''സംഘപരിവാർ ഫണം വിടർത്തുമ്പോഴൊക്കെ ഉണർന്നെഴുന്നേറ്റിരിക്കും.. ഇത് കേരളമാണ്'' നിയമസഭക്ക് അബ്ദുറബ്ബിന്‍റെ സല്യൂട്ട്

ബാബരി ധ്വംസനം നമ്മളൊരുമിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം നമ്മളൊരുമിച്ചിട്ടുണ്ട്. കാർഷിക നിയമങ്ങൾക്കെതിരെ നമ്മളൊരുമിച്ചിട്ടുണ്ട്. ലക്ഷദ്വീപ് ജനതക്കു വേണ്ടിയും നമ്മളൊരുമിച്ചിരിക്കുന്നു'' അബ്ദുറബ്ബ് കുറിച്ചു.

Update: 2021-05-31 07:32 GMT
Advertising

ലക്ഷദ്വീപ് വിഷയത്തില്‍ സര്‍ക്കാര്‍ പ്രമേയത്തെ അനുകൂലിച്ച പ്രതിപക്ഷ നടപടിയെ അഭിനന്ദിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ചിട്ടുണ്ടെന്നും ഇത് കേരളമാണെന്നും അബ്ദുറബ്ബ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അബ്ദുറബ്ബ് നിലപാട് വ്യക്തമാക്കിയത്. ''ബാബരി ധ്വംസനം നമ്മളൊരുമിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം നമ്മളൊരുമിച്ചിട്ടുണ്ട്. കാർഷിക നിയമങ്ങൾക്കെതിരെ നമ്മളൊരുമിച്ചിട്ടുണ്ട്. ലക്ഷദ്വീപ് ജനതക്കു വേണ്ടിയും നമ്മളൊരുമിച്ചിരിക്കുന്നു'' അബ്ദുറബ്ബ് കുറിച്ചു.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേലിനെ രൂക്ഷമായി വിമർശിച്ചുള്ളതാണ് പ്രമേയം. ജനജീവിതത്തെ തകർക്കുന്ന നടപടിയാണ് അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ദ്വീപ് ജനതക്ക് മേൽ കാവി അജണ്ടകളും കോർപറേറ്റ് താൽപര്യങ്ങളും അടിച്ചേൽപ്പിക്കുന്നുവെന്നും പ്രമേയത്തില്‍ വിമര്‍ശനമുണ്ട്. പ്രമേയം ഏകകണ്ഠേന നിയമസഭ പാസ്സാക്കി.

ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ പ്രമേയത്തോട് പൂർണമായും യോജിപ്പെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും സഭയില്‍ പറഞ്ഞു. ഇന്ത്യയിലാണ് കിരാത നിയമങ്ങൾ കൊണ്ട് വരുന്നത്. എന്തുമാകാം എന്ന ധിക്കാരമാണ്. സംഘപരിവാർ പരീക്ഷണശാലയായി ലക്ഷദ്വീപിനെ മാറ്റി. ഡ്രാക്കോണിയൻ നിയമം അറബിക്കടലിൽ എറിയണം. അഡ്മിനിസ്ട്രേറ്ററുടെ എല്ലാ ഉത്തരവുകളും റദ്ദാക്കണം. സംഘപരിവാർ രാഷ്ട്രീയത്തെ തുടക്കത്തിലേ തിരിച്ചറിയണം. പ്രമേയത്തോട് യോജിക്കുന്നുവെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി

ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതരീതി ഇല്ലാതാക്കുന്നുവെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. കാവി അജണ്ടകൾ അടിച്ചേൽപ്പിക്കുകയാണ്. തെങ്ങുകളിൽ കവി കളർ പൂശുന്നതുപോലുള്ള പരിഷ്കാരങ്ങളാണ് നടക്കുന്നത്. കുറ്റകൃത്യങ്ങൾ കുറവുള്ള ലക്ഷദ്വീപിൽ ഗുണ്ടാ ആക്ട് നടപ്പാക്കുന്നു. മത്സ്യബന്ധനത്തെ തകർക്കുന്നു. മത്സ്യതൊഴിലാളികളുടെ ജീവിത രീതി ഇല്ലാതാക്കാനാണ് ശ്രമം. ഗോവധ നിരോധനമെന്ന സംഘപരിവാർ അജണ്ട പിൻവാതിലിലൂടെ നടപ്പാക്കാൻ ശ്രമം.

ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേൽപ്പിക്കുകയാണ്. കേന്ദ്ര സർക്കാർ തങ്ങൾക്ക് താൽപര്യമുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നു. രണ്ട് കുട്ടികൾ കൂടുതലുള്ളവർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് തീരുമാനിക്കുന്നു. ഇത് വിചിത്രമായ നിയമമാണ്. ലക്ഷദ്വീപിന്‍റെ ആശങ്ക കേരളം പങ്ക് വെയ്ക്കുന്നു. സംഘപരിവാർ അജണ്ടയുടെ പരീക്ഷണശാലയായി ലക്ഷദ്വീപ് മാറി. അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

കുറിപ്പിന്‍റെ പൂര്‍ണ രൂപം

"ബാബരി ധ്വംസനം

നമ്മളൊരുമിച്ചിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമം

നമ്മളൊരുമിച്ചിട്ടുണ്ട്.

കാർഷിക നിയമങ്ങൾക്കെതിരെ

നമ്മളൊരുമിച്ചിട്ടുണ്ട്

ലക്ഷദ്വീപ് ജനതക്കു വേണ്ടിയും നമ്മളൊരുമിച്ചിരിക്കുന്നു.

സംഘപരിവാർ ഫണം വിടർത്തുമ്പോഴൊക്കെ ഉണർന്നെഴുന്നേറ്റിരിക്കും..

ഇത് കേരളമാണ്.

പാരമ്പര്യങ്ങളെ ഹൃദയത്തിലേറ്റി,

ലക്ഷദ്വീപ് ജനതയെ ചേർത്തു

പിടിച്ച.. കേരള നിയമസഭക്ക്

ബിഗ് സല്യൂട്ട്'' 

Tags:    

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News