'ഹക്കീം ഫൈസി മര്‍ക്കസ് പ്രിൻസിപ്പൽ പദവി ദുരുപയോഗം ചെയ്തു'; ആരോപണവുമായി സമസ്ത യുവനേതാവ് ഹമീദ് ഫൈസി
സി.ഐ.സി എന്ന പേരിൽ രൂപീകരിച്ച സ്വകാര്യ സംഘടനയ്ക്ക് ഈജിപ്തിലെ അൽഅസ്ഹർ യൂനിവേഴ്‌സിറ്റിയുടെ അഫിലിയേഷൻ വാങ്ങിയത് ചതിയാണെന്നും ഹമീദ് ഫൈസി കുറ്റപ്പെടുത്തി
കോഴിക്കോട്: സി.ഐ.സി വിവാദത്തിൽ ഹക്കീം ഫൈസി ആദൃശ്ശേരിക്കെതിരെ കൂടുതൽ ആരോപണവുമായി സമസ്ത യുവജന വിഭാഗം എസ്.വൈ.എസ് നേതാവ്. വാഫി മാതൃസ്ഥാപനമായ മർക്കസിൽ പ്രിൻസിപ്പലായിരിക്കെ ഹക്കീം ഫൈസി പദവി ദുരുപയോഗം ചെയ്‌തെന്ന് എസ്.വൈ.എസ് സംസ്ഥാന വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ആരോപിച്ചു. സി.ഐ.സി എന്ന പേരിൽ രൂപീകരിച്ച സ്വകാര്യ സംഘടനയ്ക്ക് ഈജിപ്തിലെ അൽഅസ്ഹർ യൂനിവേഴ്‌സിറ്റിയുടെ അഫിലിയേഷൻ വാങ്ങിയത് ചതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിശദമായ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹമീദ് ഫൈസി ഹക്കീം ഫൈസിക്കെതിരെ ആരോപണങ്ങൾ നിരത്തിയത്. പാണക്കാട് ഹൈദരി ശിഹാബ് തങ്ങൾ പറഞ്ഞത് അനുസരിക്കാതെ മുന്നോട്ടുപോയി. വാഫി സംവിധാനത്തിന് സമസ്തയുമായുള്ള ബന്ധം അറുത്ത് മാറ്റാൻ നീക്കം നടത്തി. മുജാഹിദ്, ജമാഅത്ത് തുടങ്ങിയവരുമായി അയഞ്ഞ സമീപനമാണ് ഹക്കീം ഫൈസിക്കുള്ളതെന്നും കുറിപ്പിൽ ആരോപണം തുടരുന്നു.
അബ്ദുൽ ഹമീദ് ഫൈസിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സി ഐ സി വിവാദം: 17 വസ്തുതകൾ
1) സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിൽ സ്ഥാപിതമായ വളാഞ്ചേരി മർകസുത്തർബിയത്തിൽ ഇസ്ലാമിയ്യയിലെ ഉസ്താദായി ഹക്കീം ഫൈസി നിയമിതനാകുന്നു. തുടർന്ന് 2000 ൽ ഇംഗ്ലീഷ് ഡിഗ്രിയും മതപഠനവും സമന്വയിച്ചുകൊണ്ടുള്ള പുതിയ ഒരു സിലബസ് നിലവിൽ വരുന്നു. ഈ കോഴ്‌സിൽ ആകൃഷ്ടരായി ഏതാനും കോളേജുകൾ ഇതേ സിലബസ് തങ്ങളുടെ കോളേജുകളിൽ നടപ്പാക്കാൻ താല്പര്യം കാണിക്കുകയും മർക്കസിന്റെ അനുമതിയോടെ നടപ്പാക്കുകയും ചെയ്യുന്നു. വിരലിലെണ്ണാവുന്ന ഈ കോളേജുകളെ സംഘടിപ്പിച്ച് ഹക്കീം ഫൈസിയുടെ നേതൃത്വത്തിൽ കോഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് (സി.ഐ.സി) എന്ന പേരിൽ കമ്മിറ്റി രൂപീകരിക്കുകയും സ്വകാര്യമായി രജിസ്റ്റർ നടത്തുകയും ചെയ്യുന്നു.
2) ബഹുമാനപ്പെട്ട ഫൈസിയും മർക്കസിലെ ചില അധ്യാപകരും പുറത്തുള്ള മറ്റു ചിലരും കൂടി മർക്കസ് കോളേജിനു വേണ്ടി തയ്യാറാക്കിയ സിലബസ് ഇതര കോളേജുകൾ പിന്തുടരുമ്പോൾ അവർക്ക് അഫിലിയേഷൻ നൽകേണ്ടത് മർക്കസ് അല്ലേ..?
അതിനുപകരം സി.ഐ.സി എന്ന സ്വകാര്യ സംഘടന അഫിലിയേഷൻ നൽകുന്നു. മാതൃസ്ഥാപനമായ മർക്കസിൽ പ്രിൻസിപ്പൽ ആയി ഹക്കീം ഫൈസി ഇരിക്കുമ്പോൾ ആ പദവി ദുരുപയോഗം ചെയ്ത് ഇങ്ങനെ ചെയ്തത് ശരിയായിരുന്നോ..?
3)ഈ രജിസ്‌ട്രേഷൻ വഴി മർക്കസിലെ ജീവനക്കാരനായ ഹക്കീം ഫൈസി ഒരു സുപ്രഭാതത്തിൽ മർക്കസിനെ തന്റെ നേതൃത്വത്തിലുള്ള സി.ഐ.സിക്ക് കീഴിലെ ഒരു ബ്രാഞ്ച് ആക്കി മാറ്റുന്നു..! ഇനിമുതൽ മർക്കസ് കോളേജിലെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സി.ഐ.സി സെക്രട്ടറിയായ ഹക്കീം ഫൈസിയോട് ചോദിച്ചിട്ട് വേണം നടപ്പാക്കാൻ. ഇതെന്തൊരു ക്രൂരതയാണ്..!? ശമ്പളം പറ്റുന്നതാകട്ടെ മർക്കസിൽ നിന്നും..! ഇത് നീതീകരിക്കാനാവുമോ..?
4) ഈ രജിസ്‌ട്രേഷന് മർകസ് കമ്മിറ്റിയോടോ സമസ്ത ജില്ലാ കമ്മിറ്റിയോടൊ ചോദിക്കുകയോ അനുവാദം നൽകുകയോ ചെയ്തിട്ടില്ല.
2004 ൽ നടത്തിയ രജിസ്‌ട്രേഷൻ വിവരം പുറത്തറിയുന്നത് 2007ൽ ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്‌സിറ്റിയോട് സ്ഥാപനം അഫിലിയേറ്റ് ചെയ്യാൻ വേണ്ടി ഹക്കീം ഫൈസി പ്രമുഖനായ മറ്റൊരാളെ കൂടെ കൂട്ടി ഈജിപ്തിൽ എത്തിയപ്പോഴാണ്. അപേക്ഷാഫോറം രണ്ടാമത് ടൈപ്പ് ചെയ്യുമ്പോഴാണ് കൂടെയുള്ളയാൾ ഇത് മനസ്സിലാക്കുന്നത്. മർകസിനല്ല അഫിലിയേഷൻ ആവശ്യപ്പെടുന്നത്..! സി.ഐ.സിയുടെ പേരിലാണ് അപേക്ഷ..! ഇത് ചതി എന്നല്ലെങ്കിൽ മറ്റെന്താണ് പറയുക..?
5) മർക്കസിന്റെ ചെലവിലാണ് ഈജിപ്ത് യാത്ര എന്നോർക്കുക. മതപരമായി ഇതിൻറെ സാധുത എന്താണ്..?
6) പിന്നീട് ഇക്കാര്യം മർക്കസ് കമ്മിറ്റി അറിഞ്ഞപ്പോൾ പ്രശ്‌നമാകുന്നു. പല ചർച്ചകളും പലപ്പോഴും നടന്നു. പല തീരുമാനങ്ങളും ഉണ്ടായി. പക്ഷേ, ഹക്കീം ഫൈസി തന്ത്രപരമായി ഒഴിഞ്ഞുമാറി. മർക്കസ് കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കാതെ മുന്നോട്ടു പോയപ്പോൾ ഹക്കീം ഫൈസിയെയും തന്റെ സഹപ്രവർത്തകരെയും വിളിച്ചുകൂട്ടി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മർക്കസ് ഭാരവാഹികൾ ഇപ്രകാരം തീരുമാനിച്ചു. 'മർക്കസിൽ നിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാർത്ഥികൾക്കും വിദ്യാർത്ഥിനികൾക്കും നൽകുന്ന സർട്ടിഫിക്കറ്റിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ' എന്ന് രേഖപ്പെടുത്തുക'. 24.10.13 ന് ഹക്കീം ഫൈസി ഉൾപ്പെടെ സി.ഐ.സി പ്രതിനിധികളും മർക്കസ് ഭാരവാഹികളും ഐക്യകണ്‌ഠേന എടുത്ത തീരുമാനം ഹക്കീം ഫൈസി നടപ്പാക്കിയില്ല. സി.ഐ.സിയുടെ കീഴിൽ എന്ന് തന്നെയാണ് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയത്. ബുദ്ധിയുള്ള നിഷ്പക്ഷമതികൾക്ക് കാര്യം വേഗം പിടികിട്ടും. തുടക്കം മുതൽ തന്നെ ഈ സംവിധാനം തന്റെ നിയന്ത്രണത്തിൽ കൊണ്ടുപോകാൻ ഹക്കീം ഫൈസി അതിവിദഗ്ധമായി ചരട് വലികൾ നടത്തിക്കൊണ്ടിരുന്നു. പാണക്കാട് തങ്ങളാണ് നേതൃത്വത്തിന്റെ നേതൃത്വം എന്ന് പറയുമ്പോൾ തങ്ങളുടെ നേതൃത്വം അംഗീകരിക്കേണ്ട ബാധ്യതയിൽ നിന്ന് ഹക്കീം ഫൈസി മാത്രം ഒഴിവാണോ ?
7) ഹക്കീം ഫൈസിയും മർക്കസ് കമ്മിറ്റിയും തമ്മിലുള്ള ഏറ്റുമുട്ടൽ പിന്നെയും തുടർന്നു. തന്റെ ചില ആജ്ഞാനുവർത്തികളെ സഹഭാരവാഹികളാക്കി സിഐസിയുടെ നേതൃത്വത്തിൽ നടത്തിയ ഈ ശീത സമരം തുടർന്നപ്പോൾ ഒരു ഘട്ടത്തിൽ മർകസ് പ്രസിഡണ്ട് ആയ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഹക്കീം ഫൈസിക്ക് വളരെ സീരിയസ് ആയി ഒരു കത്ത് കൊടുത്തു. ആ കത്തിലെ നമ്പർ 2 ഇപ്രകാരം:
'വാഫി, വഫിയ പ്രസ്ഥാനം മർക്കസിൽ നിന്നുണ്ടായതല്ലേ..? ആ കോഴ്‌സ് തേടി വരുന്നവർക്ക് മർക്കസ് ആണ് അംഗീകാരം നൽകേണ്ടത്. തേടി വരുന്നവരിൽ നിന്ന് ഏതാനും പേര് ചേർത്തുണ്ടാക്കിയ കമ്മിറ്റിയോ താങ്കളോ അല്ല. അതിനാൽ വാഫി വാഫിയ കോളേജുകളുടെ കേന്ദ്ര കമ്മിറ്റി മർക്കസ് കമ്മിറ്റിയാവണം. CIC അല്ല. (ദാറുൽഹുദാ, ജാമിയ ജൂനിയർ കോളേജുകൾ പോലെ)'
മുസ്ലിം കേരളത്തിൻറെ കണ്ണിലുണ്ണിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ രേഖാമൂലം നൽകിയ ഈ കത്ത് പോലും ഹക്കീം ഫൈസി നിഷ്‌കരുണം തള്ളിക്കളയുകയാണ് ചെയ്തത്. ഈ നിമിഷം വരെ തങ്ങളുടെ നിർദ്ദേശം ഇദ്ദേഹം നടപ്പാക്കിയിട്ടില്ല. ഇതെത്രമാത്രം ഗുരുതരമാണ്..!?
വന്ദ്യരായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ഹക്കീം ഫൈസി കൂടി ഒപ്പുവെച്ചെടുത്ത തീരുമാനം ലംഘിച്ചതിനെ ചോദ്യം ചെയ്തു കൊണ്ട് തങ്ങൾ ഹക്കീം ഫൈസിക്ക് 10-01-18 ന് എഴുതിയത് നോക്കൂ:
' മാന്യരെ തദ് കോളേജിൽ (മർകസ്) നിന്ന് നൽകുന്ന ബിരുദത്തിന്റെ ഹെഡ്ഡിങ്ങിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ എന്ന് ഉണ്ടാവണമെന്ന് നാം ഏകകണ്ഠമായി എടുത്ത തീരുമാനമാണ്. എന്നാൽ ആഗസ്റ്റ് 6/2017 ൽ മർക്കസിൽ വച്ച് നൽകിയ സർട്ടിഫിക്കറ്റുകളിൽ ഇത് ചേർത്തു കണ്ടില്ല. എന്തുകൊണ്ട്..?'
വന്ദ്യരായ തങ്ങളുടെ അവസാന നിമിഷം വരെ തങ്ങൾ പറഞ്ഞത് അനുസരിക്കാതെ മുന്നോട്ടുപോയ ഫൈസിയുടെ നിലപാടിൽ വന്ദ്യരായ തങ്ങൾ എത്രമാത്രം വേദനിച്ചിട്ടുണ്ടാകും..?
9) വാഫി സിലബസ് പൂർത്തിയാക്കിയ ശേഷം അവസാനം രണ്ടുവർഷം പട്ടിക്കാട് ജാമിയ നൂരിയയിൽ പഠിച്ച് ഫൈസിയായി പുറത്തുവരുന്ന വിധമാണ് മർക്കസ് കോഴ്‌സ് തയ്യാറാക്കിയിരിക്കുന്നത്. ഇപ്രകാരം ആദ്യകാലത്തെ വാഫികൾ ഫൈസിമാരായാണ് പുറത്തിറങ്ങിയത്. എന്നാൽ ഫൈസി അവിടെയും കൈവച്ചു. താൻ നേതൃത്വം നൽകുന്ന സി.ഐ.സി കുട്ടികളെ ഫൈസി ആക്കുന്നത് അവസാനിപ്പിക്കാനും നേരിട്ട് വാഫി ബിരുദം നൽകാനും തീരുമാനിക്കുകയായിരുന്നു. സമസ്തയുമായുള്ള ബന്ധം അറുത്ത് മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നില്ലേ ഇത്..?
10) സി.ഐ.സിയുടെ ഭരണഘടനയിൽ തുടക്കത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് അധികാരവും അവകാശവും ഉണ്ടായിരുന്നു. ആ അധികാരം പിന്നീട് എടുത്തു കളഞ്ഞു. ഭരണഘടനയുടെ പ്രധാനഭാഗം ഉദ്ദേശ്യലക്ഷ്യങ്ങൾ ആണല്ലോ. ആദ്യ ഭരണഘടനയിൽ ഉണ്ടായിരുന്നത് ഇങ്ങിനെ:
' ഇപ്പോൾ കോഴിക്കോട് ഫ്രാൻസിസ് റോഡിലെ ഓഫീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വീക്ഷണവും ഉപദേശനിർദേശങ്ങളും അനുസരിച്ച് പ്രവർത്തിക്കുന്ന ഉന്നത ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക് പ്രവർത്തനങ്ങളും പാഠ്യപദ്ധതികളും സർവ്വകലാശാല മാതൃകയിൽ കാലോചിതമായി പരിഷ്‌കരിക്കുക, ഏകീകരിക്കുക, പുതിയ പാഠ്യപദ്ധതികൾ ആവിഷ്‌കരിക്കുക'(5 A )
പുതിയ ഭരണഘടന ഇപ്രകാരം:
' ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളും സർവ്വകലാശാലകളും സ്ഥാപിച്ചു നടത്തുക; ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ അഫിലിയേറ്റ് ചെയ്ത് അവയുടെ അക്കാദമിക് പ്രവർത്തനങ്ങളും പാഠ്യപദ്ധതികളും കാലോചിതമായി പരിഷ്‌കരിച്ച് ഭൗതികവിദ്യകളോട് സമന്വയിച്ചും അല്ലാതെയും നടപ്പാക്കുക....'(5 A)
പഴയ ഭരണഘടനയും പുതിയ ഭരണഘടനയും തമ്മിലുള്ള അന്തരം നോക്കൂ. സമസ്തയുമായി ബന്ധപ്പെട്ട ഭാഗം പൂർണമായും നീക്കം ചെയ്തു. പുതിയ ഭരണഘടന അനുസരിച്ച് സമസ്തയുടെ ഈ സ്ഥാപനങ്ങളിൽ ഇടപെടാൻ സമസ്തക്ക് യാതൊരു അധികാരവുമില്ല. ഇത് നീതിയാണോ..?.
11. സി.ഐ.സിയുടെ ഉപദേശക സമിതിയിൽ മൂന്ന് അംഗങ്ങളാണ് പഴയ ഭരണഘടനയിൽ ഉണ്ടായിരുന്നത്. സമസ്ത പ്രസിഡണ്ട്, ജാമിഅ നൂരിയ പ്രസിഡണ്ട്, ഒരു വിദ്യാഭ്യാസ വിചക്ഷണൻ എന്നിവരാണ് അവർ. (7A)
പുതിയ ഭരണഘടനയിൽ സമസ്തയുടെ പ്രസിഡണ്ട് എന്നതിന് പകരം 'സമസ്ത മുശാവറയുടെ ഒരു പ്രതിനിധി' എന്നാക്കി മാറ്റി. ആ പ്രതിനിധിയെ തെരഞ്ഞെടുക്കേണ്ടത് മുശാവറ അല്ല. പ്രത്യുത സി.ഐ.സിയാണ്. ജാമിഅയുടെ പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖ് ശിഹാബ് തങ്ങളെ മാറ്റിയതിന് പകരം ആരെന്ന് പുതിയ ഭരണഘടനയിൽ പറയുന്നുമില്ല. (7A)
സമസ്ത പ്രസിഡണ്ട് ജിഫ്രി തങ്ങളെ അഡൈ്വസറി ബോർഡിൽ നിന്ന് നീക്കം ചെയ്തു എന്ന പരാതി ഉയർന്നപ്പോൾ ഒരു ഊഴവും കൂടി തങ്ങൾക്ക് തന്നെ നൽകാൻ 12.2.2022 ന് ചേർന്ന സി.ഐ.സി യോഗം തീരുമാനിച്ചിരിക്കുന്നു. അടുത്ത ഊഴം മുശാവറ മെമ്പർമാരിൽ ആർക്കാണാവോ കിട്ടുക..? ഇതൊക്കെ നമ്മുടെ നേതൃത്വത്തെ പച്ചയായി അവമതിക്കലല്ലേ..?
12. സ്ഥാപനങ്ങൾ പൂർണ്ണമായും തന്റെ നിയന്ത്രണത്തിൽ കൊണ്ടുവരുന്ന വിധം അദ്ദേഹം എല്ലാ ക്രമീകരണങ്ങളും ക്രമേണ പൂർത്തിയാക്കി. ഫൈസി 27.6 .2022ന് സമസ്തക്ക് നൽകിയ കത്തിൽ പറയുന്നത് 'സി.ഐ.സിക്ക് സമസ്തയുമായി ആദർശബന്ധം മാത്രമേ ഉള്ളൂവെന്നും സംഘടനാപരമായ യാതൊരു ബന്ധവും ഇല്ലെന്നാണ്. ആ വാക്കുകൾ ഇങ്ങനെ:
'സി.ഐ.സി ഒരു രജിസ്‌ട്രേഡ് സൊസൈറ്റി ആണ്. അതിൻറെ പരമാധികാരം അതിന്റെ ജനറൽബോഡിയിൽ നിക്ഷിപ്തമാണ്. സി.ഐ.സിക്ക് ഒരു സൊസൈറ്റി എന്ന നിലക്ക് സമസ്തയോട് ആദർശ ബന്ധമാണുള്ളത്. 'നേരത്തെ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞിരുന്ന ഇക്കാര്യം കഴിഞ്ഞദിവസം ചാനൽ അഭിമുഖത്തിൽ ഹക്കീം ഫൈസി വെട്ടി തുറന്നു പറയുന്നത് നോക്കൂ: 'സമസ്തയുമായി ജനറൽബോഡിയുടെ കാര്യത്തിൽ ഒരു ചർച്ചയും ഇല്ല. സമസ്തയുമായി കൂടിയാലോചിക്കേണ്ട ആവശ്യവുമില്ല. സമസ്തക്കാർക്ക് ഇതിൽ ഇടപെടാൻ യാതൊരു അവകാശവുമില്ല.'
(മീഡിയവൺ ഫെ. 22)
ആദ്യപടി താൻ അധ്യാപകനായി ജോലി ചെയ്യുന്ന മർക്കസിനെ തന്റെ കീഴിലാക്കി. പിന്നീട് മറ്റു സ്ഥാപനങ്ങളെയും. ഒറിജിനൽ ഉടമകളെ ഹക്കീം ഫൈസി വിദഗ്ധമായി പുറത്താക്കി. സമസ്തയെ മാറ്റിനിർത്തി കൊണ്ടുള്ള ഈ പോക്ക് അനുവദിക്കാനാവുമോ..?
13) ബഹു: സി.ഐ.സി പ്രസിഡണ്ട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടത് പോലും ചട്ടപ്രകാരം അല്ലെന്ന് ചാനലുകൾക്ക് മുന്നിൽ അദ്ദേഹം തുറന്നടിക്കുന്നു. സാമാന്യരീതി അനുസരിച്ച് പ്രസിഡണ്ട് പാണക്കാട് തങ്ങൾ രാജി ആവശ്യപ്പെട്ടാൽ അത് നൽകുകയല്ലേ വേണ്ടത്. രാജി ജനറൽ ബോഡിയിൽ വെക്കണോ എന്ന കാര്യം ചിന്തിക്കാനുള്ള കാര്യശേഷി തങ്ങൾക്കുണ്ടല്ലോ... ഫൈസി പറയുന്നത് നോക്കൂ.
'ഞാൻ രാജി കൊടുക്കേണ്ടത് സാദിഖ് അലി ശിഹാബ് തങ്ങൾക്കല്ല. അഥവാ സംഘത്തിന്റെ പ്രസിഡന്റിന് അല്ല. ജനറൽബോഡിയോടാണ് പ്രസിഡണ്ടും സെക്രട്ടറിയും എല്ലാം കടപ്പെട്ടിരിക്കുന്നത്. സാദിഖ് അലി തങ്ങളോടുള്ള 'ബഹുമാനം' കൊണ്ട് മാത്രമാണ് അദ്ദേഹത്തിന് ഞാൻ രാജി കൊടുത്തത്'( മീഡിയവൺ. 22-2-23)
ഇതേ ആശയം രാജിക്കത്തിലും എഴുതിയിട്ടുണ്ട്. തങ്ങൾ രാജി ചോദിച്ച് വാങ്ങിയാലും ഞാൻ പുറത്തു പോവില്ല. ജനറൽബോഡിയിലൂടെ ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ടെന്ന പരോക്ഷമായ വാദമല്ലേ ഇദ്ദേഹം ഉന്നയിക്കുന്നത്..?
14) സംഘടനാപരവും ആദർശപരവുമായ കാരണങ്ങളാൽ സമസ്ത നീക്കം ചെയ്ത ഹക്കീം ഫൈസി സി ഐ സി സ്ഥാനത്തുനിന്ന് സ്വയം ഒഴിഞ്ഞു പോകൽ ആണല്ലോ സാമാന്യമായ നടപ്പുരീതി. അതുണ്ടായില്ല. രാജിവെക്കേണ്ടിവരും എന്ന അവസ്ഥ വന്നപ്പോൾ പാവം കുട്ടികളെ കൊണ്ട് ഒപ്പ് ശേഖരണവും പഠിപ്പു മുടക്കും ചാനൽ അഭിമുഖവും മറ്റു സമരമുറകളും എല്ലാം നടത്തിക്കുന്നത് നമുക്ക് യോജിച്ചതാണോ..?
15) സുന്നി ആദർശത്തിനെതിരെ എന്താണ് ഹക്കീം ഫൈസി ചെയ്തതെന്ന് ചിലർ ചോദിക്കുന്നുണ്ട്. ചില ഉദാഹരണങ്ങൾ പറയാം.
രാഷ്ട്രീയത്തെക്കുറിച്ച് ഇസ്ലാമിക കാഴ്ചപ്പാട് ഇങ്ങനെയാണ്. രാഷ്ട്രീയം ഇസ്ലാമിൻറെ ഭാഗമാണ്. എന്നാൽ, അവിഭാജ്യ ഘടകമല്ല. രാഷ്ട്രീയമില്ലെങ്കിലും ഇസ്ലാം പൂർണമാകും. നാല് ഖലീഫമാർ മുതൽ ഇസ്ലാമിക ഭരണാധികാരികൾ രാഷ്ട്രീയവും ഇസ്ലാമും ഒരുമിച്ച് കൊണ്ടുപോയി. എന്നാൽ, ഭരണമില്ലാതെ തന്നെ യഥാർത്ഥ മുസ്ലിംകളായി ലോകത്ത് എത്രയോ മുസ്ലിംകൾ വിവിധ രാജ്യങ്ങളിൽ ജീവിച്ച് മരിച്ചു പോയിട്ടുണ്ട്.
ഉദാഹരണം ഇന്ത്യൻ മുസ്ലിംകൾ തന്നെ. അവർ പൂർണ്ണ മുസ്ലിംകൾ അല്ലെന്ന് പറയാൻ കഴിയില്ലല്ലോ. അതേസമയം ബ്രദർഹുഡും ജമാഅത്തെ ഇസ്ലാമിയും എല്ലാം പറയുന്നത് രാഷ്ട്രീയം ഇസ്ലാമിൻറെ അവിഭാജ്യ ഘടകമാണെന്നാണ്. ഇതേ ആശയമാണ് ഹക്കീം ഫൈസി പ്രചരിപ്പിക്കുന്നത്.
മുജാഹിദ്, ജമാഅത്ത് തുടങ്ങിയ മതനവീകരണ വാദികൾ യഥാർത്ഥ ഇസ്ലാമിൽ നിന്ന് വ്യതിയാനം സംഭവിച്ചവരാണ് എന്നാണ് സുന്നി വീക്ഷണം. സമസ്ത ഈ വിഷയത്തിൽ കർക്കശമായ നിലപാടാണ് സ്വീകരിച്ചത്. ഈ വിഷയത്തിൽ അയഞ്ഞ സമീപനമാണ് ഹക്കീം ഫൈസിക്കുള്ളത്. അത് ശാഖാപരമായ ഭിന്നതയായി അവഗണിക്കുന്ന സമീപനമാണ്.
ഈ രണ്ട് അടിസ്ഥാന നിലപാടുകളെ തുടർന്നാകാം സമസ്തയുടെ നയനിലപാടുകൾക്കും ആദർശത്തിനും എതിരായ ചിതറിയ ചിന്തകൾ പലപ്പോഴും അദ്ദേഹം ക്ലാസുകളിലും അസംബ്ലികളിലും സെമിനാറുകളിലും അവതരിപ്പിച്ചിട്ടുണ്ട്. (വ്യക്തമായ തെളിവുകൾ ലഭ്യമാണ്)
16) മുജാഹിദ്, ജമാഅത്ത് തുടങ്ങിയ മത നവീകരണ വാദികളുടെ പരിപാടികളിൽ പങ്കെടുക്കരുതെന്നത് സമസ്തയുടെ പ്രഖ്യാപിത നിലപാടാണ്. ഹക്കീം ഫൈസിയുടേത് ഇതിന് നേരെ കടകവിരുദ്ധമായ നിലപാടാണ്. ഈ നിലപാട് തന്റെ മനസ്സിൽ കാത്തുസൂക്ഷിക്കുക മാത്രമല്ല, ശിഷ്യന്മാരിലൂടെ പ്രാവർത്തികമാക്കുകയും ചെയ്യുന്നു. സമസ്തക്ക് ഇതെങ്ങനെ ഉൾക്കൊള്ളാൻ കഴിയും..?
17) സമസ്തയുടെ ആശയങ്ങളോടുള്ള വിയോജിപ്പ് മാത്രമല്ല, സമസ്തയുടെ സംഘടന സംവിധാനത്തെയും സമസ്തയുടെ സമുന്നതരായ പണ്ഡിതന്മാരെയും പ്രത്യക്ഷമായും പരോക്ഷമായും ക്ലാസുകളിൽ വെച്ചും മറ്റും കുറ്റപ്പെടുത്തിയും വിലകുറച്ചും സംസാരിക്കുക സ്ഥിരം ശൈലിയാണ്. അദ്ദേഹത്തിൻറെ ശിഷ്യന്മാരിൽ വലിയൊരു വിഭാഗം സമസ്ത വിരുദ്ധരാകാൻ വേറെ കാരണം തേടി പോകേണ്ടതില്ലല്ലോ..? തെളിവുകൾ ധാരാളം.
മുകളിൽ എഴുതിയ കാര്യങ്ങളിൽ ഏതെങ്കിലും വാസ്തവ വിരുദ്ധമാണന്ന് തെളിവുണ്ടങ്കിൽ അത് നൽകുന്ന പക്ഷം തിരുത്തുന്നതാണ്.
Summary: Samastha youth leader and SYS state working secretary Abdul Hameed Faizy Ambalakadavu accused Abdul Hakeem Faizy Adrisseri of misusing his position while he was the principal of Valanchery Markaz, the parent institution of WAFY CIC