'കേരളത്തിലും സര്‍ക്കാരുണ്ടാക്കും': എ.എ.പി-ട്വന്‍റി20 സഖ്യം പ്രഖ്യാപിച്ച് കെജ്‍രിവാള്‍
'ജനക്ഷേമ സഖ്യം' എന്ന പേരിലാണ് മുന്നണി അറിയപ്പെടുക
കൊച്ചി: കേരളത്തിൽ ആം ആദ്മി പാർട്ടി – ട്വന്‍റി20 സഖ്യം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. 'ജനക്ഷേമ സഖ്യം' എന്ന പേരിലാണ് മുന്നണി അറിയപ്പെടുക. ഭാവിയിൽ കേരളത്തിലും സർക്കാരുണ്ടാക്കാൻ മുന്നണിക്കു കഴിയുമെന്ന് കെജ്‍രിവാൾ പറഞ്ഞു. കിഴക്കമ്പലത്തു പൊതുസമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
"10 വർഷം മുൻപ് ആം ആദ്മി പാർട്ടിയെയും എന്നെയും ആർക്കും അറിയില്ലായിരുന്നു. ഡല്‍ഹിക്ക് പിന്നാലെ പഞ്ചാബിലും ഭരണം പിടിച്ചു. കേരളത്തിലും വരേണ്ടേ ആം ആദ്മി പാര്‍ട്ടി? മൊബൈൽ കടയിൽ ടെക്നീഷ്യൻ ആയിരുന്ന ആളാണ് ഇന്ന് പഞ്ചാബിലെ മുഖ്യമന്ത്രി. ഡല്‍ഹിയില്‍ ഞങ്ങൾ അഴിമതി തുടച്ചുമാറ്റി. പണ്ട് ഡല്‍ഹിയില്‍ എങ്ങും ജനറേറ്റർ കടകൾ ആയിരുന്നു. വൈദ്യുതിക്കായി ജനറേറ്റർ ആയിരുന്നു ആശ്രയം. ഇന്ന് അവിടെ എല്ലാവർക്കും സൗജന്യമായി വൈദ്യുതി നൽകുന്നു. ഡല്‍ഹിയില്‍ ഇന്ന് ജനറേറ്റർ കടകൾ എല്ലാം പൂട്ടി.
ഡൽഹിയിൽ എന്തു കാര്യം നടക്കാനും കൈക്കൂലി നൽകണമായിരുന്നു. എന്നാൽ എ.എ.പി അധികാരത്തിൽ വന്നതോടെ ഡൽഹിയിൽ കൈക്കൂലി ഇല്ലാതാക്കി. ഒരു വർഷം കൊണ്ടാണ് എ.എ.പി ഡൽഹിയിൽ സർക്കാർ ഉണ്ടാക്കിയത്. ഇത് ദൈവത്തിന്റെ മാജിക്കാണ്. കേരളത്തിലും ഇത് സാധ്യമാകും. കേരളത്തിന് സൗജന്യ വൈദ്യുതി വേണ്ടേ? പണ്ട് ഡല്‍ഹിയില്‍ സർക്കാർ സ്‌കൂളുകളിൽ വിദ്യാർഥികൾ കുറവായിരുന്നു. ഇന്ന് ഡല്‍ഹിയില്‍ സർക്കാർ സ്‌കൂളുകൾ മികച്ച നിലയിലാണ്"- കെജ്‍രിവാള്‍ പറഞ്ഞു.
സാബു എം ജേക്കബിന്റെ പ്രവർത്തനത്തിൽ താൻ അതീവ സന്തുഷ്ടനാണെന്ന് കെജ്‍രിവാള്‍ പറഞ്ഞു. കേരളത്തിൽ ഒരുമിച്ച് പ്രവർത്തിക്കും. ആദ്യം ഡൽഹി, പിന്നെ പഞ്ചാബ്, ഇനി കേരളം. കേരളത്തിൽ ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചെന്നും കെജ്‍രിവാള്‍ പറഞ്ഞു. ജനക്ഷേമവും രാജ്യവികസനവുമാണ് എ.എ.പി – ട്വന്റി20 സഖ്യത്തിന്റെ ലക്ഷ്യമെന്ന് സമ്മേളനത്തിൽ സംസാരിച്ച സാബു ജേക്കബ് വ്യക്തമാക്കി. അതേസമയം തൃക്കാക്കരയില്‍ ഏതെങ്കിലും സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമോ എന്ന് ഇരു പാര്‍ട്ടികളും വ്യക്തമാക്കിയിട്ടില്ല.