ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട പുകമറകള്‍ മാറണം: അബ്ദുല്‍ ഹകീം അസ്ഹരി

'മുഖ്യമന്ത്രിയുടെ തീരുമാനം ഗുണകരമാവുമെന്ന് പ്രതീക്ഷ'

Update: 2021-05-22 04:09 GMT
Advertising

ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് സുന്നി യുവജനസംഘം ജനറല്‍ സെക്രട്ടറി ഡോ.മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി. മന്ത്രിസഭാ രൂപീകരണത്തിൽ ചില പ്രത്യേക സാമൂഹ്യ വിഭാഗങ്ങളിൽ നിന്നുള്ളവരെ ചില പ്രത്യേക വകുപ്പുകളിലേക്ക് മാത്രം പരിഗണിക്കുന്ന ഒരു പ്രവണത കാലങ്ങളായുണ്ട്. അതിൽ നിന്നും വ്യത്യസ്തമായ ചില നീക്കങ്ങൾക്ക് ഈ സർക്കാർ തയ്യാറായി. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറെ വർഷങ്ങളായി നിലനിൽക്കുന്ന തെറ്റിദ്ധാരണകളും പുകമറകളും മാറ്റാന്‍ ഇത് സഹായിക്കുമെങ്കിൽ, അതിന്റെ വലിയ ഗുണഭോക്താക്കൾ കേരളത്തിലെ മുസ്‌ലിംകൾ ആയിരിക്കും. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ തീർക്കാനും വിശദീകരണങ്ങൾ നൽകാനും വേണ്ടി മുസ്‌ലിം സമുദായം ചെലവിട്ടു പോരുന്ന വലിയ സമയവും ഊർജവും മറ്റു മേഖലകളിലേക്ക് മാറ്റാനും കഴിയുമെന്ന് അസ്ഹരി ഫേസ് ബുക്കില്‍ കുറിച്ചു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

മന്ത്രിസഭാ രൂപീകരണത്തിൽ ചില പ്രത്യേക സാമൂഹ്യ വിഭാഗങ്ങളിൽ നിന്നുള്ളവരെ ചില പ്രത്യേക വകുപ്പുകളിലേക്ക് മാത്രം പരിഗണിക്കുന്ന ഒരു പ്രവണത കാലങ്ങളായി കണ്ടുവരാറുണ്ട്. അതിൽ നിന്നും വ്യത്യസ്തമായ ചില നീക്കങ്ങൾക്ക് ഈ സർക്കാർ തയ്യാറാവുകയും വിവിധ സാമൂഹിക വിഭാഗങ്ങളിൽ നിന്നുള്ളവർക്ക്, പൊതു എന്നു കരുതപ്പെടുന്ന പോർട്ട് ഫോളിയോകൾ കൊടുത്തു എന്നതും നല്ല കാര്യമാണ്. ഈ അർഥത്തിൽ കൂടിയാണ്, പുതിയ മന്ത്രിസഭയിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കൈകാര്യം ചെയ്യാൻ എടുത്ത തീരുമാനത്തെ കാണുന്നത്.

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറെ വർഷങ്ങളായി നിലനിൽക്കുന്ന തെറ്റിദ്ധാരണകളും പുകമറകളും മാറ്റാനും, അവയെ അടിസ്ഥാനമാക്കി ശക്തിപ്പെടാൻ ശ്രമിക്കുന്ന ധ്രുവീകരണ രാഷ്ട്രീയത്തെ ദുർബലപ്പെടുത്താനും ഇത് സഹായിക്കുമെങ്കിൽ, അതിന്റെ വലിയ ഗുണഭോക്താക്കൾ കേരളത്തിലെ മുസ്‌ലിംകൾ ആയിരിക്കും എന്നതിൽ സംശയമില്ല. മാത്രവുമല്ല, ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ തീർക്കാനും വിശദീകരണങ്ങൾ നൽകാനും വേണ്ടി മുസ്‌ലിം സമുദായം കാലങ്ങളോളമായി ചെലവിട്ടു പോരുന്ന വലിയ സമയവും ഊർജ്ജവും മറ്റു മേഖലകളിലേക്ക് മാറ്റാനും കഴിയും. സാങ്കേതിക കാരണങ്ങൾ കൊണ്ട് ഇതുപോലുള്ള വകുപ്പുകളുടെ പദ്ധതി നിർവഹണ കാര്യത്തിൽ പലപ്പോഴും നേരിടാറുള്ള കാലതാമസം ഒഴിവാക്കാനും കൂടുതൽ എഫിഷൻസി കൊണ്ടുവരാനും ഇതു സഹായിക്കും എന്നാണ് എന്റെ അനുഭവവും പ്രതീക്ഷയും. ആ അർഥത്തിൽ വലിയ പ്രതീക്ഷയോടെയാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തെ കാണുന്നത്.

പ്രാതിനിധ്യത്തെ കേവലം സാങ്കേതിക അർഥത്തിൽ മാത്രമാണോ കാണേണ്ടത് എന്ന വിശാലമായ ഒരു ചോദ്യത്തിലേക്ക് കൂടി ഇപ്പൊൾ നടക്കുന്ന ചർച്ചകളെ വിവിധ സമുദായങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്. ദളിത് സമുദായത്തിൽ നിന്നുള്ള ഒരു മന്ത്രിക്ക് കൈകാര്യം ചെയ്യാൻ വേണ്ടി പിന്നോക്ക സമുദായ ക്ഷേമ വകുപ്പ് മാറ്റിവെക്കണോ എന്ന ചോദ്യം പലരും ഉന്നയിക്കുകയുണ്ടായി. പ്രതിനിധാനത്തെ കുറിച്ചുള്ള ചില മൗലികമായ ചിന്തകൾ ആ ചോദ്യങ്ങളിൽ ഉണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കേവലാർഥത്തിൽ ഉള്ള പ്രാതിനിധ്യം കൊണ്ട് മാത്രം നീതിപൂർണ്ണമായ പങ്കാളിത്തം അതതു സാമൂഹ്യ വിഭാഗങ്ങൾക്ക് ഉറപ്പു വരുത്താൻ പര്യാപ്തമല്ല എന്നതും ഇതോടു കൂട്ടി വായിക്കേണ്ടതാണ്. മുസ്‌ലിം സമുദായത്തെ മുൻ നിർത്തിയും അത്തരം പുനരാലോചനകൾക്കുള്ള സാധ്യതകൾ തുറന്നു വെക്കുന്നതാണ് പിണറായി വിജയന്റെ തീരുമാനം.

മന്ത്രിസഭാ രൂപീകരണത്തിൽ ചില പ്രത്യേക സാമൂഹ്യ വിഭാഗങ്ങളിൽ നിന്നുള്ളവരെ ചില പ്രത്യേക വകുപ്പുകളിലേക്ക് മാത്രം പരിഗണിക്കുന്ന...

Posted by ‎Dr. Muhammed Abdul Hakkim Al-Kandi د. محمد عبد الحكيم الكاندي‎ on Friday, May 21, 2021

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News