞത് ഡി.വൈ.എഫ്.ഐ നേതാവല്ല. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ പരാമർശത്തിൽ പാർട്ടി സെക്രട്ടറി വിശദീകരണം നൽകിയിട്ടുണ്ടെന്നും റഹീം പറഞ്ഞു.
തിരുവനന്തപുരം: തട്ടം വിവാദത്തിൽ ഇനിയും ചർച്ച വലിച്ചുനീട്ടുന്നത് സദുദ്ദേശ്യപരമല്ലെന്ന് ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷൻ എ.എ റഹീം. ഈ അഭിപ്രായം പറഞ്ഞത് ഡി.വൈ.എഫ്.ഐ നേതാവല്ല. സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ്. അതിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കൃത്യമായ വിശദീകരണം നൽകി. അത് പ്രസ്താവന നടത്തിയ ആൾ അംഗീകരിക്കുകയും ചെയ്തു. ഇനിയും ചർച്ച നീട്ടുന്നത് ദുരുദ്ദേശ്യപരമാണെന്നും റഹീം പറഞ്ഞു.
തട്ടമിടാൻ വന്നാൽ വേണ്ട എന്നു പറയാനുള്ള ധൈര്യം മലപ്പുറത്തെ പെൺകുട്ടികൾക്കുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടിയുടെ വരവോടെയാണെന്ന കെ. അനിൽകുമാറിന്റെ പ്രസ്താവനയാണ് വിവാദമായത്. എസ്സൻസ് വേദിയിലായിരുന്നു സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ അനിൽകുമാറിന്റെ പരാമർശം. ഇതിനെതിരെ മുസ്‌ലിം സംഘടനകളും ലീഗും പ്രതിഷേധമുയർത്തിയതോടെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വിശദീകരണവുമായി രംഗത്തെത്തിയത്. അനിൽകുമാർ പറഞ്ഞത് പാർട്ടി നിലപാടല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.